ബീന കുമ്പളങ്ങി അനാഥമന്ദിരത്തിലില്ല, വിളിച്ചപ്പോഴാണ് അറിയുന്നത്; ആ നടി നൽകിയ സഹായത്തെക്കുറിച്ചും ശാന്തിവിള
അടുത്തിടെയാണ് നടി കുമ്പളങ്ങി ബീന ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള വാർത്ത പുറത്ത് വന്നത്. സഹോദരിയും സഹോദരിയുടെ ഭർത്താവും സ്വന്തം വീട് കൈക്കലാക്കി ഇവരെ പുറത്താക്കുകയാണുണ്ടായത്. താര സംഘടനയായ അമ്മ നടിക്ക് വീട് വെച്ച് നൽകിയിരുന്നു. ഈ വീടാണ് സഹോദരിയും ഭർത്താവും കൈക്കാലാക്കിയതെന്ന് ബീന കുമ്പളങ്ങി പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തായതിനെ തുടർന്ന് ബീന അനാഥ മന്ദിരത്തിലായിരുന്നു.
ഇപ്പോഴിതാ ബീന കുമ്പളങ്ങിയെക്കുറിച്ചുള്ള പുതിയ വിവരം പങ്കുവെക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കുമ്പളങ്ങി ബീനയെ സഹായിക്കാൻ ഒരു പ്രമുഖ നടി തയ്യാറായെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഈ നടിയുടെ പേര് പറയാൻ ശാന്തിവിള ദിനേശ് തയ്യാറായിട്ടില്ല. നടി നൽകിയ തുക നൽകാൻ കുമ്പളങ്ങി ബീനയെ വിളിച്ചപ്പോൾ ലഭിച്ച വിവരവും ശാന്തിവിള ദിനേശ് പങ്കുവെച്ചു.

ബീനയെ വിളിച്ചപ്പോഴാണ് അവർ അനാഥ മന്ദിരത്തിൽ നിന്ന് പോയി എന്നറിയുന്നത്. സഹോദരിയെയും ഭർത്താവിനെയും പൊലീസ് മാറ്റി. വീടിന്റെ താക്കോൽ അവർക്ക് കൊടുത്തു. രണ്ടാഴ്ചയായി അവിടെയുണ്ട്. പക്ഷെ കയറി താമസിക്കാൻ പറ്റുന്നില്ല. വീട് പണി സ്പോൺസർ ചെയ്ത മാധ്യമ സ്ഥാപനവും കോൺട്രാക്‌ടറും തമ്മിൽ തെറ്റി. ബാക്കി വർക്ക് ചെയ്യാതെ കോൺട്രാക്ടർ പോയി. വീട്ടിൽ കയറി താമസിക്കാൻ ഇനിയും കുറേ കാശ് വേണം.
പരാതി പറയുകയല്ല, അമ്മയോടും മാധ്യമം പത്രത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. കുറച്ച് കാശ് മുടക്കിയാലേ വീട്ടിൽ കയറി താമസിക്കാൻ പറ്റൂയെന്ന് ബീന പറഞ്ഞു. അവർ ഒരുപാട് സന്തോഷത്തോടെ എന്നോട് സംസാരിച്ചു. ഞാൻ ഈ നടിയുടെ നമ്പർ കൊടുത്തു. സ്നേഹപൂർവം ഈ പതിനായിരം രൂപ തന്ന നടിയെ വിളിച്ചേക്കെന്ന് പറഞ്ഞെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. കണ്ണൂരിലുള്ള ഒരു കുടുംബത്തിനും താൻ മുഖേന ഈ നടി പണം നൽകിയെന്ന് ശാന്തിവിള ദിനേശ് പറയുന്നുണ്ട്.

ഈ നടിയുമായുണ്ടായ സംഭാഷണത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ദിനേശേ എന്ന് വിളിക്കണോ ദിനേശേട്ടാ എന്ന് വിളിക്കണോ എന്നെന്നോട് ചോദിച്ചു. പ്രായം പറഞ്ഞപ്പോൾ ദിനേശേട്ടാ എന്ന് വിളിക്കണമെന്ന് ഞാൻ. ദിനേശേട്ടാ, ഞാൻ വലിയ കാശുകാരിയല്ല, അർഹതപ്പെടുന്ന ആർക്കെങ്കിലും പത്തോ ഇരുപത്തിയയ്യായിരമോ കൊടുത്ത് സഹായിക്കണമെങ്കിൽ എന്നെ വിളിക്കണം, ഞാൻ തരാമെന്ന് ആ നടി എന്നോട് പറഞ്ഞു.
സത്യത്തിൽ ഞാനവർക്ക് വേണ്ടി പ്രാർത്ഥിച്ചു. ഇങ്ങനെയുള്ളവരും സിനിമയിൽ. ഒരു രൂപ കൊടുത്ത് കാലും നീട്ടി വെച്ച് അതിനെ പബ്ലിസിറ്റിയാക്കുന്ന നാടാണിതെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. ആരോടും പേര് പറയരുത്, എല്ലാവരെയും സഹായിക്കാനുള്ള പണം തന്റെ കൈവശമില്ലെന്നും ആ നടി പറഞ്ഞതായി ശാന്തിവിള ദിനേശ് വ്യക്തമാക്കി.


Click it and Unblock the Notifications