"അഭിനയത്തിലെ പ്രശ്നം, ഇനിയെങ്കിലും പ്രണവ് ശ്രദ്ധിക്കണം; മിംഗിൾ ചെയ്യാത്ത ശീലം കൊണ്ടായിരിക്കും"
മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ് പ്രണവ് മോഹൻലാൽ നായകനായെത്തിയ ഡിയസ് ഇറ. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം മികച്ച ഹൊറർ സിനിമകളിലൊന്നാണെന്ന് പ്രേക്ഷകർ പറയുന്നു. പ്രണവ് മോഹൻലാലിന്റെ പ്രകടനവും എടുത്ത് പറയുന്നുണ്ട്. ഇപ്പോഴിതാ ഡിയസ് ഇറയെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മികച്ച ചിത്രമാണ് ഡിയസ് ഇറയെന്ന് അഭിപ്രായപ്പെട്ട ശാന്തിവിള ദിനേശ് പ്രണവ് മോഹൻലാലിന്റെ പ്രകടനത്തിൽ തനിക്ക് തോന്നിയ അപാകതയും പങ്കുവെച്ചു.
ലാൽ ഫാൻസിന്റെ സെക്രട്ടറി അല്ലാത്ത നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയാൽ തനിക്ക് നന്നായി പെർഫോം ചെയ്യാൻ കഴിയുമെന്ന് പ്രണവ് തെളിയിച്ച ആദ്യത്തെ സിനിമയാണ് ഡിയസ് ഇറ. ആദ്യമത്യാദം പ്രണവ് നന്നായി. അധികം ആരോടും പ്രണവ് മിംഗിൾ ചെയ്യാത്ത ശീലം പഠിച്ചത് കൊണ്ടായിരിക്കണം ഓരോ ഡയലോഗിന്റെയും ആദ്യം തേഞ്ഞ് പോകുന്നു. ഡബ്ബിംഗിൽ മാത്രമല്ല, ക്യാമറയ്ക്ക് മുന്നിൽ ഡയലോഗ് ഡെലിവറി നടത്തുമ്പോഴും പ്രണവ് ഇത് ശ്രദ്ധിക്കണം എന്നാണെനിക്ക് പറയാനുള്ളത്.

രാഹുൽ സദാശിവനോ മുഖ്യ ശിഷ്യൻമാരോ ചിത്രീകരിക്കുമ്പോഴോ ഡബ് ചെയ്യുമ്പോഴോ ശ്രദ്ധിക്കാതെ പോയ കാര്യമാണിതെന്ന് തോന്നും. ഇവർ ഒരു നൂറ് പ്രാവശ്യം കണ്ടിരിക്കും. അതുകൊണ്ട് അവർക്ക് ഫീൽ ചെയ്യില്ല. ആദ്യമായി ഒരാൾ കാണുമ്പോൾ ഡയലോഗിന്റെ തുടക്കം ക്യാച്ച് ചെയ്യാനാകാതെ പോകുന്നത് ശരിയായ രീതിയല്ല ഒരു അഭിനേതാവിന്. അത് ഇനിയെങ്കിലും പ്രണവ് ശ്രദ്ധിക്കണം എന്നാണെനിക്ക് പറയാനുള്ളത്. ഒരു സീനിലെയും തുടക്കത്തിലെ വാക്ക് നമുക്ക് പിടി കിട്ടില്ല.
വാ തുറക്കാതെയാണ് അയാൾ സംസാരിക്കുന്നത്. വാ തുറന്ന് സംസാരിക്കാൻ പറയണം. ഉള്ളിൽ നിന്ന് ഗദ്ഗദം പോലെയാണ് ഡയലോഗ് ഡെലിവറി തുടങ്ങുന്നത്. ഡിയസ് ഇറേയുടെ റിവ്യൂ അല്ല ഞാൻ പറയുന്നത്. സിനിമയിൽ സഹകരിച്ച ചിലരെക്കുറിച്ചുള്ള തോന്നലുകളാണ് പങ്കുവെക്കുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഡിയസ് ഇറയിൽ കാണിക്കുന്ന രണ്ട് വീടുകളും അന്തരീക്ഷവും കഥപറച്ചിലിൽ വലിയ സഹായമായി. പടം കണ്ട് 72 മണിക്കൂർ കഴിഞ്ഞിട്ടും പാൽക്കാരിയുടെ വീടും അവരുടെ മകന്റെ കിടപ്പുമുറിയും എന്റെ മനസിൽ നിന്ന് മായുന്നില്ല.

പാവം തോന്നി ആ അമ്മയോടും മകനോടും. ജയ കുറുപ്പ് എന്ന നാടക നടിയാണ് ആ അമ്മയുടെ വേഷം ചെയ്തത്. നാടകത്തിൽ നിന്നും വരുന്നവർ കുറേ സിനിമകളിലെല്ലെങ്കിലും അവരുടെ നാടകം കാണിക്കും. ചിലർ തിലകൻ ചേട്ടനെ പോലെ ക്യാമറയുടെ മുന്നിൽ നാടകം മറക്കും. മറ്റ് ചിലർ മരിക്കുന്നത് വരെയും ക്യാമറയ്ക്ക് മുന്നിൽ നാടകം ചെയ്യും. എന്നാൽ ജയ കുറുപ്പ് അതിൽ വ്യത്യസ്തയായി. അവരും ഭർത്താവ് നാരായണ കുറുപ്പും നാടക നടനാണ്. 30 വർഷമായത്രെ അവർ തട്ടിൽ കയറാൻ തുടങ്ങിയിട്ട്. സിനിമയിൽ ജയ കുറുപ്പ് കസറിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications











