'23 ആം വയസിലായിരുന്നു രജിസ്റ്റർ വിവാഹം, ഡിപ്രഷന്റെ സ്റ്റേജിലെത്തിയപ്പോൾ കിട്ടിയ സന്തോഷം'; സജിൻ പറയുന്നു!
സാന്ത്വനത്തോളം പ്രേക്ഷകർ സ്വീകരിച്ച മറ്റൊരു മലയാളം സീരിയൽ ഉണ്ടാകില്ല. സീരിയലുകൾ കുടുംബപ്രേക്ഷകരുടേതാണ് എന്ന ചിന്താഗതി മാറി യുവാക്കളും യുവതികളുമടക്കം എല്ലാവരും സാന്ത്വനം സീരിയൽ ഏറ്റെടുത്ത് കഴിഞ്ഞു. ചിലർക്ക് ചില ലൈഫ് ചെയ്ഞ്ചിങായിട്ടുള്ള സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഭാഗ്യം തുണച്ചപ്പോൾ അഭിനയിക്കാനുള്ള കഴിവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് സീരിയൽ സിനിമാ താരം സജിൻ ടി.പി. പ്ലസ്ടു സിനിമയിലൂടെയാണ് സജിൻ അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
ശേഷം ഒന്നര വർഷങ്ങൾക്ക് മുമ്പ് സാന്ത്വനം സീരിയലിലെ ശിവനായി അവതരിച്ചതോടെ കേരളക്കര മൊത്തം ശിവന്റേയും ഒപ്പം സജിന്റേയും ആരാധകരായി തുടങ്ങി. സാന്ത്വനത്തിലെ ശിവാഞ്ജലി കോമ്പോയ്ക്ക് അത്രയേറെ ആരാധകരാണ് ഇന്നുള്ളത്. ശിവനായി സജിൻ അഭിനയിക്കുമ്പോൾ അഞ്ജലിയായി നടി ഗോപിക അനിലാണ് അഭിനയിക്കുന്നത്. മുഖത്ത് ഭാവങ്ങൾ വരില്ലെന്ന് പറഞ്ഞ് പലരും പുച്ഛിച്ച് മടക്കി അയച്ചിട്ടുള്ളതിന്റെ നിരവധി പഴയ കഥകളും സജിൻ പറഞ്ഞിട്ടുണ്ട്.

സാന്ത്വനത്തിലെ ശിവനായ ശേഷം ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ അഭിമുഖത്തിനായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സജിൻ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ദാമ്പത്യ ജീവിതം, അഭിനയ ജീവിതം എന്നിവയെ കുറിച്ചെല്ലാം സജിൻ മനസ് തുറന്നത്. 'ഇരുപത്തിമൂന്നാം വയസിൽ നടി ഷഫ്നയെ രജിസ്റ്റർ വിവാഹം ചെയ്തതിനെ കുറിച്ചും ശിവനായപ്പോൾ ജീവിതം മാറിയതെങ്ങനെയെന്നും സജിൻ വെളിപ്പെടുത്തി. ഞാൻ അഭിനയിച്ച പ്ലസ് ടു സിനിമയിൽ ഷഫ്നയായിരുന്നു നായിക. അപ്പോൾ മുതൽ ഇഷ്ടം തുടങ്ങിയിരുന്നു. ഷൂട്ടിങ് തീരാറായപ്പോൾ അവളോട് അത് തുറന്ന് പറഞ്ഞു. ആദ്യം അവൾ സമ്മതിച്ചില്ല. പിന്നെ ഓക്കെയായി.'

'ഇരുപത്തിമൂന്നാം വയസിലാണ് രജിസ്റ്റർ വിവാഹം വീട്ടുകാരറിയാതെ നടന്നത്. ഷഫ്നയുടെ ഫോട്ടോ അവിടെ ആരോ തിരിച്ചറിഞ്ഞ് ഷഫ്നയുടെ വീട്ടിൽ അറിയിച്ചു. പിന്നെ ചെറിയ ബഹളവും പ്രശ്നങ്ങളും നടന്നു. ഇപ്പോൾ എല്ലാം പരിഹരിച്ചു. രണ്ട് കുടുംബക്കാരും സ്നേഹമാണ്. അഞ്ജലിയും ഷഫ്‌നയും തമ്മിൽ യാതൊരു ബന്ധവും ഇല്ല. നെഗറ്റീവ്‌സ് ആണെങ്കിലും പോസിറ്റീവ്‌സ് ആണെങ്കിലും രണ്ട് പേരും തീർത്തും വ്യത്യസ്തരാണ്. അഞ്ജലിയെക്കാൾ വളരെ അധികം സ്‌ട്രോങാണ് ഷഫ്‌ന. എല്ലാം ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഷഫ്‌നയ്ക്കുണ്ട്. അഞ്ജലി എന്ന കഥാപാത്രത്തിന് ആ ധൈര്യം ഇല്ല.'

'ഷഫ്‌ന അഞ്ജലി എന്ന കഥാപാത്രത്തെ പോലൊരു പെൺകുട്ടിയായിരുന്നുവെങ്കിൽ ഒരിക്കലും പ്രണയിക്കില്ലായിരുന്നു. അവൾ വേറൊരു മോഡ് ആണ്. ഞാനും ഷഫ്‌നയ്ക്കും ശരിയ്ക്കും നല്ല സുഹൃത്തുക്കളാണ്. എന്റെ സുഹൃത്തുക്കൾക്കൊപ്പം പോകുന്നതിനെക്കാൾ കൂടുതൽ യാത്ര ചെയ്തത് ഷഫ്‌നയ്ക്ക് ഒപ്പമാണ്. വളരെ കംഫർട്ടാണ് ഞങ്ങൾ രണ്ട് പേരും. എന്തും ഷഫ്‌ന സപ്പോർട്ട് ചെയ്യും. എപ്പോഴും ഒരുമിച്ച് ഉണ്ടാകണം എന്നാണ് ഷഫ്‌നയുടെ ആഗ്രഹം. ഷൂട്ടിങ് തിരക്കുകൾ കാരണം ഞങ്ങൾ കാണുന്നത് തന്നെ കുറവായിരുന്നു. ഷഫ്‌ന മലയാളത്തിലും തെലുങ്കിലും ചെയ്യുന്ന സമയത്ത് മാസത്തിൽ ഒരിക്കൽ മാത്രമെ കാണാറുള്ളൂ. മലയാളം പ്രൊജക്ട് കഴിഞ്ഞതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു.'

'ഇപ്പോൾ മാസത്തിൽ ആദ്യത്തെ 15 ദിവസം ഞാൻ ഷൂട്ടിങ് തിരക്കിലായിരിക്കും. അവളുടെ ഷെഡ്യൂൾ കഴിഞ്ഞാൽ എന്റെ അടുത്തേക്ക് വരും. അങ്ങനെ മാസത്തിൽ 15 ദിവസം ഒരുമിച്ച് ഉണ്ടാവും. ഷഫ്‌നയ്ക്ക് ഏറ്റവും ഇഷ്ടം ഞാൻ അടുത്തിരിയ്ക്കുന്നതാണ്. അവൾ എപ്പോഴും വഴക്കിടുന്നത് ഞാൻ അടുത്ത് ഇല്ലാത്തതിനെ ചൊല്ലിയാണ്. സാന്ത്വനം ലഭിക്കുന്നതിന് മുമ്പ് സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി നടക്കുകയായിരുന്നു. ഡിപ്രഷൻ സ്റ്റേജ് വരെ പോയിരുന്നു. ഓഡീഷനിൽ നിന്ന് പലതവണ റിജക്ട് ആയിട്ടുണ്ട് മുഖത്ത് ഭാവങ്ങൾ വരുന്നില്ലെന്ന് പറഞ്ഞ്. ഇപ്പോഴും സിനിമ തന്നെയാണ് ലക്ഷ്യം' സജിൻ പറയുന്നു.


Click it and Unblock the Notifications