മൂന്ന് വിവാഹങ്ങൾ, പ്രേം നസീറിന്റെ പേരിൽ അവകാശ വാദം; താരകുടുംബത്തിലെ അറിയാക്കഥയുമായി ശാന്തിവിള ദിനേശ്
അനശ്വര നായകൻ പ്രേം നസീറിന്റെയും മകൻ ഷാനവാസിന്റെയും ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് ശാന്തിവിള ദിനേശ്. ഈയടുത്താണ് ഷാനവാസ് മരണപ്പെട്ടത്. പണക്കാരനായിരുന്ന ഷാനവാസിന് ജീവിതം കെെ വിട്ട് പോയിരുന്നെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒപ്പം പ്രേം നസീറിന്റെ പിതാവിനെക്കുറിച്ചും സംവിധായകൻ സംസരിച്ചു. ഡിഎൻഎ ന്യൂസ് മലയാളത്തോടാണ് പ്രതികരണം.
"നസീർ സാറിന്റെ അച്ഛൻ മൂന്ന് കല്യാണം കഴിച്ചിട്ടുണ്ട്. നസീർ സാറും പ്രേം നവാസും ജനിച്ച ശേഷം ഭാര്യ മരിച്ച് പോയി. അങ്ങനെ രണ്ടാമത് വിവാഹം ചെയ്തു. അവർ പിന്നീട് മരിച്ചു. പിന്നെ മൂന്നാമത് വിവാഹം ചെയ്തു. ഈ മൂന്ന് ഭാര്യമാരുടെ മക്കൾ തമ്മിൽ പോലും ഈഗോകളുണ്ട്. നസീർ സാറിനെക്കുറിച്ച് പറയാൻ ഞങ്ങൾക്കാണ് അവകാശമെന്ന് പറയും. എന്നെ ചിലർ വിളിക്കാറുണ്ട്. നിങ്ങളെന്തിനാണ് മറ്റവനെ പൊക്കിയടിച്ചത്. അവൻ മൂന്നാമത്തേതിൽ ഉള്ളതല്ലേ എന്ന് പറയും. എനിക്കതൊന്നും പ്രശ്നമല്ല, നസീർ സാറിന്റെ അനിയൻമാരും അനിയത്തിമാരുമെല്ലാം എനിക്ക് ഒരു പോലെ തന്നെയാണെന്ന് ഞാൻ മറുപടി നൽകും"

"ഷാനവാസ് സ്വർണകരണ്ടിയുമായി ജനിച്ച ആളാണെന്ന് പറയാം. ബോർഡിംഗിലാണ് പഠിച്ചത്. വീട്ടിൽ ഇഷ്ടം പോലെ സമ്പാദ്യം. ഒരുപാട് വഴിതെറ്റിപ്പോയ ആളാണ് ഷാനവാസ്. ഇന്ത്യയിൽ ഏതെങ്കിലും ഒരു പുതിയ കാർ ഇറങ്ങിയാൽ ആ കാർ നസീർ സർ അപ്പോൾ വാങ്ങിക്കൊടുക്കും. പക്ഷെ ആ കാറും കൊണ്ട് പോയി ആവശ്യമില്ലാത്ത പണികൾ ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ അകത്തായിട്ടുണ്ട്"
"നസീർ സാർ ഇറക്കാൻ പോകില്ല. ഇറങ്ങി വന്നാൽ സ്വീകരിക്കുന്നത് ബെൽറ്റ് ഊരി മുതുകത്ത് 25 അടി കൊടുത്തിട്ടാണ്. സർ മൂന്ന് പെൺകുട്ടികളെയും അടിച്ചിട്ടില്ല. പക്ഷെ ഷാനവാസിനെ ഒരുപാട് അടിച്ചിട്ടുണ്ട്. അത് ഷാനവാസ് തന്നെ പറഞ്ഞിട്ടുണ്ട്," ശാന്തിവിള ദിനേശിന്റെ വാക്കുകളിങ്ങനെ. പ്രേം നസീറിന്റെ സഹോദരൻ പ്രേം നവാസിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. സാമ്പത്തികമായി ഒരു അച്ചടക്കവും ഇല്ലാത്ത ആളായിരുന്നു നവാസ്.

സിനിമ പ്രൊഡ്യൂസ് ചെയ്യുമെന്ന് പറഞ്ഞ് പണം വാരി വലിച്ച് നശിപ്പിക്കും. ഇതെല്ലാം അറിഞ്ഞിട്ടായിരിക്കും നസീർ സർ ഷൂട്ടിംഗ് കഴിഞ്ഞ് വരുന്നത്. ആദ്യം നവാസിനെ ഒരു വള്ളം വഴക്ക് പറയും. ഹതഭാഗ്യനായിരുന്നു. നല്ല പടങ്ങളെടുത്തെങ്കിലും വിജയിച്ചില്ല. ആദ്യം ഒരു കല്യാണം കഴിച്ചു. ആ ബന്ധം പിരിഞ്ഞു. രണ്ടാമത് ഒരു എയർ ഹോസ്റ്റസിനെ വിവാഹം ചെയ്തു. അതിലൊരു മകനുണ്ട്. പ്രേം കിഷോർ. ഇപ്പോൾ ബാംഗ്ലൂരിലാണ്. നന്നായി ജീവിക്കുന്നു. നസീർ സാറിന്റെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ല. ഷാനവാസിന്റെ മരണശേഷം അവർ വന്നില്ല. അവർ അറിഞ്ഞ് പോലും കാണില്ല. ഇവരുമായൊന്നും ബന്ധമില്ലെന്ന് തോന്നുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ഷാനവാസ് വേഗം ഈ ലോകം വിട്ട് പോകുമെന്ന് എനിക്കറിയാമായിരുന്നു. ഹെെ ഷുഗറായിരുന്നു. നല്ല മദ്യപാനമുണ്ടായിരുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. നേരത്തെ ഷാനവാസിന്റെ വിവാഹത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നു. ഷാനവാസ് പ്രേം നസീറിന്റെ സഹോദരിയുടെ മകളെ വിവാഹം ചെയ്തു. മലയാള സിനിമ ഒന്നടങ്കം ഈ വിവാഹത്തിനായി എത്തിയിരുന്നു. താരങ്ങളെ കാണാൻ കല്യാണം വിളിക്കാത്ത നൂറ് കണക്കിന് പേർ ഇരച്ച് കയറി. ഭക്ഷണം തികയാതെ വരുമോ എന്ന് ആശങ്കപ്പെട്ടവരോട് പ്രേം നസീർ പറഞ്ഞത് അവരല്ലേ നമ്മുടെ ശക്തി, പറഞ്ഞതിലും ആയിരം ബിരിയാണി കൂടുതലുണ്ടാക്കാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ടാണെന്നും ശാന്തിവിള ദിനേശ് ഓർത്തു.


Click it and Unblock the Notifications











