ആന്റണി ഇരിക്കുന്നത് പോലെ ജോർജിരുന്നാൽ വിവരം അറിയും; ഫോട്ടോഗ്രാഫറോട് രഹസ്യമായി പറഞ്ഞത്: ശാന്തിവിള ദിനേശ്
മമ്മൂട്ടിയെക്കുറിച്ച് തുറന്ന് സംസാരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. കഴിഞ്ഞ ദിവസം കൊട്ടിയൂർ ക്ഷേത്രത്തിൽ വെച്ച് ഫോട്ടോഗ്രാഫറെ ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവർ കയ്യേറ്റം ചെയ്ത സംഭവത്തെ വിമർശിക്കവെയാണ് മമ്മൂട്ടിയെക്കുറിച്ച് ശാന്തിവിള പരാമർശിച്ചത്.
മമ്മൂട്ടിയുടെ സെറ്റിലെ രീതികളും ഒപ്പമുള്ളവരെക്കുറിച്ചുമാണ് സംവിധായകൻ സംസാരിച്ചത്. ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് പരാമർശം.എന്തെന്ന് കേട്ടാൽ കുന്തമെന്ന് പറയുന്ന സ്വഭാവമാണല്ലോ മമ്മൂക്കയ്ക്ക്. അതൊരു ക്യാരക്ടറാണ്. സിനിമയിൽ വന്ന് ചുവടുറപ്പിച്ചു എന്ന് ഉറപ്പായ സമയത്ത് മമ്മൂട്ടി അന്നത്തെ പ്രശസ്തരായ ഫോട്ടോഗ്രാഫർമാരോട് മൂന്ന് മാസത്തേക്ക് ഇനി സ്റ്റിൽ ക്യാമറകളുടെ മുന്നിൽ നിൽക്കേണ്ട എന്നാണ് എന്റെ തീരുമാനം എന്ന് കൂടെക്കൂടെ പറയും.
അവർ ഓഫീസിൽ ചെന്ന് ഈ വിവരം അറിയിക്കും. അപ്പോൾ മമ്മൂട്ടിക്കെതിരെ മോശമായി എഴുതും. പിന്നെയും കുറച്ച് ദിവസം കഴിയുമ്പോൾ ഇത് മറന്ന് പോകും. അദ്ദേഹം ക്യാമറയുടെ മുന്നിൽ നിൽക്കും. ഒരു വലിയ സിനിമാ വാരികയുടെ ഫോട്ടോഗ്രാഫർ ഒരിക്കൽ എന്നോട് പറഞ്ഞത് കുറച്ച് കാലത്തേക്ക് ക്യാമറയുടെ മുന്നിൽ നിൽക്കേണ്ട എന്ന് വാചകമടിക്കുന്ന ഇതേ മമ്മൂട്ടി എന്നെ ഒറ്റയ്ക്ക് മാറ്റി നിർത്തി കുറച്ച് പടങ്ങളെടുക്കണമെന്നും അത് നിങ്ങളുടെ വാരികയിൽ അടിച്ച് വരാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ ആളാണ് ദിനേശേ എന്നാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

പ്രേം നസീറാണ് മലയാള സിനിമയിൽ പേഴ്സണൽ മേക്കപ്പ്മാനെയും കോസ്റ്റ്യൂമറെയുമൊക്കെ ആദ്യം വെച്ചയാൾ. സ്വന്തം കാറും സ്വന്തം ഡ്രെെവറെയും വെച്ചത് നസീർ സാറാണ്. മധു സാറടക്കം ഒരാളും ആരെയും കൊണ്ട് വന്നില്ല. നസീർ സാറിനെ പോലെ ജയനും മേക്കപ്പ് മാനെ വെച്ചു. മമ്മൂട്ടി താരമായപ്പോൾ ഈ പറഞ്ഞവരെ കൂടാതെ സ്വന്തം കുക്കിനെയും കൂടി സെറ്റിൽ കൊണ്ട് വന്നു. കുഞ്ഞിമോൻ എന്നോ മറ്റാേ ആണ് ആ ചെറുപ്പക്കാരന്റെ പേര്. നല്ല സ്മാർട്ട് പയ്യനാണ്.
നേരം വെളുക്കുമ്പോൾ നിർമാതാവിൽ നിന്നും ഒരു കാറും കുറച്ച് കാശും വാങ്ങിക്കും. അന്നത്തെ കാലത്ത് മൂവായിരത്തോളം. ഷൂട്ടിംഗ് സ്ഥലത്തിനടുത്തുള്ള മാർക്കറ്റിൽ പോയി ഒരു ചുമട് മീൻ വാങ്ങിക്കൊണ്ട് വരും. ചോറിന് പകരം മീനുകളും മീനിന് പകരം ചോറുകളും മെഗാസ്റ്റാറിന് വിളമ്പിക്കൊടുക്കും. ഞാൻ അത് ഒരുപാട് കണ്ടിട്ടുണ്ട്. അന്നത്തെ കാലത്ത് കാരവാനൊന്നുമില്ല. അന്നത്തെ കാലത്ത് വികെ ശ്രീരാമനൊക്കെയായിരുന്നു സുഹൃത്ത്.

അവർക്കൊക്കെ മീൻ കഷ്ണമെടുത്ത് ഇട്ട് കൊടുക്കുകയും ചെയ്യും. പക്ഷെ പ്രേം നസീർ മുതൽ മമ്മൂട്ടി മോഹൻലാൽ വരെയുള്ളവരുടെ എർത്തുകൾ ഷൂട്ടിംഗ് സ്ഥലത്തോ താരം പോകുന്നിടത്തോ ഇടപെട്ടിട്ടില്ല. ആന്റണി പെരുമ്പാവൂർ ഒന്നുമില്ലെങ്കിലും മോഹൻലാലിന്റെ കഥ കേൾക്കാനെങ്കിലും ഇരിക്കും.
ജോർജ് ഇരുന്നാൽ വിവരം അറിയും. അതിൽ മമ്മൂട്ടിയെ സമ്മതിക്കണം. നിർത്തേണ്ടവരെ നിർത്തേണ്ടിടത്ത് നിർത്തും. ഒപ്പമുള്ളവരെക്കുറിച്ച് ആർക്കും പരാതി പറയേണ്ടി വന്നിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.facebook.com/GeorgeMammootty നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.


Click it and Unblock the Notifications