'മമ്മൂട്ടി ഉംറയ്ക്ക് പോയത് നന്നായി; പലരെയും വഴി വിട്ട് ജീവിക്കാൻ അനുവദിച്ചു; ആന്റണി വർഗീസും തലവേദനയായിരുന്നു'
മലയാള സിനിമയിൽ യുവ താരങ്ങളുടെ അച്ചടക്കമില്ലായ്മ വലിയ ചർച്ചയായിരിക്കുകയാണ്. ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെ സിനിമാ സംഘടനകൾ വിലക്കുകയും ചെയ്തു. മോശം പെരുമാറ്റം, നിർമാതാക്കളുമായി പ്രശ്നം, ഷൂട്ടിംഗ് മുടങ്ങൽ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഇരുവർക്കുമെതിരെ ഉയർന്നിരിക്കുന്നത്. സിനിമാ രംഗത്ത് ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈ മാറുമെന്നും സംഘടനകൾ വ്യക്തമാക്കി. ആർഡിഎക്സ് എന്ന സിനിമയുടെ സെറ്റിൽ നടന്ന പ്രശ്നങ്ങളാണ് ഷെയ്ൻ നിഗത്തിന് വിനയായത്.
നിർമാതാവ് സോഫിയ പോൾ നടനെതിരെ ഉന്നയിച്ച പരാതിയും ഇതിനിടെ പുറത്ത് വന്നു. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ആർഡിഎക്സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെയ്ൻ നിഗത്തിനെതിരെ ഉന്നയിച്ച പരാതി ന്യായമാണെന്നും എങ്കിലും സിനിമയിലെ മറ്റ് നടൻമാരെക്കുറിച്ചും സോഫിയ പോൾ തുറന്ന് പറയേണ്ടതായിരുന്നെന്നും വ്യക്തമാക്കിയിരിക്കുകയാണ് ശാന്തിവിള ദിനേശൻ. ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരും സെറ്റിൽ പ്രശ്നക്കാരായിരുന്നെന്ന് ഇദ്ദേഹം പറയുന്നു.

'സോഫിയ പോളിന്റെ സെറ്റിൽ ഷെയ്ൻ നിഗത്തിനെതിരെ മാത്രമേ പരാതി വന്നിട്ടുള്ളൂ. സോഫിയ ചെയ്തത് തെറ്റാണെന്ന് ഞാൻ പറയും. ആന്റണി പെപ്പെയും നീരജ് മാധവും സെറ്റിൽ കാണിച്ചതും കൂടെ എഴുതിക്കൊടുക്കണമായിരുന്നു. ഷെയ്നിനെ മാത്രം കൗണ്ടർ ചെയ്തതിൽ എനിക്ക് യോജിപ്പില്ല. കാരണം ഈ മൂന്ന് പേരും അവരവരെക്കാണ്ട് കഴിയുന്ന രീതിയിൽ തലവേദന ഉണ്ടാക്കിയെന്നാണ് എനിക്ക് കിട്ടിയ റിപ്പോർട്ട്'
'ഡേറ്റും തന്നിട്ട് വെബ് സീരീസിലേക്ക് പോയ നീരജ് മാധവനെതിരെ രഞ്ജിത്തിന് പരാതി കൊടുത്തിട്ടില്ല. സെറ്റിൽ ഉഴിച്ചിലും പിഴിച്ചിലിനും ആൾക്കാരെ കൊണ്ടു വരുന്ന, എനിക്ക് ഈസ്റ്ററിന് വീട്ടിൽ പോവാൻ പറ്റിയില്ല എന്ന് പറഞ്ഞ് സെറ്റിൽ പ്രശ്നമുണ്ടാക്കിയ ആന്റണി പെപ്പെയും'
' ഇവരുടെയൊക്കെ പേരെഴുതി കൊടുക്കണമായിരുന്നു. പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്. ഫൈറ്റ് ചെയ്ത് ക്ഷീണിച്ചെന്നാണ് ഷെയ്ൻ നിഗം പറയുന്നത്. ഷൂട്ട് കണ്ടവർ പറയുന്നത് സർവത്ര ഡ്യൂപ്പ് ആയിരുന്നെന്നാണ്. ആനയുടെ കൊമ്പിലും ക്രെയ്നിലും ഒക്കെ തൂങ്ങിയ ജയൻ എവിടെ നിൽക്കുന്നു'
'എഗ്രിമെന്റ് വെക്കുന്നത് എന്നെ കുരുക്കാനാണെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. കാരണം ആരിൽ നിന്ന് അഡ്വാൻസ് വാങ്ങുന്നു, ആരുടെ പടത്തിൽ അഭിനയിക്കുന്നു എന്നൊന്നും ബോധമില്ലാത്ത് കൊണ്ട് എഗ്രിമെന്റ് വെച്ചാൽ കുരുങ്ങിപ്പോവും'
'എന്തായാലും ഒന്ന് ഉപകാരമായി. ഉമ്മ മരിച്ചത് കാരണം മമ്മൂട്ടി ഉംറയ്ക്ക് പോയത് നന്നായി. ഇല്ലെങ്കിൽ അദ്ദേഹം ആരുടെയും തൊഴിൽ നിഷേധിക്കരുത് എന്ന് പറഞ്ഞ് പൊതുസമ്മതാനാവാൻ ശ്രമം നടത്തിയേനെ. ഇവിടെ പല സംഭവങ്ങളിലും അദ്ദേഹം അങ്ങനെ കമന്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം അങ്ങനെ പലരെയും വഴി വിട്ട് ജീവിക്കാൻ അനുവദിച്ച ആളാണ്. എന്തായാലും അദ്ദേഹം ആ കമന്റ് പറയാൻ ഇവിടെ ഇല്ല,' ശാന്തിവിള ദിനേശൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ ഉമ്മ മരണപ്പെട്ടത്. ഉംറയ്ക്ക് പോയിരിക്കുകയാണ് നടനിപ്പോൾ. നേരത്തെ ശ്രീനാഥ് ഭാസിയെ വിലക്കിയ സാഹചര്യത്തിൽ ആരുടെയും തൊഴിൽ നിഷേധിക്കരുതെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.
പ്രൊഡക്ഷൻ കൺട്രോളർമാർ ഉൾപ്പെടെയാണ് ശ്രീനാഥ് ഭാസിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. മോശം പെരുമാറ്റം മൂലം ശ്രീനാഥ് നേരത്തെയും വിമർശിക്കപ്പെട്ടിട്ടുണ്ട്. അഭിമുഖത്തിനിടെ അവതാരകയയെ അസഭ്യം പറഞ്ഞതായിരുന്നു അന്നത്തെ വിവാദം. ഷെയ്ൻ നിഗവും നേരത്തെ നിർമാതാവുമായി അസ്വാരസ്യത്തിലായിരുന്നു. വെയിൽ എന്ന സിനിമയ്ക്കിടെയാണ് ഷെയ്ൻ നിഗവും ഈ സിനിമയുടെ നിർമാതാവ് ജോബി ജോർജുമായി പ്രശ്നമുണ്ടായത്.


Click it and Unblock the Notifications