ലക്ഷങ്ങളുടെ കടം, അങ്ങനെ ആ കടം വീട്ടാമെന്ന് ലളിത ചേച്ചി കരുതി, എന്തൊരു സാധു സ്ത്രീയായിരുന്നു: ശാന്തിവിള ദിനേശ്
അന്തരിച്ച നടി കെപിഎസി ലളിതയെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. എംഎൽഎ ആയി മത്സരിക്കാൻ ഒരിക്കൽ കെപിഎസി ലളിത ആലോചിച്ചിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ഞാൻ നിയമസഭാ ഇലക്ഷന് നിൽക്കുന്നതിൽ എന്താണഭിപ്രായമെന്ന് എന്നോട് വിളിച്ച് ചോദിച്ച ആളായിരുന്നു കെപിഎസി ലളിത. വടക്കാഞ്ചേരിയിൽ മിക്കവാറും ഞാനായിരിക്കും സ്ഥാനാർത്ഥി, അതിൽ എന്താണഭിപ്രായം എന്ന് ചോദിച്ചു.
ചേച്ചിക്കിപ്പോൾ നിറയെ പടങ്ങളില്ലേ, അതൊക്കെ അവസാനിപ്പിക്കേണ്ടി വരില്ലേ, എന്തിനാണിപ്പോൾ എംഎൽഎ ആകാൻ നിൽക്കുന്നത്, ചേച്ചിക്ക് വേറെ പണിയില്ലേ എന്ന് ഞാൻ ചോദിച്ചു. പാർട്ടി മത്സരിക്കാൻ പറയുന്നു, എനിക്ക് മോശമല്ലാത്ത കടമുണ്ടെന്ന് ശാന്തിവിളയ്ക്ക് അറിയാമല്ലോ, അത് അഭിനയിച്ചാൽ തീരില്ല, എംഎൽഎ ആയാൽ അത് തീർക്കാനാവുമല്ലോ എന്ന് ചേച്ചി. എത്ര സാധു സ്ത്രീയാണെന്ന് ആലോചിച്ച് നോക്കൂ. എംഎൽഎൽയുടെ ടിഎയും ശമ്പളവും കിട്ടും. പിന്നെ പെൻഷനും.

അതിപ്പോൾ ഒരു പടത്തിൽ അഭിനയിച്ചാൽ ചേച്ചിക്ക് കിട്ടില്ലേ എന്നായി ഞാൻ. അയ്യോ, ശാന്തിവിളേ ഇത് തന്നെ ഭാഗ്യലക്ഷ്മിയും പറയുന്നു കേട്ടോ, അപ്പോൾ ഞാൻ എംഎൽഎ ആകേണ്ടല്ലേ എന്ന് ചേച്ചി. നാമനിർദ്ദേശ പത്രിക കൊടുക്കണം, ഇലക്ഷൻ പ്രചരണം നടത്തണം, നമ്മുടെ പാർട്ടിക്ക് കൂടുതൽ വോട്ട് വേണം എന്ന ബോധമൊന്നും ചേച്ചിക്കില്ല. ഭരതേട്ടൻ വരുത്തി വെച്ച കടങ്ങളും സിദ്ധാർത്ഥിന് സംഭവിച്ച കാറപടത്തിലെ ചികിത്സയുമെല്ലാമായി ലക്ഷങ്ങളുടെ കടം ലളിത ചേച്ചിയ്ക്കുണ്ടായിരുന്നു. ചേച്ചി മത്സരിച്ചില്ല. പകരം കേരള സംഗീത നാടക അക്കാദമിയുടെ ചെയർ പേഴ്സണായെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
എംഎൽഎയായി മത്സരിക്കുന്നെന്ന് കെപിഎസി ലളിത പറഞ്ഞപ്പോൾ താൻ ഭാഗ്യലക്ഷ്മിയെ വിളിച്ചിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. ആരോ ചേച്ചിയെ ഇങ്ങനെയൊക്കെ ഫീഡ് ചെയ്തിരിക്കുകയാണെന്നും ഞാൻ പരാമവധി പറഞ്ഞിട്ടും ചേച്ചി കേൾക്കുന്നില്ല, ദിനേശ് നിരുത്സാഹപ്പെടുത്തിയത് നന്നായി എന്ന് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞെന്നും ശാന്തിവിള ദിനേശ് ഓർത്തു. സംഗീത നാടക അക്കാദമിയുടെ സ്റ്റേജിൽ തനിക്ക് മോഹിനിയാട്ടം കളിക്കാൻ അവസരം തരുമോ എന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ഒരു അപേക്ഷ കൊടുത്തു.

ചേച്ചി അത് നിരസിച്ചെന്നും രാമകൃഷ്ണൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്നും വാർത്ത വന്നു. ഞാനപ്പോഴും ചേച്ചിയെ വിളിച്ചു. ചേച്ചിയെ അകത്താക്കാവുന്ന വിഷയമാണെന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ ഭഗവാനേ എന്ന് ചേച്ചി. ഞാനതിന് എന്ത് കുറ്റം ചെയ്തെന്നാണ് ചേച്ചി ചോദിക്കുന്നത്. സെക്രട്ടറിയോ ചുമതലക്കാരോ ബോർഡ് അംഗങ്ങളോ പറ്റിച്ച പണിയായിരിക്കും. എങ്ങനെയൊക്കെയോ ആ പ്രശ്നം രൂക്ഷമാകാതെ ഒതുങ്ങിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
കേരള സംഗീത നാടക അക്കാദമി ത്രിഭംഗി നൃത്തോത്സവത്തിൽ കഴിഞ്ഞ ദിവസം ആർഎൽവി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാനായി. കേരള സംഗീത നാടക അക്കാദമിയുടെ സ്വപ്ന തുല്യമായ വേദിയിൽ ഇന്ന് കേരളീയ നൃത്തരൂപമായ മോഹിനിയാട്ടം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനവും സന്തോഷവും തോന്നുന്നു. ഈ അവസരം തന്ന സംഗീത നാടക അക്കാദമി ഭാരവാഹികളോടുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ആർഎൽവി രാമകൃഷ്ണൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഏറെക്കാലമായി ആർഎൽവി രാമകൃഷ്ണൻ കാത്തിരുന്ന വേദിയാണിത്.


Click it and Unblock the Notifications