75 രൂപയുടെ വാടക വീട്ടിലെ ജീവിതം, ശാലിനിക്ക് തിരക്കോട് തിരക്ക്, അച്ഛൻ അഭിമാനത്തോടെ പറഞ്ഞത്: ശാന്തിവിള ദിനേശ്
അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് ശാലിനി. വിവാഹ ശേഷം ഒരു സിനിമയിലും ശാലിനി അഭിനയിച്ചിട്ടില്ല. ഭർത്താവ് നടൻ അജിത്ത് കുമാറിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ബാലതാരമായാണ് ശാലിനി അഭിനയ രംഗത്തേക്ക് വരുന്നത്. നിരവധി ഹിറ്റ് സിനിമകളിൽ കുട്ടിക്കാലത്തേ ശാലിനി അഭിനയിച്ചു. ശാലിനിയുടെ പിതാവ് ബാബുവിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വിദേശ യാത്രകൾ, സ്റ്റാർ നെെറ്റുകൾ, പുരസ്കാരങ്ങൾ എന്നിങ്ങനെയായി ശാലിനിയും അച്ഛൻ ബാബുവും നിലം തൊടാതെ ഓടുന്ന കാലമായിരുന്നു അത്. അതിനന്ന് ബാബു പറഞ്ഞത് കാറ്റുള്ളപ്പോൾ തൂറ്റണം എന്നാണ്. 75 രൂപയുള്ള വാടക വീട്ടിൽ നിന്നും ജീവിതം തുടങ്ങിയവനാണ് ഞാൻ. പണത്തിന്റെ വില നന്നായി എനിക്കറിയാം. രണ്ട് ചായ വാങ്ങി അഞ്ച് പേർ പകുത്ത് കുടിച്ച കാലം എനിക്കുണ്ടായിരുന്നു.

അവിടെ നിന്നും ദെെവം നല്ലൊരു അവസരം തരുമ്പോൾ കഴിയുന്നത്ര പണിയെടുക്കണം. അതിന്റെ ഫലം എനിക്കും എന്റെ കുടുംബത്തിനും കിട്ടുകയും ചെയ്തു എന്ന് ദെെവത്തോട് നന്ദി പറഞ്ഞ് കൊണ്ട് ബാബു അഭിമാനത്തോടെ പറയുമായിരുന്നു. കുട്ടിത്തം നഷ്ടമായി തുടങ്ങിയതോടെ ശാലിനി അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തു. പകരം ശ്യാമിലി വന്നു. ബാബു വിശ്രമിച്ചതേയില്ല. ശാലിനിക്ക് ശേഷം ശ്യാമിലിയെ കൊണ്ട് നടക്കലായി.
ശാലിനിക്ക് 18 വയസായപ്പോൾ ഫാസിൽ വിളിപ്പിച്ചു. കണ്ടപ്പോൾ എന്റെ മാമാട്ടി വലിയ പെണ്ണായി എന്നാണ്. തന്റെ പടത്തിലെ നായികയായി തീരുമാനിക്കുകയും ചെയ്തു. അനിയത്തിപ്രാവ് ഹിറ്റായി. തമിഴിലും ചെയ്തപ്പോൾ അതും ഹിറ്റായി. ശാലിനി അന്ന് പ്ലസ് ടുവിന് പഠിക്കുകയാണ്. നായികയായി തിളങ്ങി നിന്ന കാലത്താണ് ശാലിനി അജിത്തിന്റെ ഭാര്യയാകുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
2000 ത്തിലാണ് അജിത്തും ശാലിനിയും വിവാഹിതരാകുന്നത്. അമർക്കളം എന്ന സിനിമയിൽ അഭിനയിക്കവെ പ്രണയത്തിലാകുകയായിരുന്നു ഇവർ. അനൗഷ്ക ആദ്വിക് എന്നീ രണ്ട് മക്കളാണ് അജിത്തിനും ശാലിനുമുള്ളത്. സോഷ്യൽ മീഡിയയിൽ കുടുംബ സമേതമുള്ള ഫോട്ടോ ഇടയ്ക്ക് ശാലിനി പങ്കുവെക്കാറുണ്ട്. പ്രിയ നടി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മറുവശത്ത് അജിത്ത് സിനിമകളുടെയും കാർ റേസിംഗിന്റെയും തിരക്കുകളിലാണ്.


Click it and Unblock the Notifications
















