ശങ്കർ ഒരു പാവമാണെന്ന് കരുതി, പക്ഷെ യഥാർത്ഥ സ്വഭാവം; അനുഭവം പങ്കുവെച്ച് ശാന്തിവിള ദിനേശ്
നടൻ ശങ്കറിന്റെ കരിയറിലുണ്ടായ വീഴ്ച സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാകാറുണ്ട്. ഒരു കാലത്ത് റൊമാന്റിക് ഹീറോയായിരുന്നു ശങ്കർ. പിന്നീട് തുടരെ പരാജയങ്ങൾ ശങ്കറിന് വന്നു. താരമൂല്യം നഷ്ടമായി. ശങ്കറിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശങ്കറിനെക്കുറിച്ച് തനിക്ക് നല്ല അഭിപ്രായമല്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ അനുഭവവും ഇദ്ദേഹം പങ്കുവെച്ചു.
ശങ്കർ ഒരു നാട്ടിൻപുറത്തുകാരന്റെ നെെർമല്യവും ശരാശരി ഒരു പാവത്താനും ആയിരിക്കും എന്ന് ധരിച്ച ഇന്റർനാഷണൽ മഠയനാണ് ഞാനെന്ന് ഒളിച്ച് വെക്കുന്നില്ല. അനുഭവത്തിൽ നിന്നും ഞാനൊരു മഠയനായിരുന്നെന്ന് മനസിലാക്കി. ചിലർ ചെയ്ത് വിജയിപ്പിക്കുന്ന കഥാപാത്രം പോലെയായിരിക്കും അവർ സ്വകാര്യ ജീവിതത്തിലുമെന്ന് നമ്മൾ വിശ്വസിക്കും. യഥാർത്ഥത്തിൽ നേർവിപരീതമായിരിക്കും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ശങ്കർ എന്ന ശങ്കർ പണിക്കർ.

സിനിമയ്ക്ക് വേണ്ട സാധനങ്ങൾ വാടയ്ക്ക് കൊടുക്കുന്ന ഒരു സ്ഥാപനം തിരുവനന്തപുരത്തുണ്ട്. എന്റെ സുഹൃത്തായ സുരേഷ് ആണ് ഉടമ. തിരുവനന്തപുരത്ത് തകരപ്പറമ്പിൽ ഒരു നാല് നില ലോഡ്ജുണ്ടായിരുന്നു. വൃന്ദാവൻ ടൂറിസ്റ്റ് ഹോം എന്നായിരുന്നു പേര്. അച്ഛൻ പണിത വൃന്ദാവൻ നോക്കി നടത്തിയിരുന്നത് മകൻ സുരേഷായിരുന്നു.
സിനിമാക്കാരുടെ വാസ സ്ഥലമായിരുന്നു സുരേഷിന്റെ സ്ഥാപനം. അതിലൊരാളായാണ് ശങ്കറിനെ ഞാൻ കണ്ടിട്ടുള്ളത്. കിടപ്പ് മുറിയിൽ എപ്പോഴും ശങ്കർ അടച്ചിട്ടിരിക്കും. ആരുമായും അങ്ങനെ ഇടപഴകില്ല. ശങ്കറിന്റെ ശിഷ്യനായി അവിടെ വന്ന് കൂടിയ ഋഷികേശ് സ്വതന്ത സംവിധായകനാകുന്നു. ശങ്കറും സിനി പ്രോപ്സിന്റെ സുരേഷും കോട്ടയത്തുള്ള മോഹനനും ചേർന്നാണ് ഋഷികേശിന്റെ സിനിമ നിർമിക്കുന്നത്.

സുരേഷിന്റെ തിരക്കഥയും ഗാനങ്ങഴും. സൂര്യവനം എന്നായിരുന്നു പടത്തിന്റെ പേര്. ഗുഡ് നെെറ്റ് മോഹനന്റെ സ്റ്റെെലിലായിരുന്നു അന്ന് ശങ്കർ നടന്നത്. പടം പ്രൊഡ്യൂസ് ചെയ്യാൻ പോകുന്നെന്ന ജാഡയിൽ. ആ പ്രൊജക്ടിൽ ഞാൻ പിആർഒ ആയി. അക്കാലത്ത് വലിയൊരു ഗ്യാപ്പിൽ നിൽക്കുകയാണ് ശങ്കർ. ശങ്കറിനെക്കുറിച്ച് ഞാൻ തുടരെ വാർത്ത നൽകി. നന്ദിയില്ലെങ്കിലും സ്നേഹ പ്രകടനമെങ്കിലും പ്രതീക്ഷിച്ചു. പക്ഷെ ഒന്നും ഉണ്ടായില്ല.
അയാൾ സ്വപ്ന ലോകത്തെ ബാലഭാസ്കറിനെ പോലെ വേറെ ലോകത്താണ്. സൂര്യവനത്തിലെ എല്ലാത്തിലും ശങ്കർ കെെ കടത്തി. നിസഹായനായ ഋഷികേശ് നിൽക്കുന്നു. ശങ്കരണ്ണാ എന്നാണവൻ വിളിക്കുക. സിനിമയുടെ അസോസിയേറ്റ് സംവിധായകനായി ഞാൻ മാറി. പഞ്ച് ഡയലോഗുകൾ തനിക്ക് വേണമെന്ന് ശങ്കർ ഋഷികേശിനോട് ആവശ്യപ്പെടും. ഫെെറ്റ് എടുക്കുമ്പോഴും ഇത് തന്നെ സ്ഥിതി. ക്യാപ്റ്റൻ രാജുവോ അബു സലിമോ നല്ലൊരു പഞ്ചിട്ടാൽ ശങ്കർ ഋഷികേശിനെ വിളിച്ച് ആ പഞ്ച് വേണമെന്ന് പറയും. ശങ്കറിന് എണീക്കാൻ മൂന്ന് ഡ്യൂപ്പ് വേണം. സഹികെട്ട് ഋഷികേശ് ശങ്കറിനോട് കുറച്ച് തറുതല പറയാൻ തുടങ്ങി. ഒരിക്കലും ശങ്കർ അത് പ്രതീക്ഷിച്ചതല്ല.
ഇതിനിടെ ഋഷികേശ് എന്റെ റൂമിലേക്ക് പൊറുതി മാറ്റി. തന്റെ സങ്കടങ്ങൾ എന്നോട് പറഞ്ഞു. ഞാൻ ഋഷികേശിന്റെ രക്ഷകനായി. ശങ്കർ എന്തെങ്കിലും നിർദ്ദേശം പറഞ്ഞാൽ ഞാനത് തള്ളിക്കളയും. ഋഷി അഭിപ്രായം പറയില്ല. ഇതിനിടെ സിനിമയ്ക്ക് സാമ്പത്തിക പ്രതിസന്ധി വന്നു. അപ്പോഴും ശങ്കറതൊന്നും കാര്യമാക്കിയില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











