അഭിനയിച്ച് കഴിഞ്ഞാൽ ദൂരെ മാറിയിരിക്കും; കഴിക്കുന്നത് പൊടികൾ, സെറ്റിലെ ഭക്ഷണം വേണ്ട; ലെനയെക്കുറിച്ച് സംവിധായകൻ
മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമാ ലോകത്ത് ഏവർക്കും സ്വീകാര്യയായ നടിയാണ് ലെന. അടുത്ത കാലം വരെ അനാവശ്യമായ ഒരു വിവാദങ്ങളിലും ലെനയുടെ പേര് വന്നിട്ടില്ല. സിനിമാ രംഗത്ത് വലിയ തോതിൽ ചർച്ചയായ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ഇതിലൊന്നും ഇടപെടാതെ ലെന തന്റെ കരിയറുമായി മുന്നോട്ട് പോയി. എന്നാൽ ഒറ്റ അഭിമുഖത്തിലൂടെ ലെന ഇന്ന് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ആത്മീയതയെക്കുറിച്ച് നടത്തിയ പരാമർശമാണ് ഇതിന് കാരണമായത്. ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന തന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടി.
ഇതിനിടെ മാനസിക പ്രശ്നങ്ങൾ, സൈക്കോളജി, ഉപബോധ മനസ്, മുൻജന്മം തുടങ്ങി പല വിഷയങ്ങളെക്കുറിച്ച് ലെന സംസാരിച്ചു. അശാസ്ത്രീയ വാദമാണ് ലെന പറയുന്നതെന്ന വിമർശനം ഉയർന്ന് വന്നു. ഇപ്പോഴിതാ ലെനയെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലെനയെ നായികയാക്കി വർഷങ്ങൾക്ക് മുമ്പ് ഒരു സീരിയൽ ഇദ്ദേഹം ചെയ്തിട്ടുണ്ട്. സീരിയലുമായി നല്ല രീതിയിൽ ലെന സഹകരിച്ചെന്ന് ഇദ്ദേഹം പറയുന്നു.

എന്നാൽ ഒരു കാര്യത്തിൽ മാത്രം നടിയോട് എതിർപ്പുണ്ടായിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. വളരെ മനോഹരമായി ലെന ആ വേഷം ചെയ്തു. ലെന സെറ്റിൽ വരുമ്പോൾ നമ്മൾ അതിശയപ്പെടും. മുടിയൊക്കെ ക്രോപ്പ് ചെയ്ത് ജീൻസിട്ട് വരും. എനിക്ക് തോന്നിയ മൈനസ് ദേഹം മുഴുവൻ ടാറ്റൂ ചെയ്തിട്ടുണ്ട്. എവിടെയൊക്കെ വരയ്ക്കാമോ അവിടെയൊക്കെ വരച്ചിട്ടുണ്ട്.
നിങ്ങൾ ഒരു ആർട്ടിസ്റ്റ് അല്ലേ, പല ക്യാരക്ടർ ചെയ്യണ്ടേയെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ലെനയ്ക്ക് ഒരു അസിസ്റ്റന്റ് പെൺകുട്ടിയുണ്ട്. രാവിലെ വന്നാൽ പാൻ കേക്ക് വാരി തേച്ച് ടാറ്റൂ മറയ്ക്കണം. അത് മാത്രമേ എനിക്ക് എതിർപ്പ് തോന്നിയിട്ടുള്ളൂ. കട്ടിനും ഷോട്ടിനും മാത്രമേ നമ്മളുടെ കൂടെ നിൽക്കൂ. ഷോട്ട് ഓക്കെയെന്ന് പറഞ്ഞാൽ ലെന ദൂരയൊരു മരത്തിന്റെ ചുവട്ടിൽ വാക് മാനും വെച്ച് ഇംഗ്ലീഷ് പുസ്തകവുമായി ഇരിക്കും. എല്ലാവരുമായി നല്ല സഹകരണമാണ്. പക്ഷെ ആരുമായും പരദൂഷണം പറയാൻ ലെന ഇരിക്കില്ല.

ഒരു ദിവസം പോലും ലെന എന്റെ സെറ്റിൽ ലേറ്റായി വന്നിട്ടില്ല. സീരിയലിന്റെ പ്രൊഡ്യൂസർ തരികിടയായിരുന്നു. പക്ഷെ പ്രതിഫലക്കാര്യത്തിൽ ലെന ഒരിക്കലും എന്നോട് പിണങ്ങിയിട്ടില്ല. പ്രൊഡക്ഷൻ ഫുഡ് ഒന്നും കഴിക്കില്ല. ടിൻ ഫുഡ് ആണ്. എന്തോ പൗഡർ കലക്കി ആയ കൊണ്ടുകൊടുക്കും. നമ്മുടെ ഇഡ്ഡലിയും സാമ്പാറും ഒന്നും വേണ്ടായിരുന്നെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. പിൽക്കാലത്ത് നടി സിനിമാ രംഗത്ത് സജീവമായെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
ലെനയെക്കുറിച്ചുള്ള ഇപ്പോഴത്തെ വാർത്തകൾ തന്നെ അതിശയപ്പെടുത്തിയതെന്നും ഒരു വിവാദത്തിലും പെടാത്ത ആളായിരുന്നു ലെനയെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. സൈക്കോളജിസ്റ്റുകളുടെ സംഘടന കഴിഞ്ഞ ദിവസം ലെനയുടെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു.
സിനിമാ രംഗത്ത് ലെന സജീവമാണ്. ബാന്ദ്രയാണ് ലെനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ദിലീപാണ് ചിത്രത്തിൽ നായക വേഷം ചെയ്തത്. ഏറെക്കാലമായി ആത്മീയതയുടെ പാതയിലാണ് ലെന. സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകമെഴുതിയതെന്നാണ് ലെന പറയുന്നത്.


Click it and Unblock the Notifications











