മേക്കപ്പിനത്രയും സമയം, ലക്ഷ്മി ഗോപാലസ്വാമിയുമായി ഉടക്കി, ശാരദാമ്മയുടെ പെരുമാറ്റം, പക്ഷെ...; ശാന്തിവിള ദിനേശ്
2015 ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് അമ്മയ്ക്കൊരു താരാട്ട്. ശ്രീകുമാരൻ തമ്പി രചനയും സംവിധാനവും ചെയ്ത അമ്മയ്ക്കൊരു താരാട്ടിൽ നടി ശാരദയാണ് പ്രധാന വേഷം ചെയ്തത്. ലക്ഷ്മി ഗോപാലസ്വാമി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. സംവിധായകൻ ശാന്തിവിള ദിനേശ് അമ്മയ്ക്കൊരു താരാട്ടിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ ശാന്തിവിള ദിനേശ്.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ അമ്മയ്ക്കൊരു താരാട്ടിൽ അഭിനയിക്കാൻ ശാരദ ആദ്യം തയ്യാറായിരുന്നില്ല. സ്നേഹ സമ്മർദ്ദങ്ങൾ കാരണം അവർ അഭിനയിക്കാൻ തയ്യാറായി. പരമാവധി ഈ സിനിമയുമായി സഹകരിച്ചയാളാണ് ശാരദ. എന്നാൽ ശ്രീകുമാരൻ തമ്പി പിന്നീട് ശാരദയെ കുറ്റപ്പെടുത്തുകയാണുണ്ടായതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഞങ്ങൾ മൂന്ന് സ്ത്രീകൾ വരും. വെജിറ്റേറിയൻ ആഹാരമേ കഴിക്കൂ. സ്വയം ഭക്ഷണമുണ്ടാക്കി കഴിച്ചോളാം. ഒരു വൃത്തിയുള്ള ഫ്ലാറ്റ് ഞങ്ങൾക്കായി മാസ വാടകയ്ക്കായി എടുത്ത് തരണം എന്നാണ് ശാദരദാമ്മ സിനിമയിൽ അഭിനയിക്കാൻ വരുമ്പോഴേ പറഞ്ഞത്. എത്ര ലാഭമാണത്. കഥാപാത്രത്തിനായുള്ള വസ്ത്രങ്ങൾ ഞാനെടുത്ത് എന്റെ അളവിൽ തയ്പ്പിച്ച് കൊണ്ട് വരാം. അതിന്റെ കാശടക്കം ആറര ലക്ഷം രൂപ തമ്പി തരണം എന്നാണ് ശാരദാമ്മയുടെ എഗ്രിമെന്റ്. ഇതെല്ലാം തമ്പി സർ സമ്മതിച്ചു. എന്നാൽ പറഞ്ഞുറപ്പിച്ച പ്രതിഫലം പോലും നൽകാൻ ശ്രീകുമാരൻ തമ്പി മടിച്ചെന്നും ദേഷ്യത്തോടെ അവരെക്കുറിച്ച് സംസാരിച്ചെന്നും സിനിമയുടെ പരാജയത്തിന് പിന്നീട് ശാരദയെ കുറ്റപ്പെടുത്തിയെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു.
സെറ്റിലിങ്ങനെ ഒരു നടിയുണ്ടെന്ന് പോലും തോന്നുമായിരുന്നില്ല. അവർ അവരുടെ ലോകത്ത് കഴിഞ്ഞു. റെഡി എന്ന് പറഞ്ഞാൽ കൂടെയുള്ള സ്ത്രീയുടെ കെെ പിടിച്ച് അവർ സെറ്റിലേക്ക് വരും. പെട്ടെന്ന് ഡയലോഗ് പഠിക്കും. കുറച്ച് കൂടി മലയാളം പഠിക്കാൻ ശാരദാമ്മ മനസ് വെച്ചിരുന്നെങ്കിൽ അവരുടെ ശബ്ദം മലയാളത്തിൽ ഉപയോഗിക്കാമായിരുന്നു. ഡ്രസ് ചേഞ്ചിന് പറഞ്ഞാൽ നിമിഷ നേരം കൊണ്ട് മാറി വരും. ലക്ഷ്മി ഗോപാലസ്വാമി ഡ്രസ് മാറി വരാൻ ഒരു ദിവസമെടുക്കും.
മേക്കപ്പ് വാരിയിട്ട് വരാനൊക്കെ നല്ല സമയമെടുക്കും. ഞാൻ പോയി ഉടക്കിയിട്ടുണ്ട്. എത്ര മണിക്കൂറായി നിങ്ങൾ ഡ്രസ് മാറി വരാൻ പോയിട്ട് എന്ന് ചോദിക്കും. ആ പെൺകുട്ടിക്ക് ഒരു കൂസലുമില്ല. അണ്ണാ, എന്ന് പറഞ്ഞ് വീണ്ടും സമയം നീട്ടിക്കൊണ്ട് പോകും. മധു സാറുമായി പോലും ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ആർട്ടിസ്റ്റായിരുന്നു ശാരദയെന്നും ശാന്തിവിള ദിനേശ് ഓർത്തു.


Click it and Unblock the Notifications











