'കുന്തിരിക്കം പുകച്ചത് പോലെ സിഗരറ്റിന്റെ പുക; പുകയിൽ ശ്രീനി ചേട്ടനെ കാണില്ല; നടന്റെ റൂമിൽ പോയപ്പോൾ'
കഴിഞ്ഞ ദിവസമാണ് ധ്യാൻ ശ്രീനിവാസൻ പിതാവ് ശ്രീനിവാസനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയായത്. അച്ഛനുൾപ്പെടെയുള്ള പല എഴുത്തുകാർക്കും അറിവുണ്ടെങ്കിലും തിരിച്ചറവില്ലെന്ന് ധ്യാൻ ശ്രീനിവാസൻ തുറന്നടിച്ചു. തിരിച്ചറിവില്ലാത്തത് കൊണ്ടാണ് മോഹൻലാൽ ഹിപോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞതെന്നും ഒരാളെ അപകീർത്തിപ്പെടുന്നത് അഭിപ്രായമായി കാണാനാകില്ലെന്നും ധ്യാൻ തുറന്നടിച്ചു. ധ്യാനിന്റെ പരാമർശത്തെക്കുറിച്ച് പല അഭിപ്രായങ്ങളും വന്നു.
ചിലർ നടൻ പറഞ്ഞത് ശരിയാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ ചിലർ അച്ഛനെ പൊതുവേദിയിൽ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്നും പറഞ്ഞു. ധ്യാൻ ശ്രീനിവാസന്റെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ധ്യാനിന്റെ തുറന്ന് പറച്ചിൽ തനിക്കിഷ്ടമായെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടു. ഒപ്പം ശ്രീനിവാസന്റെ പുകവലി ശീലം നടനെ എങ്ങനെ ബാധിച്ചെന്നും ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു.

പുകവലി ശീലത്തിൽ താൻ മുന്നറിയിപ്പ് നൽകിയെങ്കിലും ശ്രീനിവാസൻ അത് പരിഹസിച്ച് കളയുകയാണുണ്ടായതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. 'അലോപ്പതി ചികിത്സ പറ്റിപ്പാണെന്നും ആരും അതിലേക്ക് പോകരുതെന്നും ആയുർവേദവും പ്രകൃതി ചികിത്സയും യുനാനിയുമൊക്കെ വേണം പരീക്ഷിക്കാനെന്ന് അദ്ദേഹം പറഞ്ഞു. സ്വയം പരീക്ഷിച്ച് സ്വന്തം ശരീരത്തെ നശിപ്പിച്ച ആളാണ്. അല്ലെങ്കിൽ ഇത്രയും അനാരോഗ്യവാനാകില്ലായിരുന്നു'
'അവസാനം അലോപ്പതിയിൽ തന്നെ ശരണം പ്രാപിച്ചു. സിഗരറ്റിലൂടെയും മദ്യത്തിലൂടെയും സർഗ സൃഷ്ടിക്കാടി മനനം ചെയ്ത് തന്റെ ശരീരത്തിലെ ആന്തരിക അവയവങ്ങളെ മുഴുവൻ തകർത്ത ആളാണ്. സ്വയംവരപ്പന്തൽ ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ റൂമിൽ സ്ക്രിപ്റ്റ് വാങ്ങിക്കാൻ ചെല്ലുമ്പോൾ മുറി തുറന്നാൽ ശ്രീനി ചേട്ടൻ എവിടെയിരിക്കുന്നു എന്ന് പറയാൻ പറ്റില്ല'

'കുന്തിരിക്കം പുകച്ചത് പോലെ റൂം മുഴുവൻ സിഗരറ്റിന്റെ പുക. എസി റൂമല്ലേ. ഒരു ജനാല പോലും പുള്ളി തുറന്നിടില്ല. ആ പുകയ്ക്കകത്തിരിക്കുന്ന മനുഷ്യനണ്. ജീവിതത്തിൽ ഒരിക്കൽ പോലും സിഗരറ്റ് വലിച്ചിട്ടില്ലാത്ത ഞാൻ ഒരു ജന്മം വലിക്കാനുള്ള നിക്കോട്ടിൻ അകത്താക്കി. ചേട്ടാ എന്തിനാണ് സ്വയം ദ്രോഹം കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ പരിഹസിച്ച് കളഞ്ഞതേയുള്ളൂ'
'അതിന്റെ ഭവിഷ്യത്ത് പുള്ളി ഇപ്പോഴാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. പെട്ടെന്നാണ് പുള്ളി അനാരോഗ്യവാനായി മാറിയത്. ആശുപത്രിയിൽ നിന്ന് ജീവനോടെ ശ്രീനിവാസൻ പുറത്ത് വരില്ലെന്ന് നാലഞ്ച് പേരെങ്കിലും എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. സ്വയം ചികിത്സയിലൂടെ സ്വയം നശിപ്പിച്ചു എന്ന് പറയുന്നതായിരിക്കും ശരി,' ശാന്തിവിള ദിനേശ് പറഞ്ഞു.
അതേസമയം ശ്രീനിവാസന്റെ നല്ല ഗുണങ്ങളെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. കാശിൽ ആക്രാന്തം ഉള്ളയാൾ ആയിരുന്നില്ല. ഏതെല്ലാം വഴിയിൽ എല്ലാം എനിക്കിരിക്കട്ടെ എന്ന് ചിന്തിക്കാത്ത ചുരുക്കം സിനിമാക്കാരിൽ ഒരാളായിരുന്നു ശ്രീനിവാസൻ. ഇൻകം ടാക്സ് കൃത്യമായി അടയ്ക്കും. അതിൽ ഒരിക്കലും വിമുഖത കാണിച്ചില്ല.
ശ്രീനിവാസൻ കൂടുതൽ ക്ഷമതയോടെ ജീവിതത്തിൽ തിരിച്ച് വരുമെന്ന വാർത്ത കണ്ടെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ശ്രീനിവാസനെ രൂക്ഷമായി വിമർശിച്ച് നേരത്തെ ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. ശ്രീനിവാസൻ മോഹൻലാലിനെതിരെ പരാമർശം നടത്തിയപ്പോഴും ശാന്തിവിള ദിനേശ് രംഗത്ത് വന്നു.


Click it and Unblock the Notifications