പൃഥിരാജിന്റെ വീട്ടിൽ താമസിച്ചാൽ കശപിശയാകും; മരുമകൾ പറയുക; ഫോൺ താഴെ വെക്കാത്ത ആളാണ്; സംവിധായകൻ
മക്കളുടെ സിനിമാ തിരക്കുകൾ കാരണം എപ്പോഴും കാണാൻ പറ്റുന്നില്ലെന്ന പരിഭവം നടി മല്ലിക സുകുമാരനുണ്ട്. അഭിമുഖങ്ങളിൽ ഇത് പ്രകടിപ്പിക്കാറുമുണ്ട്. പെൺമക്കൾ അച്ഛനമ്മമാരെ നോക്കുന്നത് എങ്ങനെയെന്ന് ആൺമക്കൾ കണ്ടുപഠിക്കണമെന്നും ഒരു അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറയുകയുണ്ടായി. അതേസമയം മക്കളോടൊപ്പം താമസിക്കാൻ മല്ലിക സുകുമാരൻ തയ്യാറല്ല. തിരുവന്തപുരത്ത് നിന്നും എറണാകുളത്ത് വരുമ്പോൾ മക്കളുടെ ഫ്ലാറ്റിൽ നിൽക്കാതെ സ്വന്തം ഫ്ലാറ്റിലാണ് മല്ലിക സുകുമാരൻ താമസിക്കുന്നത്.
മക്കളുടെയും മരുമക്കളുടെയും സ്വകാര്യതയിൽ ഇടപെടാൻ താൽപര്യമില്ലെന്നാണ് മല്ലിക ഇതേക്കുറിച്ച് പറയാറ്. ഇപ്പോഴിതാ മല്ലിക സുകുമാരനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒറ്റയ്ക്ക് താമസിക്കാനുള്ള മല്ലിക സുകുമാരന്റെ തീരുമാനം നല്ലതാണെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം മരിച്ച നടിയും സംഗീതഞ്ജയുമായ സുബ്ബലക്ഷമിയെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ശാന്തിവിള മല്ലിക സുകുമാരനെക്കുറിച്ച് പരാമർശിച്ചത്.

87ാം വയസിലും സുബ്ബലക്ഷ്മിയമ്മാൾ വാടകയ്ക്ക് ഒറ്റയ്ക്കൊരു വീട്ടിൽ താമസിച്ചതാണ്. താര കല്യാൺ മറ്റൊരു വീട്ടിൽ ഒറ്റയ്ക്ക്. സൗഭാഗ്യ ഭർത്താവും കുട്ടിയുമായി വേറെ താമസിക്കുന്നു. പക്ഷെ ഒരു വിളിപ്പാടകലെയാണ്. നമ്മൾക്ക് മക്കളായാൽ അവരെ അവരുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കണം, നമ്മൾ നമ്മളുടേതായ സ്വാതന്ത്ര്യത്തിൽ കഴിയണം എന്നാണ് സുബ്ബലക്ഷ്മി പറഞ്ഞത്.
ഞാൻ പെട്ടെന്ന് മല്ലിക ചേച്ചിയെയാണ് ഓർത്തത്. പ്രായമായിട്ടും മല്ലിക ചേച്ചി ഒറ്റയ്ക്കാണ് താമസിക്കുന്നത്. എറണാകുളത്ത് മല്ലിക ചേച്ചിയും ഇന്ദ്രജിത്തും പൃഥിരാജുമെല്ലാം വേറെ ഫ്ലാറ്റുകളിൽ. അവരവർക്ക് വേണ്ട സ്വാതന്ത്ര്യമുണ്ട്. നേരെ മറിച്ച് പൃഥിരാജിന്റെ വീട്ടിൽ താമസിച്ചാൽ ചില കശപിശ വർത്തമാനം വരാം.

24 മണിക്കൂറും ഫോൺ താഴെ വെക്കാത്ത ആളാണ് മല്ലിക ചേച്ചി. ചേച്ചി ആരോടെങ്കിലും ഫോണിൽ കസറിക്കൊണ്ടിരിക്കുമ്പോൾ എത്ര നേരമായി ഫോണിൽ സംസാരിക്കുന്നതെന്ന് മരുമകൾ ചോദിച്ചാൽ പ്രശ്നമാകും. ഇവിടെ അതൊന്നുമില്ല. പക്ഷെ അങ്ങനെ പറയുമ്പോഴും ഞാനും സിന്ധുവും മാത്രമായി ഒരു വീട്ടിലും മകൻ അച്ചു മറ്റൊരു വീട്ടിലും കഴിയുന്നത് ഉൾക്കൊള്ളാൻ പറ്റാത്ത ആളാണ് താനെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
87 വയസിലും ആരെയും ആശ്രയിക്കാതെ ജീവിച്ച സുബ്ബലക്ഷ്മിയുടെ ജീവിതം മാതൃകാപരമാണെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. മക്കൾ ഒന്നിച്ച് താമസിക്കാതെ പലയിടത്ത് താമസിക്കുന്നതിനെക്കുറിച്ച് മുമ്പാെരിക്കൽ മല്ലിക സുകുമാരൻ സംസാരിച്ചിട്ടുണ്ട്. തന്റെ ഭർത്താവ് സുകുമാരൻ ജീവിച്ചിരുന്നെങ്കിൽ മക്കളുടെ പലയിടത്തായുള്ള താമസം നടക്കില്ലായിരുന്നെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.
അതേസമയം തനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നടത്തി തരാൻ മക്കൾ തയ്യാറാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. ആഘോഷ ദിവസങ്ങളിലെല്ലാം മല്ലിക സുകുമാരനും കുടുംബവും ഒത്തു ചേരാറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വൈറലാകാറുമുണ്ട്.
ഇന്ദ്രജിത്തിനും പൃഥിരാജിനും സിനിമകളുടെ തിരക്കാണ്. മരുമക്കളായ പൂർണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും കരിയറിലെ തിരക്കുകളിലാണ്. ഏറെക്കാലത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് പൂർണിമ. സുപ്രിയ സിനിമാ നിർമാണവുമായി ബന്ധപ്പെട്ട തിരക്കുകളിലും.
മല്ലിക സുകുമാരൻ അഭിനയ രംഗത്ത് സജീവമാണ്. അടുത്തിടെയിറങ്ങിയ നിരവധി സിനിമകളിൽ മല്ലിക സുകുമാരന് ശ്രദ്ധേയ വേഷം ലഭിച്ചു. ടെലിവിഷനിലും മല്ലിക സാന്നിധ്യം അറിയിക്കുന്നു. താര കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.


Click it and Unblock the Notifications