കോടതി കയറിയിറങ്ങി മടുത്തു, എട്ട് വർഷത്തോളമായിട്ടും...; മാനസികമായി തകർന്നെന്ന് ശാന്തിവിള ദിനേശ്
താൻ നിരന്തരം കോടതി കയറിയറങ്ങി മാനസികമായി തളർന്നെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. തനിക്കെതിരെ പലരും അനാവശ്യ കേസുകൾ കൊടുത്തെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഇന്ന് രാവിലെ ഒരാളെന്നെ വിളിച്ച് പറഞ്ഞത് സാറെ, സാറിന്റെ പഴയ സ്പാർക്ക് തിരിച്ച് വന്നു, സാർ വീണ്ടും ആക്ടീവായല്ലേ എന്നാണ്. ഞാനെപ്പോഴും ആക്ടീവ് ആണ്. പക്ഷെ അവർ പറയുന്നത് നമ്മുടെ ചാനൽ ഇടയ്ക്ക് തണുത്ത് പോയി എന്നാണ്. തണുത്ത് പോകാനുള്ള പ്രധാന കാരണം വഴിയേ പോകുന്നവരെല്ലാം എന്റെ പേരിൽ കേസ് കൊടുത്തതാണ്. കോടതി കയറി ഞാൻ മടുത്തു. പെെസയും സമയവും പോകുന്നത് മാത്രമല്ല. അവിടെ പോയി നിൽക്കുമ്പോൾ മാനസികമായി തകർന്ന് പോകും. കാരണം ജഡ്ജ് നമ്മുടെ മുഖത്ത് പോലും നോക്കില്ല.
പബ്ലിക് പ്രോസിക്യൂട്ടർ നമ്മളെ നോക്കുന്നത് ഏതോ വില്ലനെ നോക്കുന്നത് പോലെയാണ്. ജീവിതത്തിൽ ചില ആദർശങ്ങൾ വേണമെന്ന് പറഞ്ഞ് ജീവിക്കുന്ന നമ്മൾ കോടതിയിൽ പരിഹാസ്യനാകുന്നു. എന്തോ എനിക്ക് കോടതി കയറി മടുത്തു. ശബ്ദം വിറ്റ് ജീവിക്കുന്നവർ കേസ് കൊടുത്തിട്ട് എട്ട് വർഷത്തോളമായി. ഇന്ന് വരെ കേസ് കോടതിയിൽ വായിച്ചിട്ടില്ല.

എട്ട് വർഷം കൊണ്ട് ഞാനെത്ര മണിക്കൂർ കളഞ്ഞു, രൂപ കളഞ്ഞു എന്ന് നിങ്ങളാലോചിച്ച് നോക്കൂ. ഈ കേസ് കൊടുത്ത സ്ത്രീക്ക് വല്ല നഷ്ടവും ഉണ്ടോ. പലപ്പോഴും ഞാൻ ആലോചിക്കും അവരുടെ പേരിൽ 10 കേസ് കൊടുക്കണം എന്ന്. പിന്നെ ഞാനാലോചിക്കും എന്തിനെന്ന്. രണ്ട് പേരുടെയും അച്ഛൻ ഒരാൾ അല്ലല്ലോ. ഞാനങ്ങ് കളയും. പക്ഷെ കോടതി കയറുക എന്ന് പറഞ്ഞാൽ ബുദ്ധിമുട്ടാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
പല തവണ വിവാദ പരാമർശങ്ങൾ നടത്തിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. ഒന്നിലേറെ പരാതികളും ഇയാൾക്കെതിരെ വന്നു. സിനിമാ രംഗത്തെ സമകാലിക സംഭവങ്ങളിലെല്ലാം ശാന്തിവിള ദിനേശ് അഭിപ്രായങ്ങൾ തുറന്നടിക്കുന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് പറയാറെന്നാണ് ശാന്തിവിള ദിനേശിന്റെ വാദം. ഏത് താരത്തെയും മുഖമടച്ച് വിമർശിക്കാൻ ശാന്തിവിള ദിനേശിന് ഇന്ന് മടിയില്ല. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിവരെല്ലാം ശാന്തിവിള ദിനേശിന്റെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നിർമാതാവ് സാന്ദ്ര തോമസ് തുടങ്ങിയവർ ശാന്തിവിള ദിനേശിനെതിരെ പരാതി നൽകിയിരുന്നു. ജീവിതത്തിൽ ഒന്നും ആകാതെ പോയ ആളുടെ അമർഷമാണ് ശാന്തിവിള ദിനേശിലെന്നാണ് ഒരിക്കൽ ഭാഗ്യലക്ഷ്മി പറഞ്ഞത്. ബംഗ്ലാവിൽ ഔത എന്ന ഒരു സിനിമ മാത്രമാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്തത്. നിരവധി സിനിമകൾക്ക് സഹസംവിധായകനായിട്ടുണ്ട്. ചില സീരിയലുകളും സംവിധാനം ചെയ്തു. ബംഗ്ലാവിൽ ഔത പരാജയപ്പെട്ട സിനിമയാണ്. തന്റെ ആദർശങ്ങൾ വിട്ട് തലകുനിച്ച് നിൽക്കാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് പിന്നീട് സിനിമകൾ ചെയ്യാതിരുന്നതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഏറെക്കാലമായി അഭിപ്രായ പ്രകടനങ്ങളിലൂടെയാണ് ശാന്തിവിള ദിനേശ് ശ്രദ്ധ നേടാറുള്ളത്.


Click it and Unblock the Notifications