ആന്റണി കച്ചവടം നോക്കി, പക്ഷെ ജീത്തു ആ കെണിയിൽ വീഴരുതായിരുന്നു; ദൃശ്യം 3 യെക്കുറിച്ച് ശാന്തിവിള
ദൃശ്യം സിനിമയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും എടുത്തത് തെറ്റായ തീരുമാനമാണെന്ന് ശാന്തിവിള ദിനേശ്. ആദ്യ ഭാഗമാണ് നല്ലതെന്നും രണ്ടും മൂന്നും ഭാഗങ്ങൾ ബിസിനസ് മാത്രമാണെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.എത്ര ഭംഗിയായി എടുത്ത സിനിമയാണ്. പണം വാരി പടവുമായിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കിൽ സാക്ഷാൽ കമൽ ഹാസൻ അഭിനയിച്ചിട്ട് പോലും ദൃശ്യത്തിന്റെ ഏഴ് അയലത്ത് എത്തിയില്ല.
മണിച്ചിത്രത്താഴിലും കിരീടത്തലുമൊക്കെ സംഭവിച്ചത് അതാണ്. ശ്രീനിവാസന്റെ കഥ പറയുമ്പോൾ എന്ന സിനിമ രജിനികാന്തിനെ വെച്ച് റീമേക്ക് ചെയ്തു. എന്തൊരു ദുരന്തമായിരുന്നു ആ സിനിമ. ശ്രീനിവാസൻ ഒരു സി ക്ലാസ് തിയറ്റർ ഓടിക്കുന്ന ജോലിക്കാരനായി ചെയ്യാനിരുന്ന സിനിമയായിരുന്നു ദൃശ്യം. ശ്രീനിവാസന് അഡ്വാൻസ് കൊടുക്കാൻ എം രഞ്ജിത്തിനൊപ്പം പോയത് ഞാനായിരുന്നു. പക്ഷെ നടന്നില്ല.
അഡ്വാൻസ് കൊടുത്തു. പക്ഷെ സിനിമ നടന്നില്ല. പിന്നെ അത് മോഹൻലാലിലെത്തി. ആന്റണി പെരുമ്പാവൂർ നിർമാതാവായി. ഫിലിം ഓടിച്ചിരുന്ന കഥാപാത്രം കേബിൾ ടിവി നടത്തുന്നവനുമായി. പടം ഗംഭീര വിജയമായി. കച്ചവടകണ്ണിലൂടെ ആന്റണി പെരുമ്പാവൂർ നോക്കുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷെ ജീത്തു ജോസഫ് ആ കെണിയിൽ വീഴരുതായിരുന്നു. വീണു. ദൃശ്യത്തിന്റെ ഏഴ് അയലത്ത് എത്തിയില്ല രണ്ടാം ഭാഗം. പക്ഷെ ആന്റണിക്ക് കാശ് കിട്ടി.

ഇപ്പോഴിതാ മൂന്നാം ഭാഗം വരുന്നു. തിരക്കഥയെഴുതാൻ ജീത്തു പേപ്പർ വാങ്ങുന്നതിന് മുമ്പ് തന്നെ 150 കോടിക്ക് ലാഭം എന്നൊക്കെ പറയുന്നു ആന്റണി. അത് നമ്മളുടെ വിഷയമല്ല. ചിത്രീകരണം തുടങ്ങുമ്പോൾ തന്നെ ലാഭമായി എന്ന് പറഞ്ഞ പടമാണ് ദൃശ്യം 3. 13 വർഷം മുമ്പ് 2013 ൽ റിലീസായ ദൃശ്യത്തിൽ ജോർജ് കുട്ടിയിൽ നിന്നും ഉത്തരങ്ങൾ കിട്ടാതായപ്പോൾ അഞ്ജുവിനെയും അനുവിനെയും സഹദേവൻ എന്ന കണ്ണിൽ ചോരയില്ലാത്ത പൊലീസുകാരൻ തല്ലിയപ്പോൾ പ്രേക്ഷകന്റെ നെഞ്ചിൽ നല്ല നീറ്റൽ ഉണ്ടായിരുന്നു. 13 വർഷം പിന്നിടുമ്പോൾ സഹദേവനെ പോരിന് വിളിക്കാൻ പാകത്തിൽ അനുവായ എസ്തർ വളർന്ന് പന്തലിച്ചു. ഇത് തന്നെ അൻസിബയുടെയും കാര്യം എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ദൃശ്യം 3 ഇമോഷണൽ സിനിമയാണെന്നാണ് മോഹൻലാലും ജീത്തും ജോസഫും പറയുന്നത്. ജോർജ് കുട്ടിയുടെ മനസ് എനിക്ക് ആദ്യം അറിയാമായിരുന്നു. രണ്ടാം ഭാഗം തൊട്ട് പതുക്കെ എന്റെ കയ്യിൽ നിന്ന് വഴുതിപ്പോയി. കാരണം ജോർജ് കുട്ടി പ്രവചനാതീതമായിക്കൊണ്ടിരിക്കുകയാണ്. കഥാകൃത്തിന്റെ നിയന്ത്രണത്തിൽ നിന്ന് വളർന്ന് പോയിക്കൊണ്ടിരിക്കുന്ന കഥാപാത്രമാണിത്. ഈ കഥാപാത്രം സൃഷ്ടിക്കുമ്പോൾ ജോർജ് കുട്ടി ഇങ്ങനെയൊക്കെയാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ലെന്ന് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ദൃശ്യം 3 പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ദൃശ്യം 3 കുറേക്കൂടി ഇമോഷണൽ സിനിമയാകാൻ സാധ്യതയുണ്ട്. 13 വർഷം കൊണ്ട് ആ കുടുംബം വലുതായി. കുട്ടികൾ വലുതായി. കുട്ടികൾ ചോദ്യം ചോദിക്കാൻ തുടങ്ങി. ജോർജ് കുട്ടിയൊരു പാവമാണ്. അയാൾ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. കയ്യബദ്ധമാണ്. അങ്ങനെ എത്രയോ ആൾക്കാർക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാൻ ജോർജ് കുട്ടി ശ്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം മോഹൻലാൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications