എനിക്ക് സൈസ് തീരെ കുറവാണ്, 38 കിലോ ഭാരമേയുള്ളു; വിമര്‍ശനങ്ങളെ കുറിച്ച് സാന്ത്വനത്തിലെ കണ്ണന്റെ നായിക മഞ്ജുഷ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലില്‍ ചില പുതിയ കഥാപാത്രങ്ങള്‍ കൂടി വന്നിരിക്കുകയാണ്. അതിലേറ്റവും ശ്രദ്ധേയം കണ്ണനും ഒരു നായിക ഉണ്ടായി എന്നതാണ്. പുതുമുഖം മഞ്ജുഷ മാര്‍ട്ടിനാണ് കണ്ണന്റെ പെയര്‍ ആയിട്ടെത്തുന്നത്. ഇനിയുള്ള എപ്പിസോഡുകള്‍ മനോഹരമായിരിക്കും എന്ന കാര്യം ഉറപ്പായി.
എന്നാല്‍ സീരിയലിലേക്കുള്ള അരങ്ങേറ്റത്തിന് ശേഷം മഞ്ജുഷയ്ക്ക് വിമര്‍ശനമാണ് ലഭിക്കുന്നത്. കൂടുതല്‍ പേരും സന്തോഷം പങ്കുവെച്ചാണ് വരുന്നതെങ്കിലും ശരീരഭാരം കുറഞ്ഞതിന്റെ പേരിലും പൊക്കമില്ലാത്തതിന്റെ പേരിലും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ഇതിനൊക്കെയുള്ള മറുപടി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ മഞ്ജുഷ പറയുന്നു..

'സാന്ത്വനം സീരിയലിലേക്ക് സെലക്ഷനായത് എങ്ങനെയാണെന്ന് ചോദിച്ച് ഒരുപാട് പേര്‍ വന്നിരുന്നു എന്ന് പറഞ്ഞാണ് മഞ്ജുഷ സംസാരിച്ച് തുടങ്ങിയത്. സാന്ത്വനത്തിലേക്ക് അവസരം കിട്ടിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നാണ് മഞ്ജുഷ പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സീരിയലിലേക്കുള്ള അവസരം വന്നതെങ്കിലും ആദ്യമേ നോ എന്നാണ് പറഞ്ഞത്. എല്‍എല്‍ബി അവസാന വര്‍ഷം പഠിക്കുന്നത് കൊണ്ട് പഠനത്തില്‍ വീഴ്‌വരണ്ടെന്ന് കരുതിയാണ് സീരിയല്‍ വേണ്ടെന്ന് സൂചിപ്പിച്ചത്'.

സീരിയലില്‍ കണ്ണന്റെ പെയര്‍ ആയിട്ടാണ് എന്നെ സീരിയലിലേക്ക് ക്ഷണിച്ചത്. അദ്ദേഹം സൈസ് കുറവായത് കൊണ്ടാണ് എന്നെ തന്നെ വിളിച്ചത്. റീല്‍സ് ചെയ്യുമ്പോള്‍ ഫില്‍റ്റര്‍ ഇട്ടും മറ്റുമൊക്കെയാണ് ചെയ്യുന്നത്. അത് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ വളരെ സൈസ് കുറഞ്ഞ ഒരു കുട്ടിയാണ്. 38 കിലോ ഭാരമേ എനിക്ക് ഉള്ളൂ, പൊക്കമാണെങ്കില്‍ അഞ്ചടി തികച്ച് പൊക്കമില്ല. എപ്പോഴും ഞാന്‍ ഇക്കാര്യം പറയാറുമുണ്ട്.

ഒരുപാട് പേര് സന്തോഷങ്ങള്‍ അറിയിച്ച് വന്നു. നെഗറ്റീവുകളെ ഞാന്‍ തള്ളി കളയാറേയുള്ളൂ. നെഗറ്റീവ്‌സ് പറയുന്നുവരോട്, അതേ, ഞാന്‍ സൈസ് കുറഞ്ഞ ഒരു കുട്ടിയാണ്. വളരെ മെലിഞ്ഞ് ഇരിക്കുന്ന കുട്ടിയാണ്. അതില്‍ ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നു. എനിക്ക് വിശപ്പ് ഇല്ലാത്തതാണ് പ്രശ്‌നം. ഡോക്ടര്‍മാരെ ഒക്കെ കാണിച്ചിരുന്നുവെന്നും അതൊക്കെ ദൈവം തരുന്നതല്ലേ എന്നുമാണ് മഞ്ജുഷ ചോദിക്കുന്നത്.

പക്ഷേ ഈ സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ സാര്‍ എന്നെ വിളിച്ച് പറഞ്ഞത് മഞ്ജുഷ നമ്മുക്ക് പെര്‍ഫോമന്‍സ് മാത്രം മതി എന്നാണ്. ഈ സൈസ് നമ്മുക്ക് മതി. ഈ സൈസാണ് നമ്മുടെ മെയിന്‍ കാര്യം. രണ്ട് മൂന്ന് കുട്ടികള്‍ വന്നിരുന്നു. പക്ഷേ അവര്‍ക്ക് സൈസ് കൂടിയത് കൊണ്ട് മാറ്റുകയായിരുന്നു. അപ്പോള്‍ എല്ലാവരും മനസിലാക്കേണ്ടത് ഒരുപാട് പൊക്കവും വണ്ണവുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്നെ ഈ സീരിയലിലേക്ക് വിളിക്കില്ലായിരുന്നു എന്നും മഞ്ജുഷ വ്യക്തമാക്കുന്നു.
Recommended Video

ഞാന്‍ ഇന്‍സ്റ്റഗ്രാമിലെ സീരിസ് ചെയ്യുമ്പോഴും യൂട്യൂബ് വ്‌ലോഗിലും മേക്കപ്പ് ഇടാറില്ല. നോര്‍മല്‍ ലുക്കാണ്. ഞാന്‍ ഫെയര്‍ ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല. സീരിയലില്‍ നമ്മുക്ക് മേക്കപ്പ് വേണ്ടെന്ന് പറഞ്ഞാലും അവരത് ചെയ്യും. ഓരോ പ്രൊഫഷനും അതിന്റേതായ രീതികളുണ്ട്. നമ്മുക്ക് പോയി പെട്ടെന്നൊന്നും മാറ്റാനാകില്ല. നെഗറ്റീവ് പറയുന്നവര്‍ക്കും കുറവുകളില്ലേ. ഓരോന്നും ദൈവത്തിന്റെ അനുഗ്രഹമാണ്. നല്ല നല്ല കാര്യങ്ങള്‍ പറയുന്ന കമന്റുകളൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും മഞ്ജുഷ പറയുന്നു.


Click it and Unblock the Notifications











