'ശരണ്യയെ അരവിന്ദ് സ്വാമി കല്യാണം കഴിച്ചോ എന്ന സംശയമായി'; അതുകൊണ്ട് പേര് മാറ്റിയെന്ന് അരവിന്ദ്
ബാലതാരമായി എത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹൻ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും റീൽസ് വീഡിയോകളുമെല്ലാം ആരാധകരുമായി ശരണ്യ പങ്കുവയ്ക്കാറുണ്ട്. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്.

വർക്കല ദന്തൽ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണൻ. അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. നർത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളായ ശരണ്യ അച്ഛനമ്മമാരെ പോലെ പ്രാവിണ്യം നേടിയൊരു നർത്തകി കൂടിയാണ്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള യാരെടീ നീ മോഹിനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാർഡും ശരണ്യയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോൾ തന്നെ വിവാഹം ചെയ്ത ശേഷം ഭർത്താവ് പേര് മാറ്റിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശരണ്യയും ഭർത്താവ് അരവിന്ദും. പേരിനൊപ്പം സ്വാമി എന്ന് കൂടി ഉണ്ടായിരുന്നുവെന്നും എന്നാൽ ശരണ്യയെ വിവാഹം ചെയ്തപ്പോൾ ശരണ്യയും അരവിന്ദ് സ്വാമിയും വിവാഹിതരായി എന്ന് വാർത്തകൾ വന്നു. പലരും അത് തമിഴ് നടൻ അരവിന്ദ് സ്വാമിയാണോയെന്ന് പോലും ഒരു നിമിഷം ചിന്തിച്ചിരുന്നു.
ആ തോന്നൽ ആർക്കും വരാതിരിക്കാനാണ് പേരിൽ നിന്നും സ്വാമി ഒഴിവാക്കിയതെന്നും ശരണ്യയും അരവിന്ദും പറഞ്ഞു. നടി സ്വാസിക അവതാരികയായ റെഡ് കാർപറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. അരവിന്ദ് ഇപ്പോൾ സോഷ്യൽമീഡിയ ഹാൻഡിലുകൾക്കെല്ലാം സ്വാമി ബ്രോ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇനി എപ്പോഴെങ്കിലും സിനിമയിലേക്ക് തിരികെ വരുമോയെന്ന് ചോദിച്ചപ്പോൾ നല്ല കഥയ്ക്കും കഥാപാത്രത്തിനും അണിയറപ്രവർത്തകർക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും അത്തരത്തിൽ ഒരു പ്രോജക്ട് വന്നാൽ തീർച്ചയായും അഭിനയിക്കുമെന്നും ശരണ്യ വ്യക്തമാക്കി. ഭര്യ അഭിനയിക്കുന്നതിൽ എതിർപ്പില്ലാത്ത വ്യക്തിയാണ് താനെന്ന് അരവിന്ദും പറഞ്ഞു.


Click it and Unblock the Notifications