ബിജു മേനോൻ ചങ്ങാതിക്കൂട്ടത്തിന് മുന്നിൽ ജീവിതം ആഘോഷിച്ച് തീർക്കുന്നു, ബിജുവിന് ദേഷ്യം വരരുത്: ശാന്തിവിള ദിനേശ്
സിനിമാ പ്രൊമോഷനിൽ എത്താത്തതിന്റെ പേരിൽ പ്രൊഡ്യൂസേർസ് അസോസിയേഷൻ ബിജു മേനോനെതിരെ കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. പ്രൊമോഷന് എത്താത്തതിന്റെ പേരിൽ 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ആരോപണം. നടന്ന സംഭവം എന്ന സിനിമയുടെ ബിജു മേനോൻ പ്രൊമോഷന് എത്താതെ ഉഴപ്പി എന്നാണ് ഈ സിനിമയുടെ നിർമാതാവ് അനൂപ് കണ്ണൻ ആരോപിക്കുന്നത്. സംഭവത്തിൽ ശാന്തിവിള ദിനേശിന്റെ പ്രതികരണമാണിപ്പോൾ ശ്രദ്ധ നേടുന്നത്. അന്തരിച്ച നടൻ രതീഷിനെ പോലെ ബിജു മേനോനും സിനിമാ രംഗത്തെ ഗൗരവമായെടുക്കുന്നില്ലെന്ന് ശാന്തിവിള ദിനേശ് വിമർശിച്ചു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
രതീഷ് കിട്ടിയതെല്ലാം വെച്ച് ജീവിതം ആഘോഷമാക്കി മാറ്റി. സെറ്റുകളിൽ കൃത്യമായി എത്താതിരിക്കുക, കമ്പനി കൂടി ഹോട്ടൽ മുറിയിൽ കിടക്കുക, സിനിമ പിടിച്ച് ലക്ഷങ്ങൾ കളയുക എന്നതൊക്കെയായിരുന്നു രതീഷിന്റെ സ്റ്റെെൽ. നിനച്ചിരിക്കാതെ ഒരു ദിവസം രതീഷ് പോയി. ആരും ഒതുക്കാതെ രതീഷ് സ്വയം ഒതുങ്ങി എന്ന് പറയാം. ഇപ്പോഴത്തെ മലയാള സിനിമയിൽ ഇങ്ങനെ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ ബിജു മേനോൻ അത്തരക്കാരനാണെന്ന് ഞാൻ പറയും.

കിട്ടിയത് മതിയെന്നല്ലാതെ ആർത്തിയില്ല. സപ്പോർട്ടിംഗ് ക്യാരക്‌ടറുകൾ ചെയ്ത് ലാലു അലക്സിനെയും മുരളി ചേട്ടനെയും പോലെ കയ്യടി നേടി നായക നിരയിലേക്ക് വന്നയാളാണ് ബിജു മേനോൻ. തന്നെ തേടി വരുന്ന നല്ല വേഷങ്ങൾ കേൾക്കാൻ പോലും തയ്യാറാകാതെ ഉഴപ്പനോ മടിയനോ ആയി മാറി മേനോൻ. ഒരു വലിയ ചങ്ങാതിക്കൂട്ടത്തിന് മുന്നിൽ കിട്ടിയതെല്ലാം ഓണം ബംബർ എന്ന കണക്കിൽ ജീവിതം ആഘോഷിച്ച് തീർക്കുകയാണെന്ന് ഞാൻ പറഞ്ഞാൽ കള്ളം പറയുകയാണെന്ന് പറയരുത്.
ബിജുവിന് ദേഷ്യം വരരുത്. ശക്തമായ യുവ തരംഗം ഇപ്പോൾ മലയാള സിനിമയിൽ കുതിക്കുകയാണ്. അവരോടൊപ്പം പിടിച്ച് നിൽക്കണമെങ്കിൽ മോഹൻലാലിനും മമ്മൂട്ടിക്കും പോലും നല്ല ഹോം വർക്ക് ചെയ്യണം. അവിടെയാണ് തന്റെ പടം പൊട്ടിയാലെന്ത്, എന്ത് ചിന്തിക്കുന്ന ബിജു മേനോന്റെ നിൽപ്പ്. പ്രൊമോഷനൊന്നും ഞാനില്ല, എനിക്കെന്റെ കൂട്ടുകാരോടൊപ്പം അടിച്ച് പൊളിക്കണം എന്ന വാശിക്കാരനാണ് ബിജു മേനോൻ. വെള്ളിമൂങ്ങയിൽ തന്നെ നിൽക്കുകയാണ് ബിജു മേനോന്റെ വിജയ ചരിത്രമെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
ബിജു മേനോനെക്കുറിച്ച് നിർമാതാവ് സന്തോഷ് ടി കുരുവിള സംസാരിച്ചിരുന്നു. ബിജു മേനോൻ എന്ന ആക്ടർ ഗംഭീര ആക്ടർ ആണ്. ബിജു മേനോനെ നന്നായിട്ട് അറിയാവുന്നവർ അയാളിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ അത്രയേ പ്രതീക്ഷിക്കാവൂ. എന്റെ കൂടെ അദ്ദേഹം പ്രവർത്തിച്ച സമയത്ത് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കൃത്യസമയത്ത് വരുമായിരുന്നു. ഒന്നോ രണ്ടോ മൂന്നോ ഇന്റർവ്യൂവിന് വന്നു. അതിൽ കൂടുതൽ പുള്ളിയോട് ഡിമാന്റ് ചെയ്തില്ല. ഒരു നടനെ സിനിമയിലേക്ക് കൊണ്ട് വന്നാൽ ആ നടനിൽ നിന്നും ഇത്രയേ കിട്ടൂ എന്ന ചിന്ത പ്രൊഡ്യൂസർക്ക് വേണമെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.


Click it and Unblock the Notifications











