കുഞ്ഞാലി മരക്കാരിന് 45 കോടി നഷ്ടം വരുമെന്ന് ആദ്യമേ പ്ലാന്‍ ചെയ്തിരുന്നു! സിനിമയിലെ നഷ്ടത്തെ കുറിച്ച് നിർമാതാവ്
സന്തോഷ് ടി കുരുവിള എന്ന പേര് മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. സിനിമാ നിര്‍മാണത്തിലൂടെ ശ്രദ്ധേയനായി മാറിയ സന്തോഷ് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെ വച്ച് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. തന്റെ പല സിനിമകളും വലിയ സാമ്പത്തിക പരാജയം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സന്തോഷിപ്പോള്‍.
എത്രയൊക്കെ സിനിമകള്‍ പൊട്ടിയാലും താന്‍ പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരില്ലെന്നാണ് സന്തോഷ് പറയുന്നത്. അതിന് കാരണം കാല്‍ക്കുലേറ്റ് ചെയ്ത് റിസ്‌ക് എടുക്കുന്നത് കൊണ്ടാണെന്നും സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് അടക്കം നഷ്ടം വരുന്നത് എത്രയാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും സന്തോഷ് പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാവ്.

'സിനിമ നല്ലതാണെങ്കില്‍ അത് വിജയിക്കും. എന്ന് കരുതി അതോര്‍ത്ത് ടെന്‍ഷനടിക്കേണ്ട കാര്യമില്ല. കുറച്ച് നാള്‍ മുന്‍പ് എനിക്ക് വലിയൊരു തുക തരാനുള്ള കമ്പനി പൊട്ടി പോയി. ഏതാണ്ട് ഇരുപത്തിയഞ്ച് കോടി രൂപ നഷ്ടമാകും. ഞാന്‍ ഈ വാര്‍ത്ത പത്രത്തില്‍ വായിച്ച് ചിരിച്ചോണ്ട് ഇരിക്കുകയായിരുന്നു. ഈ അവസ്ഥയിലും എങ്ങനെ ചിരിക്കുമെന്ന് എന്നോട് ഒരു സുഹൃത്ത് ചോദിച്ചു.
ഞാന്‍ ചിരിക്കാതെ ടെന്‍ഷനടിച്ചിരുന്ന് ചത്ത് പോയാല്‍ എന്റെ ഭാര്യയ്ക്കും പിള്ളേര്‍ക്കുമാണ് നഷ്ടമെന്നും അതല്ലാതെ മറ്റെന്താണ് പ്രയോജനമെന്നും ഞാന്‍ ചോദിച്ചു. അതാണ് ശരിയായ കാര്യം. ഞാനൊരു കാല്‍കുലേറ്റഡ് റിസ്‌ക് എടുക്കുന്ന ആളാണ്. ഒരു ബിസിനസ് തുടങ്ങി അത് പരാജയപ്പെട്ടാല്‍ വഴിയിലാവില്ല. എന്റെ ഭാര്യയും മക്കളും വഴിയിലാവരുതെന്ന രീതിയിലാണ് ഞാന്‍ സിനിമകള്‍ ചെയ്യാറുള്ളു', സന്തോഷ് പറയുന്നു.
മാത്രമല്ല മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും അഭിമുഖത്തില്‍ നിര്‍മാതാവ് സംസാരിച്ചിരുന്നു.
'കുഞ്ഞാലി മരക്കാര്‍ ആദ്യമെടുക്കാന്‍ ഞാനും ആന്റണി പെരുമ്പാവൂരും തീരുമാനിക്കുമ്പോള്‍ നാല്‍പ്പത്തിയഞ്ച് കോടിയുടെ നഷ്ടം വരെ ആവാമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. ഒരു പടത്തിന് എത്ര ലാഭം കിട്ടും എന്നത് മാത്രമല്ല ഈ പടം പരാജയപ്പെട്ടാല്‍ എത്രത്തോളം നഷ്ടമുണ്ടാവുമെന്നും ആദ്യമേ കണക്ക് കൂട്ടാറുണ്ട്. ഇതൊന്നും ദൈവീകമല്ല. നഷ്ടമുണ്ടാവാം, ചിലപ്പോള്‍ ലാഭമായിരിക്കാം, അതുമല്ലെങ്കില്‍ നമ്മള്‍ വിചാരിച്ചത് പോലെയൊന്നും വരണമെന്നുമില്ല.

ലാലേട്ടന്‍ ആ സിനിമയില്‍ അയ്യോ എന്ന് നിലവിളിച്ചത് അദ്ദേഹത്തിന്റെ ഫാന്‍സിന് പോലും ഇഷ്ടപ്പെട്ടില്ല. അതുപോലെ സിനിമയില്‍ മറ്റേ കഥാപാത്രത്തെ മുകളിലേക്ക് അദ്ദേഹം കൈയ്യില്‍ വലിച്ച് കയറ്റിയതും ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഇതൊക്കെ മുന്‍കൂട്ടി കണ്ടിരുന്നെങ്കില്‍ സിനിമയില്‍ എടുക്കില്ലായിരുന്നു. ഇതൊന്നും മുന്‍കൂട്ടി കാണാന്‍ പറ്റില്ല.
ഞാന്‍ സിനിമയിലാണെങ്കിലും ബിസിനസിലാണെങ്കിലും കാല്‍കുലേറ്റഡ് റിസ്‌കേ ഞാന്‍ എടുക്കാറുള്ളു. സിനിമയില്‍ നഷ്ടവും ലാഭവും ഉണ്ടാവാം. അച്ചടക്കം ഭയങ്കര പ്രധാന്യമുള്ള കാര്യമാണ്. വിട്ട് കൊടുക്കാന്‍ പോയാല്‍ സിനിമ നമ്മുടെ കൈയ്യില്‍ നിന്നും പോകും. പറയാനുള്ള കാര്യങ്ങള്‍ നേരെ തന്നെ പറയണം. എല്ലാവരെയും പേടിച്ച് നിര്‍മാതാവ് സിനിമ എടുക്കാന്‍ പോയാല്‍ ഉറപ്പായിട്ടും ആ സിനിമ പരാജയപ്പെടുക തന്നെ ചെയ്യുമെന്ന്', സന്തോഷ് പറയുന്നു.
പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ സിനിമകളൊക്കെ തിയേറ്ററില്‍ നിന്നും ഭയങ്കരമായി കളക്ട് ചെയ്ത സിനിമകളാണ്. അതുപോലെയുള്ള സിനിമകളാണെങ്കില്‍ തിയേറ്ററില്‍ നിന്നും മുടക്കിയ മുതല്‍ കളക്ഷനായി തിരിച്ച് പിടിക്കാവുന്നതാണ്. നല്ല സിനിമയാണെങ്കില്‍ രണ്ടും മൂന്നും തവണ കാണുന്നവരുണ്ട്. ആളുകള്‍ക്ക് കാണാന്‍ ഇഷ്ടമുള്ള തരത്തിലുള്ള സിനിമകളാണെങ്കില്‍ ഈ കുഴപ്പങ്ങളൊന്നുമില്ലെന്നും നിര്‍മാതാവ് വ്യക്തമാക്കുന്നു.


Click it and Unblock the Notifications











