വിൻസിക്ക് അവസരങ്ങൾ നഷ്ടമാകും; ഷെെൻ ടോം ചാക്കോയെ ബാധിക്കില്ല; വിവാദത്തിൽ ശാന്തിവിള ദിനേശ്
ഷെെൻ ടോം ചാക്കോ വിവാദം മലയാള സിനിമാ ലോകത്ത് ചർച്ചയായിരിക്കെ പ്രതികരണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഷെെനിന്റെ വായിൽ നിന്ന് വെള്ളപ്പൊടി വന്നു എന്ന വിൻസിയുടെ പ്രസ്താവനയുടെ പേരിൽ കേസെടുക്കാനാകില്ലെന്ന് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറയുന്നു. അതേസമയം ലഹരി ഉപയോഗത്തിൽ ഷെെൻ ടോമിനെ ശാന്തിവിള വിമർശിക്കുകയും ചെയ്യുന്നു.
ചില സംവിധായകരും ക്യാമറമാൻമാരും തിരക്കഥാകൃത്തുക്കളുമുള്ള സെറ്റുകളിൽ ലഹരി ഉണ്ടെന്ന് സിനിമാക്കാർക്ക് അറിയാം. ആ സെറ്റുകളിലേക്ക് ഷാഡോ പൊലീസിനെ ഇറക്കി പൊക്കാമെങ്കിൽ മലയാള സിനിമയിലെ ലഹരിക്ക് അറുതിയുണ്ടാക്കാൻ പറ്റും. അത് ചെയ്യാത്തതാണ് പ്രശ്നമെന്നും ശാന്തിവിള ദിനേശ് പറയുന്നു. നടി പ്രയാഗ മാർട്ടിനെക്കുറിച്ചും സംവിധായകൻ പരാമർശിച്ചു.

പ്രയാഗ മാർട്ടിൻ എന്തിനാണ് ഗുണ്ടയായ ഓം പ്രകാശുള്ള ഹോട്ടലിൽ വന്നതെന്ന് കൃത്യമായി അന്വേഷിച്ചില്ലെന്ന് ശാന്തിവിള ദിനേശ് ആരോപിക്കുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് പ്രയാഗ മാർട്ടിൻ കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശ് ഉൾപ്പെട്ട മയക്ക് മരുന്ന് കേസിൽ പ്രയാഗ മാർട്ടിന്റെ പേര് പരാമർശിക്കപ്പെട്ടത്. ഓം പ്രകാശ് താമസിച്ച ഹോട്ടലിൽ പ്രയാഗ പോയിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. പിന്നീട് കേസിൽ പ്രയാഗയ്ക്ക് പങ്കില്ലെന്ന് തെളിഞ്ഞു. ഓം പ്രകാശിനെ തനിക്കറിയില്ലെന്നും ആരാണെന്ന് ഗൂഗിൾ ചെയ്ത് നോക്കുകയായിരുന്നെന്നും പ്രയാഗ മാർട്ടിൻ അന്ന് വ്യക്തമാക്കിയിരുന്നു.
ഷെെൻ ടോം ചാക്കോയ്ക്കെതിരെ ഒപ്പം അഭിനയിക്കുന്ന സമയത്ത് തന്നെ വിൻസി അലോഷ്യസ് പ്രതികരിക്കേണ്ടതായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. ഇതിൽ നഷ്ടം വരുന്നത് വിൻസി അലോഷ്യസിന് മാത്രമായിരിക്കും എന്ന് തോന്നുന്നു. ഇനി വലിയും കുടിയും ഉള്ള ഒരുത്തന്റെ സെറ്റിലേക്കും അവരെ വിളിക്കില്ല. നല്ല നടിയാണ്. ഷെെൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും വരില്ല. കാരണം അയാൾ ഒരു പടം ഓടിയാൽ അടുത്ത പടത്തിന് കോടികൾ ചോദിക്കുന്ന ആളല്ല.
പെെസയ്ക്ക് വേണ്ടി വാശി പിടിക്കുന്ന ആളല്ല. സെറ്റിൽ കൃത്യ സമയത്ത് വരുന്ന ആളാണ്. സെറ്റിൽ നന്നായി പെരുമാറുന്ന ആളാണ്. നന്നായിട്ട് അഭിനയിക്കുന്ന ആളാണ്. ഇന്റർവ്യൂയിൽ മാത്രമാണ് ഇങ്ങനെ സംസാരിക്കുന്നത്. അങ്ങനെയൊരാളെ സിനിമയ്ക്ക് ആവശ്യമുണ്ട്. കുറുപ്പ് പോലൊരു പടത്തിൽ ദുൽഖറിനേക്കാൾ മനോഹരമായി അഭിനയിച്ചു. പക്ഷെ നഷ്ടം വിൻസിമാർക്കായിരിക്കാമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ലഹരി ഉപയോഗിക്കുന്ന ഒരുപാട് പേരെ സിനിമയിൽ കണ്ടിട്ടുണ്ട്. ബെെപ്പാസ് സർജറി കഴിഞ്ഞ ശേഷവും തിലകൻ ചേട്ടൻ മദ്യപിച്ചിരുന്നു. എന്നാൽ സെറ്റിൽ പ്രശ്നമുണ്ടാകില്ലായിരുന്നു. ശ്രീനിവാസൻ, എംജി സോമൻ ഉൾപ്പെടെയുള്ള മദ്യപിക്കുന്നവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അവരൊന്നും സിനിമയ്ക്ക് ദോഷം ചെയ്തിട്ടില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
മലയാള സിനിമയിൽ വലിയ സംഭാവന നൽകുന്ന നാലഞ്ച് നായക നടൻമാർ എല്ലും പല്ലും പോയി ദ്രവിച്ച് സ്വബോധമില്ലാതെ ചാകും. ഇവർ ലഹരിക്ക് അടിമയാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. സംവിധായകന്റെ വാദങ്ങളെ അനുകൂലിക്കുന്നവരുണ്ട്. അതേസമയം എതിർക്കുന്നവരും ഏറെയാണ്. അതേസമയം തന്റെ പരാതിയും നടന്റെ പേരും പുറത്ത് വന്നതിൽ വിൻസി അലോഷ്യസ് അതൃപ്തി അറിയിച്ചിട്ടുണ്ട്. ആരാണിത് ചെയ്തതെങ്കിലും മോശമായ പ്രവൃത്തിയാണ്. പേര് പുറത്ത് പറയാൻ താനുദ്ദേശിച്ചിരുന്നില്ലെന്നും വിൻസി അലോഷ്യസ് വ്യക്തമാക്കി.


Click it and Unblock the Notifications











