കട്ടൻ കാപ്പിയാണെന്ന് ഞാൻ കരുതി; ഐസെടുക്കെന്ന് ഫിലോമിന; സെറ്റിൽ എല്ലാവരും കേൾക്കെ പറഞ്ഞു; സംവിധായകൻ
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച ഫിലോമിന. ഫിലോമിനയെ പോലെ കോമഡി രംഗങ്ങളിൽ തിളങ്ങാൻ കഴിഞ്ഞ നടിമാർ ചുരുക്കമാണ്. അമ്മയായും അമ്മൂമ്മയായും അയൽക്കാരിയായുമെല്ലാം അഭിനയിച്ച ഫിലോമിനയുടെ പല കോമഡി രംഗങ്ങളും ഇന്നും ജനപ്രിയമായി നിലനിൽക്കുന്നു. ഗോഡ്ഫാദർ എന്ന സിനിമയിൽ ഫിലോമിന ചെയ്ത ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രം ഇന്നും അനശ്വരമായി നിലനിൽക്കുന്നു. പ്രായാധിക്യം മൂലം അവശതയുള്ള സമയത്താണ് ഫിലോമിന ഈ കഥാപാത്രം ചെയ്യുന്നത്. അത്യുഗ്രൻ പ്രകടനമാണ് സിനിമയിൽ ഫിലോമിന കാഴ്ച വെച്ചത്.
ഫിലോമിനെയെക്കുറിച്ചുള്ള രസകരമായൊരു കഥ പങ്കുവെക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. താൻ സഹസംവിധായകനായി തുടക്കം കുറിച്ച കാലത്ത് ഒരു സിനിമാ സെറ്റിലുണ്ടായ സംഭവമാണ് ശാന്തിവിള ദിനേശ് പങ്കുവെച്ചത്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഫയർ എഞ്ചിനൊക്കെ വെച്ച് ഉരുൾപൊട്ടുന്നതൊക്കെ ഷൂട്ട് ചെയ്യുകയാണ്. വെളുക്കുന്നത് വരെ ഷൂട്ടിംഗാണ്. എനിക്ക് അത്ഭുതം തോന്നിയത് എന്നെ പോലെ ചെറുപ്പക്കാരായ ആളുകൾ വരെ തണുത്തിട്ട് വിറയ്ക്കുന്നുണ്ട്.

എന്നാൽ ജോസ് പ്രകാശും ബാലൻ കെ നായരും ബഹദൂർക്കയ്ക്കൊന്നും വിറയലില്ല. വളരെ സ്മാർട്ടായി അഭിനയിക്കുന്നു. ഇങ്ങനെ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ ഫിലോമിന ചേച്ചി നിന്ന് വിറയ്ക്കുന്നു. കെആർ ഷൺമുഖം ആണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ബോയ്സിലെ തുളസി എന്നൊരാളെ വിളിച്ചു.
ഫിലോമിന ചേച്ചിക്ക് ഒരു ഗ്ലാസ് കട്ടൻ പാപ്പി കൊടുക്കുന്നെന്ന് ഷൺമുഖം സർ പറഞ്ഞു. സ്റ്റീൽ ഗ്ലാസിൽ കട്ടൻ കാപ്പി കൊണ്ടുവന്നു. ബഹദൂർക്കയുടെയും ജോസ് പ്രകാശിന്റെയും കൈയിൽ കട്ടൻ കാപ്പിയുണ്ട്. ഒരുമാതിരിപ്പെട്ട എല്ലാവരുടെയും കൈയിൽ കട്ടൻ കാപ്പിയുണ്ട്. എന്റെ മൂന്നാമത്തെ സിനിമയാണത്. ഫിലോമിന ചേച്ചിക്ക് കട്ടൻ കാപ്പി കൊടുത്തു. ഫിലോമിന ചേച്ചി ഒരു സിപ് കുടിച്ചിട്ട് എടാ തുളസി, എന്തൊരു കയ്പാണ്, ഒരു ഐസ് കട്ടയെടുക്കെന്ന് പറഞ്ഞു. യഥാർത്ഥത്തിൽ കട്ടൻ കാപ്പിയല്ല, തണുക്കാതിരിക്കാൻ റം ആണ് കൊടുത്തത്.

ഫിലോമിന ചേച്ചി കൂളായി എല്ലാവരുടെയും മുന്നിൽ വെച്ച് ഐസെടുക്കെന്ന് പറയുന്നു. ബഹദൂർക്ക ഒന്നുമറിയാത്തത് പോലെ തിരിഞ്ഞെന്നും ശാന്തിവിള ദിനേശൻ ചിരിച്ച് കൊണ്ട് പറഞ്ഞു. യൂട്യൂബ് ചാനലിൽ ബഹദൂർക്കയെ സ്മരിച്ച് കൊണ്ട് പ്രത്യേക എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്. പുറപ്പാട് ഉൾപ്പെടെയുള്ള സിനിമകളിൽ ബഹദൂർക്കയോടൊപ്പം ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. സെറ്റിൽ ഒരക്ഷരം പറയാതെ മിണ്ടാതിരിക്കും. ഒരു ശല്യവുമില്ലാത്ത ആളായിരുന്നു അദ്ദേഹമെന്നും ശാന്തിവിള ദിനേശൻ വ്യക്തമാക്കി.
2006 ലാണ് ഫിലോമിന മരിക്കുന്നത്. വർഷങ്ങൾ നീണ്ട കരിയറിൽ 750 ലേറെ സിനിമകളിൽ ഫിലോമിന അഭിനയിച്ചിട്ടുണ്ട്. നാടകരംത്ത് നിന്നുമാണ് ഫിലോമിന സിനിമകളിലേക്ക് എത്തുന്നത്. 1964 ൽ കുട്ടിക്കുപ്പായം എന്ന സിനിമയിലാണ് ഫിലോമിന ആദ്യമായി അഭിനയിക്കുന്നത്. പ്രേം നസീറിന്റെ അമ്മയായാണ് ഈ ചിത്രത്തിൽ നടി അഭിനയിച്ചത്.
എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത സിനിമ വൻ ഹിറ്റായി. തിയറ്റർ ആർട്ടിസ്റ്റായ ആന്റണിയെയാണ് ഫിലോമിന വിവാഹം ചെയ്തത്. എന്നാൽ മകന് മൂന്ന് വയസുള്ളപ്പോൾ ഭർത്താവ് മരിച്ചു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിലാണ് ഫിലോമിന അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











