'വീട്ടിലൊന്ന് കയറാമായിരുന്നു; വീടിന്റെ മുന്നിൽ കൂടെയാണ് മഞ്ജു പോയത്'; വേദനിപ്പിച്ചെന്ന് ശാന്തിവിള ദിനേശ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സിനിമയിലും ജീവിതത്തിലും മഞ്ജു ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. മഞ്ജുവിന്റെ ജീവിതത്തിലെ ഉയർച്ചയും താഴ്ചയും വളർച്ചയുമെല്ലാം ആരാധകർ കണ്ടതാണ്. അന്നും ഇന്നും മഞ്ജുവിനുള്ള ജനപ്രീതിയിൽ ഇടിവ് വന്നിട്ടില്ല. സിനിമാ രംഗത്ത് നിന്നും മാറിനിന്നപ്പോഴും തിരിച്ചെത്തിയപ്പോഴും നടിക്ക് ബഹുമാന്യ സ്ഥാനം മലയാളികൾക്കിടയിൽ ലഭിച്ചു. മഞ്ജുവിന് മുമ്പും ശേഷവും പ്രഗൽഭരായ നിരവധി നടിമാർ വന്നിട്ടുണ്ടെങ്കിലും ഇവരോടൊന്നും കാണിക്കാത്ത പ്രത്യേക മമത മഞ്ജു വാര്യരോട് പ്രേക്ഷകർക്കുണ്ട്.
പ്രേക്ഷകരുടെ സ്നേഹത്തെ മഞ്ജുവും വിലമതിക്കുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്ന നിരവധി പേർക്ക് മഞ്ജുവിന്റെ സഹായവും പിന്തുണയും ലഭിച്ചു. ലോക്ഡൗൺ സമയത്ത് നിരവധി പേർക്ക് മഞ്ജു സഹായം എത്തിച്ചു. ഇക്കാര്യത്തെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ട്രാൻസ് വ്യക്തികൾക്ക് ലോക്ഡൗൺ സമയത്ത് മഞ്ജു ഭക്ഷണ കിറ്റുകൾ എത്തിച്ചതിനെക്കുറിച്ചാണ് രഞ്ജു അന്ന് സംസാരിച്ചത്.
എന്നാൽ പലപ്പോഴും മഞ്ജുവിനെതിരെ ചില ആക്ഷേപങ്ങളും ഉയരാറുണ്ട്. മഞ്ജുവിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാട്ടോഗ്രാഫർ കെ രാമചന്ദ്ര ബാബു മരിച്ചപ്പോൾ കുടുംബത്തെ പോയി കാണാൻ മഞ്ജു വാര്യർ എത്തിയില്ലെന്ന് ഇദ്ദേഹം ആരോപിച്ചു. മഞ്ജുവിന്റെ സല്ലാപം സിനിമയിലുൾപ്പെടെ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

മമ്മൂക്ക വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. പക്ഷെ അദ്ദേഹം വിളിക്കുക മാത്രമല്ല ചെയ്യേണ്ടത്. അങ്ങോട്ട് വരേണ്ടതായിരുന്നു. ആദ്യമായി മമ്മൂട്ടിയുടെ മുഖത്ത് ക്യാമറ വെച്ച ആളാണ്. ഒരുപക്ഷെ അദ്ദേഹത്തിന് പ്രായമായത് കൊണ്ടും ഷൂട്ടിംഗ് തിരക്കുകൾ കാരണവുമായിരിക്കും. എന്നെ വിഷമിപ്പിച്ച മറ്റൊരു കാര്യമുണ്ട്. മരണപ്പെട്ട ദിവസം ഈ വീടിന്റെ മുന്നിലൂടെയാണ് മഞ്ജു വാര്യർ പോയത്. ഒരു ദിവസത്തേക്ക് വീട്ടിൽ പോയതാണ് മഞ്ജു. ഇദ്ദേഹത്തിന്റെ വീടിന്റെ മുന്നിലൂടെ തന്നെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരിച്ചും പോയി.
പോകുന്ന വഴിയോ തിരിച്ച് വരുന്ന വഴിയോ മഞ്ജു വാര്യർ രാമചന്ദ്ര ബാബുവിന്റെ വീട്ടിൽ കയറേണ്ടതായിരുന്നു. അവർ വിശാലമനസുള്ള സ്ത്രീയാണെന്നാണ് നമ്മളെല്ലാവരും പറയാറ്. സംസ്ഥാന സർക്കാർ വരെ ബ്രാൻഡ് അംബാസഡർ ആയി കൊണ്ട് നടക്കുന്ന നടി ആണല്ലോ. അവരിങ്ങനെ ചെയ്തത് എന്നെ വേദനിപ്പിച്ചു. രണ്ട് മിനുട്ട് ആ വീട്ടിൽ കയറിയിട്ട് പോകാമായിരുന്നു. സല്ലാപത്തിലെ ക്യാമറമാനായിരുന്നു. തിരുവനന്തപുരത്ത് ജോലിയില്ലാതെയിരിക്കുന്ന ഒരു സിനിമാക്കാരനും രാമചന്ദ്രബാബുവിന്റെ മരണവാർത്തയറിഞ്ഞ് എത്തിയില്ലെന്നും ശാന്തിവിള ദിനേശ് ആരോപിച്ചു.

നിർമാല്യം അടക്കമുള്ള ഒരുപാട് സിനിമകളിൽ ക്യാമറമാനായി പ്രവർത്തിച്ച വ്യക്തിയാണ് രാമചന്ദ്രബാബു. അദ്ദേഹവുമായി തനിക്ക് നല്ല സൗഹൃദം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു മകന് മാനസികമായ പ്രശ്നങ്ങളുണ്ട്. ഒരു മകൻ ടെക്നോപാർക്കിലാണ് ജോലി ചെയ്യുന്നതെന്നും ശാന്തിവിള ദിനേശ് അന്ന് പറഞ്ഞു. സിനിമയിലെ സൗഹൃദങ്ങൾക്ക് അധികം ആയുസില്ലെന്നും ശാന്തിവിള ദിനേശ് അന്ന് ചൂണ്ടിക്കാട്ടി.
സിനിമയിൽ എപ്പോഴും ലൈവായി നിൽക്കുന്നവരെയെ പരിഗണിക്കൂ. സത്യനും പ്രേംനസീറുമാെക്കെ അവശരായി കിടന്നാണ് മരിച്ചതെങ്കിൽ ആരും തിരിഞ്ഞ് നോക്കില്ല. സിനിമയുടെ ശാപമാണത്. നന്ദികെട്ട ലോകമാണ് സിനിമയെന്ന് രാമചന്ദ്ര ബാബുവിന്റെ മരണം തെളിയിച്ചെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications