ഉണ്ണിക്ക് ഹിന്ദിയറിയാമെന്ന് മേജർ അറിഞ്ഞില്ല, ഉണ്ണി തൂക്കിയെടുത്ത് എറിഞ്ഞു, അന്നുണ്ടായത്: ശാന്തിവിള ദിനേശ്
അഭിപ്രായങ്ങളും നിലപാടുകളും ഇടയ്ക്കിടെ മാറ്റുന്നയാളാണ് മേജർ രവിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. അടുത്തിടെ സിനിമാ രംഗത്ത് നടന്ന വിഷയങ്ങളിൽ മേജർ രവിയെടുത്ത നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. വർഷങ്ങൾക്ക് മുമ്പ് നടൻ ഉണ്ണി മുകുന്ദനുമായി മേജർ രവിക്കുണ്ടായ പ്രശ്നത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ലെെറ്റ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പരാമർശം.
"സൂപ്പർതാരം ഉണ്ണി മുകുന്ദനെ മേജർ ഹിന്ദിയിൽ തെറി വിളിച്ചത് ഞാൻ പറഞ്ഞിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ അമ്മയെ ചേർത്താണ് ചീത്ത വിളിച്ചതെന്നാണ് പറയുന്നത്. ക്ഷമ കെട്ടപ്പോൾ അയാൾ മേജറെ തൂക്കിയെടുത്ത് കാറിന് മുകളിലൂടെ എറിഞ്ഞു. ജോഷി സാറുടെ സെറ്റിലാണ് ഇത് നടന്നത്. ചിലപ്പോൾ ജോഷി സർ പോലും ഇത് സമ്മതിക്കണമെന്നില്ല. ഉണ്ണി മുകുന്ദന് ഹിന്ദി നന്നായി അറിയാമെന്ന് മേജർക്ക് അറിയില്ലായിരുന്നു. മേജർ പട്ടാളത്തിൽ പോയത് കൊണ്ട് തെറി ഹിന്ദിയിൽ വെച്ചങ്ങ് കാച്ചി. ഗുജറാത്തിൽ ജനിച്ച് അവിടെ വളർന്നയാളാണല്ലോ ഉണ്ണി. അസഹ്യമായ തെറി വിളിച്ചപ്പോഴും സംയമനത്തോടെ ഇനിയെന്നെ തെറി വിളിക്കരുതെന്ന് ഉണ്ണി പറഞ്ഞു"

"മേജർ നിർത്തിയില്ല. മോശമല്ലാതെ ഇടി വാങ്ങി. ഇത് പരമമായ സത്യമാണ്. കാരണം ഇടി വാങ്ങിയ മേജർ ഫെഫ്ക യൂണിയനിൽ വിശദമായ പരാതി നൽകി. എത്ര ഇടി കിട്ടി, എങ്ങനെയൊക്കെ ഉപദ്രവിച്ചു എന്ന് പറഞ്ഞ് വിശദമായ പരാതി. അന്ന് ഞാൻ ഡയരക്ടേർസ് യൂണിയന്റെ എക്സിക്യൂട്ടീവിൽ ഉണ്ട്. വായിച്ചപ്പോൾ പീക്കിരി പിള്ളേരിൽ നിന്നും അടി വാങ്ങേണ്ട വല്ല കാര്യവും മേജറിനുണ്ടോ എന്ന് എനിക്ക് തോന്നി"
"ഇലയ്ക്കും മുള്ളിനും കേടില്ലാതെ പിന്നെ ആ പ്രശ്നം തീർത്തു. ഉണ്ണി മുകുന്ദനും പിന്നെ ചക്കയും ഈച്ചയുമായി. കാര്യം രണ്ട് പേരും ഒരേ പാർട്ടിയിലാണല്ലോ. അടുത്തിടെ ഉണ്ണി മുകുന്ദനും മാനേജരുമായി ഒരു കശപിശ ഉണ്ടായല്ലോ. അപ്പോൾ മേജർ വീണ്ടും മറുകണ്ടം ചാടി. മാനേജരുടെ പക്ഷം പിടിച്ച് സംസാരിച്ചു," ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ. മറ്റാെരു സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു.

എമ്പുരാൻ കണ്ടിട്ട് ഇത് പോലൊരു പടം പൃഥ്വിക്ക് മാത്രമേ ചെയ്യാനാകൂ എന്ന് മേജർ പറഞ്ഞു. സൂപ്പർ ഫിലിം എന്നാണ് അന്ന് ക്യാമറയ്ക്ക് മുമ്പിൽ നിന്ന് പറഞ്ഞത്. പറയുക മാത്രമല്ല, തിയറ്ററിന് മുന്നിൽ കണ്ട മല്ലിക സുകുമാരനെയും ഇന്ദ്രജിത്തിനെയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് അദ്ദേഹം പോയി. നേരെ ചെന്ന് അടുത്ത ക്യാമറയോട് പറഞ്ഞത് ഈ സിനിമ രാജ്യദ്രോഹ സിനിമയാണ്, മോഹൻലാൽ അറിയാതെയാണ് പൃഥ്വിരാജ് ഇത് എടുത്ത് വെച്ചിരിക്കുന്നത് എന്നാണ്.
പരമാവധി എമ്പുരാനെ നാറ്റിച്ചു. മല്ലിക ചേച്ചിയുടെ വായിലിരിക്കുന്നത് കേട്ടു. കുരക്കുകയും വാലാട്ടുകയും ഒന്നിച്ച് ചെയ്യുന്ന ആൾക്കാർ മാത്രമേ ഇത് ചെയ്യാൻ പറ്റൂ, ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞതിങ്ങനെ. അഭിപ്രായങ്ങൾ തുറന്നടിക്കുന്ന സംവിധായകരാണ് മേജർ രവിയും ശാന്തിവിള ദിനേശും. അടുത്തിടെ മേജർ രവിയുടെ ഒന്നിലേറെ പ്രസ്താവനകൾ ചർച്ചയായിരുന്നു. ശാന്തിവിള ദിനേശിന്റെ വിമർശനത്തോട് മേജർ രവി ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











