നിങ്ങൾക്കുള്ളത് ബുദ്ധിയും ബോധവുമല്ല, പരിഹസിച്ചവർക്ക് മറുപടിയുമായി സനുഷ....
വിഷാദരോഗത്തെ കുറിച്ച് നടി സനുഷ മനോരമ ഡോട് കോമിൽ പങ്കുവെച്ച ലേഖനം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. നടിയുടെ ലേഖനത്തിന് താഴെ എത്തിയ പരിഹാസവും വിമര്‍ശനങ്ങളും നിറഞ്ഞ കമന്റുമായി ചിലർ രംഗത്തെത്തിയിരുന്നു. ഇതിന് തക്ക മറുപടിയുമായി സനുഷ. ഈ കമന്റുകൾ ഇൻസ്റ്റഗ്രാമിൽ വീഡിയോ രൂപത്തിൽ പകർത്തിക്കൊണ്ടാണ് സനുഷ മറുപടി നൽകിയത്.

യൂട്യൂബ് ചാനലിൽ സനുഷ പോസ്റ്റ് ചെയ്ത വീഡിയോയെ അധികരിച്ചായിരുന്നു ലേഖനം. കമന്റുകള്‍ വീഡിയോ രൂപത്തില്‍ പങ്കുവെച്ചാണ് താരത്തിന്റെ മറുപടി. സമാന അവസ്ഥയിലൂടെ കടന്ന് പോകുന്ന മറ്റാർക്കെങ്കിലും പിന്തുണയാവും എന്ന് കരുതിയാണ് പോസ്റ്റ് ചെയ്തത്. എന്നാൽ മാനസിക സംഘർഷങ്ങളെ പറ്റി പറയുമ്പോൾ ചില 'വിഡ്ഢികൾ പെരുമാറുന്നത്' ചൂണ്ടിക്കാട്ടുകയാണ് സനുഷ. വീഡിയോയ്‌ക്കൊപ്പമുള്ള സനുഷയുടെ പോസ്റ്റിന്റെ പരിഭാഷ വായിക്കാം:
"ഇത്തരം കമന്റുകൾ കൊണ്ടാണ് ഇവർ പലരെയും നശിപ്പിക്കുന്നത്, മാനസികാവസ്ഥയെ പറ്റി തുറന്നു പറയുന്നവരോട് പെരുമാറുന്നത്. മാനസിക സംഘർഷങ്ങളെ കളങ്കമെന്ന തരത്തിൽ കാണുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന് സൗഖ്യം, സത്യം എന്നതിനേക്കാൾ കൂടുതൽ ഈ വിധമുള്ള നിലപാടിനെ കൂട്ടുപിടിക്കാനാണ് താൽപ്പര്യം. ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു. ബുദ്ധിയും ബോധവുമുണ്ട് എന്ന് അവർ കരുതുന്നെങ്കിൽ, അവർക്ക് ശരിക്കുമുള്ളത് വിവരമില്ലായ്മയാണ്. വിഷാദം, വ്യാകുലത തുടങ്ങിയ മാനസിക പ്രശ്നങ്ങൾ വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. സഹായിക്കാൻ പറ്റിയില്ലെങ്കിൽ വിഡ്ഢിത്തം വിളമ്പാതിരിക്കുക." സനുഷ കുറിപ്പിൽ പറയുന്നു .
ബാല താരമായിട്ടാണ് സനുഷ സിനിമയിൽ എത്തിയത്. ദാദാ സാഹിബ്,കരിമാടിക്കുട്ടൻ, കൺമഷി, മീശമാധവൻ , കാഴ്ച തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ കാഴ്ചയിലെ നടിയുടെ കഥപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്പിളി എന്ന കഥാപാത്രത്തിന് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.സൗമ്യം എന്ന ചിത്രത്തിനും നടിക്ക് ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. 2016ൽ റിലീസായ 'ഒരു മുറി വന്ത് പാർത്തായ' ആണ് സനുഷയുടെ പുറത്തിറങ്ങിയ മലയാള ചിത്രം. .കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലെ ചിത്രങ്ങളിലും സനുഷ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











