'കൊട്ടാരത്തിൽ നോൺ വെജ് പറ്റില്ല, മമ്മൂട്ടിക്കാണെങ്കിൽ ചിന്തിക്കാനാകില്ല; പിച്ചള അലർജി, പകരം സ്വർണമാല'
പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ റി റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടി, മാധവി തുടങ്ങിയവരുടെ അവിസ്മരണീയ പ്രകടനം ബിഗ് സ്ക്രീനിൽ കാണാനായതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ഒരു വടക്കൻ വീരഗാഥ 1989 ലാണ് റിലീസ് ചെയ്തത്. സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.
മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു. മികച്ച തിരക്കഥ, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസെെൻ എന്നിവയ്ക്കും പുരസ്കാരം ലഭിച്ചു. എട്ട് സംസ്ഥാന പുരസ്കാരങ്ങളാണ് ഒരു വടക്കൻ വീരഗാഥ നേടിയത്. വടക്കൻ വീരഗാഥയ്ക്ക് പിന്നിലെ കഥകൾ പങ്കുവെക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. മമ്മൂട്ടിയുടെ പെർഫോമൻസിനെയും സിനിമയുടെ മറ്റ് മേഖലകളിലെ മികവിനെയും പ്രശംസിച്ച ശാന്തിവിള ദിനേശ് ചില സംഭവ കഥകളും തന്റെ യൂട്യൂബ് ചാനലിൽ വിവരിച്ചു.

കൊല്ലങ്കോട് കൊട്ടാരത്തിലായിരുന്നു ആദ്യ ചിത്രീകരണം. പ്രായമായ ചന്തുവിന്റെ കഴുത്തിൽ രുദ്രാക്ഷ മാല വേണം. പിച്ചള മമ്മൂട്ടിക്ക് അലർജിയാണ്. സ്വർണത്തിൽ കെട്ടിയ രുദ്രാക്ഷ മാലയാണ് ആ പടത്തിൽ മമ്മൂട്ടിക്ക് ഉപയോഗിച്ചത്. കൊട്ടാരത്തിന്റെ സമീപത്ത് മത്സ്യമാംസാദികൾ പാടില്ലെന്ന നിർബന്ധം ഉണ്ടായിരുന്നു. മമ്മൂട്ടിക്കാണെങ്കിൽ മത്സ്യ മാംസാദികളില്ലാതെ ആഹാരം കഴിക്കുന്ന കാര്യം ചിന്തിക്കാൻ പറ്റില്ല. സസ്യാഹാരത്തിൽ പ്രതിഷേധിച്ച് ഒരു ദിവസം മമ്മൂട്ടി ആഹാരം ഉപേക്ഷിച്ചു.
പിറ്റേന്ന് മുതൽ റോഡിൽ കിടക്കുന്ന കാറിൽ പോയിരുന്ന് നോൺ വെജ് കഴിച്ചു. അന്ന് കാരവാനില്ലെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ചന്തുവിനെ നന്നായി പഠിച്ച മമ്മൂട്ടിക്ക് എംടി കൊടുത്ത സംഭാഷണങ്ങൾ കാണാപാഠമായിരുന്നു. നാല് മണിക്കൂർ സമയമേ ക്ലെെമാക്സ് ചിത്രീകരിക്കാൻ വേണ്ടി വന്നുള്ളൂ. കേട്ടാൽ നമുക്ക് വിശ്വസിക്കാൻ പറ്റില്ല. പക്ഷെ നാല് മണിക്കൂറെ വേണ്ടി വന്നുള്ളൂയെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ചിത്രീകരണ സാമഗ്രികൾ കൈകാര്യം ചെയ്യാൻ ഒരു ടീമിനെത്തന്നെ ക്രൂ ഉണ്ടാക്കി. പല സ്ഥലങ്ങളിൽ നിന്ന് കൊണ്ട് വന്ന ആന്റിക്കുകളിൽ സ്റ്റിക്കർ പതിച്ചു. രജിസ്റ്ററിൽ രേഖപ്പെടുത്തി. ഉപയോഗം കഴിഞ്ഞാൽ അതേ ആൾ തന്നെ തിരിച്ച് കൊണ്ട് പോയി കൊടുക്കണം. അല്ലെങ്കിൽ താമസിക്കുന്നിടത്തേക്ക് കൊണ്ട് പോകണം. അത്രയും വിലപിടിപ്പുള്ളതാണ്.
വസ്ത്രധാരണ പഴയ വടക്കൻ പാട്ട് സിനിമകളിലേത് പോലെ വേണ്ട, കേരളീയ രീതിയിലുള്ള വേഷങ്ങൾ മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു. കഴിഞ്ഞ ദിവസം വടക്കൻ വീരഗാഥയെക്കുറിച്ച് മമ്മൂട്ടിയും സംസാരിച്ചിരുന്നു. സിനിമയിലെ വാൾ പയറ്റിനിടെ ഒരു വാൾ തന്റെ തുടയിൽ തുളഞ്ഞ് കയറിയതിനെക്കുറിച്ചാണ് മമ്മൂട്ടി സംസാരിച്ചത്. ചാടി ഒരു വാൾ പിടിക്കുന്ന രംഗമുണ്ട്. ഒരു പ്രാവശ്യം ഈ വാൾ തുടയിൽ തുളച്ച് കയറി. നല്ല വേദനയുണ്ടായിരുന്നു. ഷൂട്ടിംഗ് നിർത്തിയില്ല. ആർക്കും പരാതിയൊന്നും ഉണ്ടായില്ല. കാരണം ഇതൊക്കെ ഉണ്ടാകുമെന്ന് അറിഞ്ഞ് കൊണ്ടാണല്ലോ നമ്മൾ വന്നതെന്നും മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications