എന്ത് സംഭവിച്ചാലും അവളെയേ കെട്ടൂ എന്ന് ദിലീപ്, ഞാനതിൽ ബഹുമാനിക്കുന്നു: ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ ദിലീപിന് വേണ്ടി സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. ദിലീപ് നിരപരാധിയാണെന്ന് ശാന്തിവിള ദിനേശ് ശക്തമായി വാദിക്കുന്നു. ഇതിന് വേണ്ടി അതിജീവിതയെ പരോക്ഷമായി അവഹേളിക്കാൻ പോലും ശാന്തിവിള ദിനേശ് മടിച്ചിട്ടില്ല. ദിലീപിനെ അനുകൂലിച്ച് കൊണ്ട് ശാന്തിവിള ദിനേശ് തന്റെ പുതിയ വീഡിയോയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മീനാക്ഷിയെയും ദിലീപിനെയും കാവ്യ മാധവനെയും കുറിച്ചാണ് പരാമർശം.
അച്ഛൻ ക്രൂരനാണെന്ന് മനസിലാകാത്ത മകനാണോ എംബിബിഎസ് പാസായത് എന്നാണ് ഒരുത്തൻ ചോദിക്കുന്നത്. അച്ഛൻ ക്രൂരനല്ല, ഹൃദയാലുവാണ്. അച്ഛനെയും ഒരു പെൺകുട്ടിയെയും ചേർത്ത് അനാവശ്യങ്ങൾ പറഞ്ഞപ്പോൾ ആ പെൺകുട്ടിയുടെ കുടുംബ ജീവിതം തകർന്നു. നാട്ടുകാർ മുഴുവൻ എനിക്കെതിരായാലും കുഴപ്പമില്ലെന്ന് പറഞ്ഞ് അവളെ വിവാഹം കഴിച്ചവനാണ് ദിലീപ്.

ഞാനതാണ് അയാൾക്ക് കൊടുക്കുന്ന ബഹുമാനം. കാവ്യ മാധവൻ എന്ന പെൺകുട്ടി കാരണമാണ് അയാളുടെ ദാമ്പത്യ ജീവിതം തകർന്നതെന്ന് ഇവിടെ ഒരുപാട് പേർ പറഞ്ഞു. അവളുടെ ദാമ്പത്യ ജീവിതവും തകർന്നു. ഞാൻ നിമിത്തമാണല്ലോ ആ പെൺകുട്ടിയുടെ ജീവിതം തകർന്നതെന്ന് കരുതി എന്ത് നഷ്ടം വന്നാലും കേരളം മുഴുവൻ പെണ്ണ് പിടിയൻ എന്ന് പറഞ്ഞാലും ഞാനവളയേ കെട്ടൂ എന്ന് പറഞ്ഞയാളാണ്. അതുകൊണ്ട് ദിലീപിനെ താൻ ബഹുമാനിക്കുന്നെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
നടി മഞ്ജു വാര്യരാണ് ദിലീപിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ പിറന്ന മകളാണ് മീനാക്ഷി. 2015 ൽ മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം 2016 ൽ ദിലീപ് കാവ്യയെ വിവാഹം ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ദിവസമാണ് ദിലീപ് കുറ്റവിമുക്തനായത്. കോടതി വിധി അതിജീവിതയ്ക്ക് പൂർണ നീതി നൽകിയിട്ടില്ലന്ന് മഞ്ജു വാര്യർ പ്രതികരിച്ചു.

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പാക്കി എന്ന് പറയാനാകില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും പുറത്ത് പകൽവെളിച്ചത്തിൽ ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഡമാകാൻ അത് കൂടി കണ്ടെത്തിയേ തീരൂ.
ഇത് അവൾക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും സധെെര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. ഉണ്ടായേ തീരൂ. അന്നും ഇന്നും എന്നും അവൾക്കൊപ്പം എന്നാണ് മഞ്ജു വാര്യർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്. വിധി പറഞ്ഞ ജഡ്ജിക്കെതിരെ അതിജീവിതയും പ്രസ്താവന പുറത്ത് വിട്ടിട്ടുണ്ട്.


Click it and Unblock the Notifications











