ആ പ്രായത്തിലുള്ള മകനുണ്ടെന്നെങ്കിലും ഓർക്കണമായിരുന്നു, മണിയൻപിള്ള രാജു ചെയ്ത തെറ്റ്: ശാന്തിവിള ദിനേശ്
വാഹനാപകടത്തിന് ശേഷം കാർ നിർത്താതെ പോയ കേസിൽ നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. മണിയൻ പിള്ള രാത്രി വെെകി ട്രിവാൻഡ്രം ക്ലബിൽ നിന്ന് തന്റെ വോൾവോ കാറിൽ പുറത്തേക്ക് വരുന്നു. വോൾവോ കാർ. കാറോടിച്ചിരുന്നത് ഞാനാണെന്ന് പിള്ള അടിച്ച് പറയുന്നു. അല്ല, മറ്റൊരാളായിരുന്നു എന്ന് കാണികൾ പറയുന്നു. അതൊരു സ്ത്രീയായിരുന്നെന്ന് ചില ചാനലുകൾ പറയുന്നു.
എന്തായാലും അദ്ദേഹം വണ്ടി നിർത്താതെ മുങ്ങി. തെറ്റ് ചെയ്തില്ലെങ്കിൽ മുങ്ങുന്നത് എന്തിനാണ്. വീണവൻ ചത്തോ, കെെയ്യൊടിഞ്ഞോ കാലൊടിഞ്ഞോ എന്നൊന്നും പുള്ളി നോക്കിയില്ല. രണ്ട് ബെെക്കുകൾ എവിടെ നിന്ന് വന്നു, എവിടേക്ക് പോയി എന്നൊന്നും ഞാൻ കണ്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. വിരണ്ട് പോയി എന്നാണ് മണിയൻ പിള്ള പറയുന്നത്. ജീവിതത്തിൽ മണിയൻപിള്ള വിരളില്ല. നല്ല സ്ട്രോങ് ആണ്.

അപകടം നടന്ന വിവരം ട്രിവാൻഡ്രം ക്ലബ് സെക്രട്ടറിയെ വിളിച്ച് പറഞ്ഞു. അവർ ആംബുലൻസ് വിളിച്ച് വരുത്തിയെന്നും പൊലീസ് സ്റ്റേഷനിലും വിളിച്ച് പറഞ്ഞെന്നും മണിയൻ പിള്ള രാജു പറയുന്നു. നൂറ് ശതമാനം കള്ളമാണെന്ന് പൊലീസ് പറയുന്നു. പൊലീസിനെ വിളിച്ചിട്ടില്ല. തെറ്റ് നമ്മുടെ ഭാഗത്തായാലും അവരുടെ ഭാഗത്തായാലും പെട്ടെന്ന് അവരെ എടുത്ത് ആശുപത്രിയിലേക്ക് എത്തിക്കേണ്ടതാണ് സാമാന്യ മര്യാദ. പക്ഷെ മണിയൻപിള്ള അത് കാണിച്ചില്ല. അപകടം നടന്ന ശേഷം ഫോൺ ഓഫ് ചെയ്തു. അതും ശരിയല്ല.
പൊലീസ് സ്റ്റേഷനിൽ പിള്ള വന്നത് വക്കീലും ഉന്നത പിടിപാടുള്ള സുഹൃത്തുക്കളുമായാണ്. എനിക്കറിയാം അവരെ. പണച്ചാക്കുകളാണ്. ആക്സിഡന്റായി കിടക്കുന്ന പിള്ളേർ ഇതുപോലെ പിടിപാടുള്ളവർ അല്ലെങ്കിൽ മണിയൻപിള്ള രാജു നിരപരാധിയാകും. അപകടത്തിൽ പെട്ടവർ ജാഗ്രത കാണിക്കണമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. നിങ്ങളുടെ മകന്റെ പ്രായമേയുള്ളൂ. ചത്തോ ഇല്ലയോ എന്ന് നോക്കിയിട്ട് പോകണമായിരുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
യുവാക്കൾ വീണ ശേഷം കാർ നിർത്താതെ പോയതിൽ മണിയൻ പിള്ള രാജുവിനെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. അതേസമയം സിസിടിവി ദൃശ്യങ്ങൾ പ്രകാരം മണിയൻ പിള്ള രാജുവിന്റെ കാർ യുവാക്കളെ ഇടിച്ചിട്ടതല്ല. സംഭവത്തിൽ നടനെ അനുകൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. എഴുത്തുകാരി എസ് ശാരദക്കുട്ടി പങ്കുവെച്ച അഭിപ്രായവും ഇതിനിടെ ചർച്ചയായി.
നടൻ മണിയൻപിള്ള രാജുവിന് സി സി ടി വി ദൃശ്യങ്ങളാണ് തുണയായത്. അല്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ ഇന്ന് ഇഞ്ച നാരു പോലെ വലിച്ചു കീറുമായിരുന്നു. കിട്ടിയ സമയം കൊണ്ട് ആകാവുന്നത്ര കൊടുത്തിട്ടുമുണ്ട്. ദൃശ്യങ്ങൾ സത്യം കാണിച്ചു തരുന്നുണ്ട്.
എല്ലായ്പോഴും കുറ്റം ബൈക്കുകാരുടെ ആകണമെന്നില്ല. എന്നാൽ ബസ്സുകളുടെ മരണപ്പാച്ചിലു പോലെ തന്നെ ഭയപ്പെടുത്തുന്നതാണ് ചില ചെറുപ്പക്കാരുടെ ബൈക്കുകളിലെ ഇരമ്പിച്ചുള്ള കുതിച്ചു പോക്ക്.
കൊച്ചു കുട്ടികൾ ബൈക്കിൽ പാഞ്ഞു വരുന്നത് കണ്ട് ഭയന്ന് മുൻസീറ്റിൽ കണ്ണടച്ചിരുന്നിട്ടുണ്ട്. കാർ ഡ്രൈവ് ചെയ്യുന്നവർക്ക് എങ്ങോട്ട് വെട്ടിക്കണം , എന്തു ചെയ്യണം എന്നറിയാത്ത ഭയപ്പാടുണ്ടാക്കിക്കൊണ്ടാണ് ബൈക്കുകൾ ചീറിപ്പായുന്നത്. അപകടം സംഭവിച്ചാൽ കാറോടിക്കുന്നവരെ നാട്ടുകാർ തല്ലിച്ചതക്കും. മണിയൻപിള്ള രാജു പറഞ്ഞല്ലോ, 'തല്ലു കൊണ്ടെങ്കിലോ എന്ന് ഭയന്നാണ് നിർത്താതെ പോയത്' എന്ന്.
നാട്ടുകാർ നിയമം കയ്യിലെടുത്ത്, വിധി നിർണ്ണയിച്ച്, ശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കണം. കോടതിയും പോലീസും ഭരണകൂടവും ജാഗ്രത പുലർത്തിയില്ലെങ്കിൽ തെരുവു പട്ടിയുടെ വില പോലും മനുഷ്യജീവന് കിട്ടില്ല. ലൈസൻസില്ലാത്ത രണ്ടു കുട്ടികൾ ഒരു ബുള്ളറ്റിൽ അമിത വേഗത്തിൽ വന്ന് കാറിൻ്റെ ബോണറ്റിന് മുകളിൽ തട്ടി തെറിച്ചു റോഡിലേക്ക് വീഴുന്നത് ഒരിക്കൽ നേരിൽ കണ്ടിട്ടുണ്ട്. പരിക്കുകളേടെ എങ്കിലും കുട്ടികൾ ജീവനോടെ എഴുന്നേറ്റ് നിൽക്കുന്നത് അത്ഭുതം പോലെയാണ് കണ്ടത്.
അന്ന് കാറുകാരൻ്റെ ഭാഗ്യം കൊണ്ട് മാത്രം അയാൾ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ടു. അയാളുടെ കുറ്റമല്ലെന്ന് നാട്ടുകാർക്കും പോലീസുകാർക്കും എങ്ങനെയോ ബോധ്യം വന്നതു കൊണ്ട് മാത്രം നാട്ടുകാരുടെ തല്ലു കിട്ടിയില്ല. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് അഛനറിയാതെ അയൽപക്കത്തെ ആരുടെയോ വണ്ടിയുമെടുത്ത് ഇറങ്ങിയതാണ് കുട്ടികൾ. പരിചയമില്ലാത്ത വണ്ടി, ഡ്രൈവിങ് ലൈസൻസില്ല, ലൈസൻസെടുക്കാൻ പ്രായമായില്ല. എന്നിട്ടും തിരക്കുള്ള റോഡിൽ വണ്ടിയുമായിറങ്ങാനുള്ള ധൈര്യം എവിടെ നിന്ന് കിട്ടുന്നു ? ബ്രേക്കും ആക്സിലറേറ്ററും മാറിപ്പോയെന്നാണ് കുട്ടികൾ പറഞ്ഞത്.
കർക്കശമായ നിയമങ്ങളില്ലാത്തതുകൊണ്ടും കർശനമായ ശിക്ഷയില്ലാത്തതു കൊണ്ടും നമ്മുടെ നാട്ടിൽ റോഡ് നിയമങ്ങൾ പാലിക്കപ്പെടുന്നില്ല. നിയമങ്ങളെ പലർക്കും ഭയമില്ല. speed limit കടന്നാൽ വൻതുക പിഴയുണ്ട് വിദേശ രാജ്യങ്ങളിൽ. നമ്മുടെ നാട്ടിലേതു പോലെ ഒത്തുകളികൾ ഒന്നും നടപ്പില്ല. കേരളത്തിലെ റോഡിലിറങ്ങിയാൽ ജീവനോടെ തിരികെ വീട്ടിലെത്തിയാൽ അതൊരു ഭാഗ്യം മാത്രമാണ്. എന്നാണ് എസ് ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ്.


Click it and Unblock the Notifications











