തെരുവില്‍ കണ്ട പെണ്‍കുട്ടി സിനിമ ഭരിക്കാന്‍ തുടങ്ങി! കെ ആര്‍ വിജയ എന്ന താരസുന്ദരിയുടെ ജീവിതം മാറ്റി മറിഞ്ഞ കഥ
തമിഴ്‌നാട്ടില്‍ പുന്നാഗി അരസി എന്ന് അറിയപ്പെടുന്ന നടിയാണ് കെ ആര്‍ വിജയ. എല്ലായിപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ നടിയെ കാണാന്‍ സാധിക്കുകയുള്ളൂ. 60കളിലും 70കളിലും തിയേറ്ററുകളില്‍ പ്രേക്ഷകരെ കോരിപ്പിച്ച നായികയായിരുന്നു അവര്‍. വളരെ സാധാരണക്കാരിയില്‍ നിന്നും കോടിശ്വരീയായ നായികയായി വിജയയുടെ വളര്‍ച്ച വളരെ പെട്ടെന്ന് സംഭവിച്ചതാണ്.
നാടകം കളിച്ച് നടന്നിരുന്ന വിജയ എങ്ങനെ തെന്നിന്ത്യയിലെ മുതിര്‍ന്ന നടിയായി എന്ന ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് വിജയയുടെ സിനിമാ ജീവിതത്തെ പറ്റി ദിനേശ് പറഞ്ഞത്.

'മോശം ജീവിത സാഹചര്യത്തില്‍ നിന്നാണ് വിജയ സിനിമയില്‍ എത്തുന്നത്. ഒരിക്കല്‍ പോലും വിവാദങ്ങളിലോ ഗോസിപ്പുകളിലോ ഒന്നും നടി കുടുങ്ങിയിട്ടില്ല. കാര്‍ണിവല്‍ നാടക സംഘത്തിനൊപ്പം ആയിരുന്നു കെ ആര്‍ വിജയയുടെ തുടക്കം. ജീവിക്കാന്‍ വേണ്ടി കലണ്ടറുകളുടെ പരസ്യത്തില്‍ പോലും അവര്‍ മോഡലായിരുന്നു. സിനിമയില്‍ മുഖം കാണിക്കുക എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.
കെ എസ് ഗോപാലകൃഷ്ണന്‍ എന്ന സംവിധായകനാണ് വിജയെ കണ്ടെത്തുന്നത്. അദ്ദേഹം ഒരിക്കല്‍ മദ്രാസിലെ ഒരു തെരുവിലൂടെ നടക്കുകയായിരുന്നു. അവിടെ തുണിയുടെ കര്‍ട്ടന്‍ മറച്ചു കെട്ടി ഒരു കാര്‍ണിവല്‍ നടക്കുന്നുണ്ടായിരുന്നു. ഒരു സിനിമ പിടിച്ചാല്‍ കൊള്ളാം എന്ന് ആഗ്രഹത്തോടെ നടക്കുന്ന ആളാണ് ഗോപാലകൃഷ്ണന്‍. അതിനു വേണ്ടിയുള്ള കഥയും അയാളുടെ കയ്യില്‍ ഉണ്ട്.
പേരെടുത്ത താരങ്ങളെ വെച്ച് ചെയ്യാന്‍ കാശില്ലാത്തതിനാല്‍ പുതുമുഖങ്ങളെ അഭിനയിപ്പിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു. ലക്ഷണമൊത്ത ഒരു പെണ്‍കുട്ടിയെ തന്റെ നായികയായി വേണം. അവരെ തേടി നടക്കുന്നതിനിടയിലാണ് അദ്ദേഹം കര്‍ണിവല്‍ കാണാന്‍ കയറുന്നത്. അത് കണ്ടില്ലായിരുന്നെങ്കില്‍ വിജയമ്മയെ കണ്ടെത്താന്‍ സാധിക്കില്ലായിരുന്നു. അതൊക്കെയാണ് നിമിത്തം എന്ന് പറയുന്നത്.
കാര്‍ണിവലിന്റെ തുടക്കത്തില്‍ തന്നെ ഒരു പെണ്‍കുട്ടി സ്വയം പാട്ടുപാടി ഡാന്‍സ് കളിക്കുകയാണ്. ഇവള്‍ തന്റെ സിനിമയില്‍ നായികയായാല്‍ കൊള്ളാമെന്ന് അദ്ദേഹത്തിനു തോന്നി. നാടകം കഴിഞ്ഞ ഉടനെ അദ്ദേഹം മേക്കപ്പ് റൂമില്‍ പോയി ആ പെണ്‍കുട്ടിയെ കണ്ടു. തന്റെ സിനിമയില്‍ അഭിനയിക്കാമോന്ന് ചോദിച്ചു. അവര്‍ക്ക് വേറൊന്നും ചിന്തിക്കാന്‍ പോലുമില്ലായിരുന്നു.
അങ്ങനെ കര്‍പ്പകം എന്ന ചിത്രത്തില്‍ നായികയായി വിജയ എത്തി. ഒപ്പം തെന്നിന്ത്യന്‍ താരസുന്ദരി സാവിത്രിയാണ് പ്രധാന നായിക വേഷം ചെയ്യുന്നത്. അവര്‍ക്കൊപ്പം കെ ആര്‍ വിജയ ടൈറ്റില്‍ റോളില്‍ എത്തി. സിനിമയുടെ പേരിലുള്ള കര്‍പ്പകം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയയാണ്. പുതുമുഖം ആയിരുന്നെങ്കിലും ആ സിനിമ വലിയ വിജയമായി.

ഒരു വര്‍ഷത്തോളം തിയേറ്ററില്‍ ഓടുകയും ചെയ്തു. ആ സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ കെഎസിന് ഒരു നിര്‍മ്മാണ സ്റ്റുഡിയോ വാങ്ങാനുള്ള കാശ് വരെ ഇതിലൂടെ ലഭിച്ചു. കര്‍പ്പകം സ്റ്റുഡിയോ എന്നാണ് അതിനു പേരിട്ടത്. എന്നിരുന്നാലും 5000 രൂപയാണ് വിജയക്ക് പ്രതിഫലമായി കൊടുത്തത്. അടുത്ത സിനിമ ചെയ്യുമ്പോഴേക്കും അവര്‍ എങ്ങനെ പ്രതിഫലം വാങ്ങണം എന്നൊക്കെ പഠിച്ചു. രണ്ടാമതൊരു സിനിമയ്ക്ക് വേണ്ടി ഇരുപത്തയ്യായിരം രൂപ ചോദിച്ചു വാങ്ങി.
കര്‍പ്പകം കഴിഞ്ഞ് 10 വര്‍ഷത്തിനുശേഷം കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്തത് കെ ആര്‍ വിജയയുടെ നൂറാമത്തെ സിനിമയായിരുന്നു. പത്തുവര്‍ഷംകൊണ്ട് അവര്‍ നൂറ് സിനിമകളില്‍ അഭിനയിച്ചു. അത്രയും വിജയിക്കാന്‍ നടിയ്ക്ക് സാധിച്ചു.
ദേവനായികി എന്നായിരുന്നു വിജയയുടെ പേര്. എന്നാല്‍ ഒരു സിനിമയുടെ ലൊക്കേഷനില്‍ വെച്ച് എം ആര്‍ രാധയാണ് നടിയോട് പേര് മാറ്റാന്‍ പറയുന്നത്. നീ വലിയൊരു നായികയായി കഴിയുമ്പോള്‍ ഈ പേര് ചേരില്ലെന്നും വിജയ എന്നോ മറ്റോ പേരിടാന്‍ പറഞ്ഞു. അങ്ങനെ ആണ് ദേവനായികി എന്ന പേരില്‍ നിന്നും കെ ആര്‍ വിജയ ഉണ്ടാവുന്നത്.


Click it and Unblock the Notifications











