സുഹൃത്ത് മരിച്ചപ്പോൾ ഭാര്യയെയും മകളെയും ഏറ്റെടുത്തതാണ്, കൊല്ലം തുളസി ആ പോയിന്റ് പറഞ്ഞില്ല: ശാന്തിവിള ദിനേശ്
തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പലപ്പോഴും നടൻ കൊല്ലം തുളസി സംസാരിച്ചിട്ടുണ്ട്. താൻ കാൻസർ ബാധിതനായ കാലത്ത് ഭാര്യയും മകളും ഉപേക്ഷിച്ച് പോയതിന്റെ വിഷമവും അമർഷവും അഭിമുഖങ്ങളിൽ കൊല്ലം തുളസി പങ്കുവെക്കാറുണ്ട്. നടനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമയുടെ പള പളപ്പിൽ ഉണ്ടായിരുന്ന ഉദ്യോഗം വലിച്ചെറിഞ്ഞ് ഒടുവിൽ ജീവിക്കാൻ ഗത്യന്തരമില്ലാതെ പോയ പലരെയും എനിക്കറിയാം. പക്ഷെ തുളസി ചേട്ടൻ അത്തരമൊരു മണ്ടത്തരം കാണിച്ചില്ല. സിനിമയിൽ നല്ല തിരക്കുണ്ടായിരുന്നപ്പോഴും ലീവെടുത്താണ് അഭിനയിച്ചത്. അതുകൊണ്ട് ജീവിത സായാഹ്നത്തിൽ ആരുടെ മുന്നിലും കെെ നീട്ടേണ്ട ഗതികേട് വന്നില്ല.

സിനിമയിൽ നിന്നും മോശമല്ലാതെ സമ്പാദിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് റെയിൽവേസ്റ്റേഷനടുത്ത് മോശമല്ലാത്ത നല്ല വീടും സ്വന്തമായുണ്ട്. പക്ഷെ അദ്ദേഹത്തിന് ഒരു പറ്റ് പറ്റി. ഓമനിച്ച് വളർത്തിയ മകൾ പോലും പിണക്കം കാണിച്ച കാലത്ത് പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടി എന്നാണ് കൊല്ലം തുളസി ചേട്ടൻ പറയുന്നത്. വിവാഹം കഴിഞ്ഞതോടെ മകൾ അകന്നു. ഭാര്യ മകളോടൊപ്പം ചേർന്നു. ഓസ്ട്രേലിയയിൽ എഞ്ചിനീയറാണ്. ഫോൺ വിളിച്ച് ആരോഗ്യം എങ്ങനെയുണ്ടെന്ന് പോലും തിരക്കിയില്ലെന്നും കൊല്ലം തുളസി ചേട്ടൻ തന്റെ പരുക്കൻ ശബ്ദത്തിൽ പറയുന്നത്. കേൾക്കുമ്പോൾ നമുക്ക് പാവം തോന്നും.
പറയേണ്ട പ്രധാനപ്പെട്ട ഒരു പോയന്റ് അദ്ദേഹത്തിന്റെ മാന്യത കൊണ്ടായിരിക്കാം അദ്ദേഹം ഒഴിവാക്കിയത്. നല്ല ബന്ധമുണ്ടെങ്കിലും തുളസി ചേട്ടന്റെ സ്വകാര്യതകൾ ഞാനിത് വരെ ചോദിച്ചിട്ടില്ല. പലതും പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം ഇങ്ങോട്ടും ചിലത് മനസ് തുറന്ന് എന്നോട് പറഞ്ഞിട്ടില്ല. അകാലത്തിൽ ഭർത്താവ് മരിച്ചപ്പോൾ സുഹൃത്തിന്റെ ഭാര്യയെയും മകളെയും തുളസി ചേട്ടൻ ഏറ്റെടുത്തതാണ്. കാക്കക്കൂട്ടിൽ കുയിൽ മുട്ടയിട്ടത് പോലെ. ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥനായ തുളസി ചേട്ടൻ തനിക്ക് കിട്ടുമായിരുന്ന നല്ലൊരു ജീവിതം വേണ്ടെന്ന് വെച്ചാണ് അമ്മയെയും മകളെയും സ്വീകരിച്ചത്. തുളസി ചേട്ടൻ എന്തായാലും അന്തസായി ജീവിക്കുകയല്ലേ, വിട്ടുകള. അതിനെ പറ്റി വീണ്ടും വീണ്ടും ആലോചിക്കേണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലം തുളസി തന്നെ വിട്ട് പോയ ഭാര്യയെക്കുറിച്ച് സംസാരിച്ചിരുന്നു. മാനസികമായി ഞങ്ങൾ തമ്മിൽ പൊരുത്തമില്ലായിരുന്നു. കാൻസർ ബാധിച്ച് ഞാൻ ചികിത്സയിലായിരുന്ന സമയത്താണ് എന്നോട് പറയാതെ ഇറങ്ങിപ്പോയത്. ജോലിക്കാരിയോട് മാത്രം പറഞ്ഞു. ചാകാൻ കിടക്കുന്ന അങ്ങേരെ ഞാൻ എന്തിന് കാണണം എന്നാണ് ജോലിക്കാരി ചോദിച്ചപ്പോൾ നൽകിയ മറുപടി. എന്റെ ആദ്യത്തെ കല്യാണം ആയിരുന്നു.
അവരുടെ രണ്ടാമത്തേതും, ആദ്യ വിവാഹ ബന്ധത്തിൽ അവർക്ക് രണ്ട് മക്കളുണ്ടായിരുന്നെന്നും കൊല്ലം തുളസി പറഞ്ഞു. അനാഥത്വം ഫീൽ ചെയ്തപ്പോഴാണ് ഗാന്ധിഭവനിലേക്ക് പോയത്. കാൻസർ വന്ന ശേഷം എന്നെ ആരും സിനിമയിലേക്ക് വിളിച്ചില്ല. ഷൂട്ടിനിടയിൽ ഞാൻ മരിച്ച് പോയാലോ എന്നാണ് അവർ ചിന്തിച്ചത്. ആറ് മാസത്തോളം ഗാന്ധിഭവനിൽ താമസിച്ചു. ഇപ്പോൾ എനിക്ക് ദത്തുപുത്രിയുണ്ട്. എന്നെ നോക്കുന്നയാൾ. അനാഥകുട്ടിയാണ്. എന്നെ പൊന്ന് പോലെയാണ് നോക്കുന്നത്. ഞാൻ മരിച്ചാൽ അവൾക്ക് വേണ്ടിയുള്ളത് കരുതിയിട്ടുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു. സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയ വേഷം ചെയ്ത നടനാണ് കൊല്ലം തുളസി.


Click it and Unblock the Notifications











