'ഉർവശിയുടെ കഥാപാത്രത്തിന് പ്രാധാന്യം സുരേഷ് ഗോപി ഇറങ്ങിപ്പോയി, നടന്റെ തെമ്മാടിത്തരം മൂലം മാക്ട സംഘടനയുണ്ടായി'
ബംഗ്ലാവിൽ ഔത അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്ത് ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. ഇപ്പോൾ സിനിമാ മേഖലയിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമയിൽ താൻ പ്രവർത്തിച്ചിരുന്ന കാലത്തെ ഓർമകളും അനുഭവങ്ങളുമെല്ലാം സ്വന്തം യുട്യൂബ് ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെ ശാന്തിവിള ദിനേശ് പങ്കിടാറുണ്ട്. അവയിൽ പല തുറന്ന് പറച്ചിലുകളും വിവാദങ്ങളും വലിയ പ്രശ്നങ്ങളിലേക്കും വഴിവെച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ മാക്ട സംഘടന രൂപം കൊള്ളാനുണ്ടായ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. സുരേഷ് ഗോപി കാണിച്ച തെമ്മാടിത്തരമാണ് മാക്ട സംഘടന തുടങ്ങാൻ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും പ്രേരിപ്പച്ചതെന്നാണ് ശാന്തിവിള ദിനേശ് പുതിയ വീഡിയോയിൽ പറയുന്നത്.

മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ എന്നതാണ് മാക്ടയുടെ പൂർണനാമം. ശാന്തിവിള ദിനേശിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'സുരേഷ് ഗോപി സൂപ്പർതാരമായി നില്‍ക്കുന്ന സമയത്താണ് സിറ്റി പോലീസ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹം കൊച്ചിയില്‍ വരുന്നത്. കലൂർ ഡെന്നീസിന്റെ തിരക്കഥയില്‍ വേണു ബി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.'
'സംസ്ഥാന മുഖ്യമന്ത്രിയെ വെടിവെച്ചിട്ട് ഒരു വീടിന്റെ രണ്ടാം നിലയില്‍ ഒളിവില്‍ കഴിയുന്ന നായകനായിട്ടാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. അയാളെ അന്വേഷിക്കുന്ന പൊലീസ് ഓഫീസറായി കക്ക രവിയാണ് അഭിനയിക്കുന്നത്. ഭൂരിഭാഗം സീനുകളും മുറിയില്‍ വെച്ചാണ് ഷൂട്ട് ചെയ്യുന്നതെന്ന് അറിഞ്ഞതോടെ സുരേഷ് ഗോപി അസ്വസ്ഥനായി.'
'താരപകിട്ടിലേക്ക് കയറി വരുന്ന സമയമാണല്ലോ. എടുത്ത ഒരു സീന്‍ മാറ്റി എടുക്കാന്‍ സംവിധായകന്‍ ഒരുങ്ങിയപ്പോൾ വീണ്ടും അഭിനയിക്കാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഉടക്കിന്റെ വിവരം അറിഞ്ഞ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ് സെറ്റിലേക്ക് എത്തി. ജോഷിയോ ഐവി ശശിയോ പിജി വിശ്വംഭരനോ ഭരതനോ പറഞ്ഞാല്‍ എടുത്ത സീന്‍ റീ ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് നീ പറയുമോ മര്യാദക്ക് പോയി ചെയ്യടോ എന്നായിരുന്നു കലൂർ ഡെന്നീസ് സുരേഷ് ഗോപിയോട് പറഞ്ഞത്.'
'അമർഷം കടിച്ച് പിടിച്ച് ആ സീന്‍ ചെയ്ത് സുരേഷ് ഗോപി വരുമ്പോള്‍ സ്വയം പറയുന്നത് പോലെ മോശമല്ലാത്ത ഒരു തെറി പറഞ്ഞിട്ട് സുരേഷ് ഗോപി പോയി. സിനിമ പൊളിഞ്ഞുപോകും എന്ന അർത്ഥത്തിലാണ് സുരേഷ് ഗോപി സ്വയം എന്തോ പിറുപിറുത്ത് പറഞ്ഞത്.'

'നിർമ്മാതാവായ പാലമറ്റം മജീദ് സുരേഷ് ഗോപി പറഞ്ഞുപോയ ആ വാക്കുകള്‍ കേട്ടു. അദ്ദേഹം വിവരം കലൂർ ഡെന്നീസിനെ അറിയിച്ചു. ഉടൻ കലൂർ ഡെന്നീസ് വന്ന് തെറി ചേർത്ത് നാടന്‍ ഭാഷയില്‍ അറഞ്ചം പുറഞ്ചം സുരേഷ് ഗോപിയെ പറഞ്ഞു. സിറ്റി പൊലീസ് തുടങ്ങുന്ന ദിവസം കർപൂര ദീപം എന്ന സിനിമയ്ക്കുള്ള അഡ്വാന്‍സും സുരേഷ് ഗോപിക്ക് ലഭിച്ചിരുന്നു.'
'ഇതിനിടയില്‍ ആരോ ഒരു പാര സുരേഷ് ഗോപിയുടെ ചെവിയിലോതി. ചിത്രത്തില്‍ ഉർവ്വശിക്കാണ് പ്രാധാന്യം എന്നാണ് ആരോ പറഞ്ഞ് കൊടുത്തത്. ലൊക്കേഷനില്‍ വന്നപാടെ സീന്‍ നമ്പർ 46 വായിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആ സീനില്‍ ഉർവശിയുടെ കഥാപാത്രം നിറഞ്ഞാടാുള്ളതുണ്ടായിരുന്നു. സീൻ വായിച്ചതോടെ ഈ തിരക്കഥ മാറ്റണമെന്നായി സുരേഷ് ഗോപിയുടെ ആവശ്യം.'
'എന്നാല്‍ ഒരു വരി മാറ്റില്ലെന്നായിരുന്നു കലൂർ ഡെന്നീസിന്റെയും സംവിധായകന്റെയും തീരുമാനം. ഇതോടെ സുരേഷ് ഗോപി ആ ചിത്രത്തില്‍ അഭിനയിക്കാതെ ഇറങ്ങി പോയി. അതോടെ നിർമ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായി. സുരേഷ് ഗോപിയുടെ ഈ തെമ്മാടിത്തരം കാരണം ആദ്യമായി ഒരു സംഘടന എന്ന ആലോചന സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും ഇടയിലുണ്ടായി. ആദ്യം തിരക്കഥാകൃത്തുകള്‍ക്ക് മാത്രമായി എന്നായിരുന്നു ആലോചന.'
'വിവരം ഡെന്നീസ് ജോസഫിനേയും അറിയിച്ചു. ജോഷി സാറാണ് സംവിധായകരേയും ചേർക്കണമെന്ന് പറയുന്നത്. ജേസി സാറായിരുന്നു മാക്ടയുടെ ആദ്യ ചെയർമാന്‍. ജോണ്‍ പോളായിരുന്നു ആദ്യ ജനറല്‍ സെക്രട്ടറി. അവിടെ നിന്നാണ് സംഘടന വളരുന്നത്', എന്നാണ് മാക്ടയുടെ പിറവിയെ കുറിച്ച് സംസാരിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്.


Click it and Unblock the Notifications