ശിവാജി ഗണേശനായി ധനുഷ്, പദ്മിനിയായി ശരണ്യ മോഹൻ; ഞെട്ടിപ്പോയ നിമിഷത്തെ കുറിച്ച് നടി പറയുന്നു
മലയാളത്തിലും തമിഴിലും ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച നടിയാണ് ശരണ്യ മോഹൻ. അനിയത്തു പറവ് എന്ന 1997ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രത്തിലൂടെ ബാലതാരമായാണ് ശരണ്യ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൻ്റെ റീമേക്കായ വിജയ്യുടെ കാതലുക്കു മരിയാദൈയിലും അവർ അഭിനയിച്ചു. പിന്നീട് മുതിർന്നപ്പോൾ, വളരെ പ്രശസ്തമായ പല സിനിമകളിലും പ്രധാന കഥാപാത്രമായി അഭിനയിച്ചു ശരണ്യ. തമിഴിൽ ഏറ്റവും ശ്രദ്ധ നേടിയത്, യാരടി നീ മോഹിനി എന്ന ചിത്രത്തിലെ ധനുഷിനൊപ്പമുള്ള വേഷമാണ്.
ധനുഷിനൊപ്പമുള്ള ഹിറ്റ് നൃത്തരംഗത്തെ കുറിച്ച് ശരണ്യ
തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന, ധനുഷ് നായകനായ കുബേര എന്ന ചിത്രത്തെക്കുറിച്ച് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകൾ ഉയർന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. ഇതിനിടെ, പ്രശസ്ത നടി ശരണ്യ മോഹൻ അടുത്തിടെ ഒരു അഭിമുഖത്തിൽ, 'യാരടി നീ മോഹിനി' എന്ന സിനിമയിൽ തനിക്ക് അവസരം ലഭിച്ചതിനെക്കുറിച്ചും ആ ചിത്രത്തിലെ 'പാലക്കാട്ട് പാക്കത്തിലേ' എന്ന പാട്ടിന് ധനുഷിനൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ചും മനസ്സുതുറന്നു സംസാരിച്ചു.

ഈ ചിത്രത്തിനായുള്ള ഓഡിഷൻ നടക്കുന്ന സമയത്ത്, ഒരു സുഹൃത്തിന്റെ നിർബന്ധപ്രകാരമാണ് അതിൽ പങ്കെടുത്തതെന്ന് ശരണ്യ മോഹൻ ഓർത്തെടുത്തു. ഓഡിഷന് എത്തിയ ശരണ്യയോട് നായകൻ ധനുഷിന്റെ അച്ഛനും, പ്രശസ്ത സംവിധായനുമായ കസ്തൂരി രാജ, ദാവണിയും പാവാടയുമിട്ട്, മുടിയിൽ ഒരു മുഴം പൂവ് വച്ച് വരാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് ശരണ്യ മോഹൻ ഒരുങ്ങി എത്തിയപ്പോൾ, ഒരു സംഭാഷണം മനഃപാഠമാക്കി പറയാൻ ടീം ആവശ്യപ്പട്ടു. അങ്ങനെ നൽകിയ സംഭാഷണം പറഞ്ഞതിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ, കസ്തൂരി രാജ നടിയെ വിളിച്ച് ഈ ചിത്രത്തിൽ അഭിനയിക്കാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് പറഞ്ഞു.
നായികയായ നയൻതാരയുടെ അനിയത്തിയുടെ വേഷത്തിലാണ് ശരണ്യ ചിത്രത്തിൽ അഭിനയിച്ചത്. ഈ സിനിമയിൽ ഒരു വേഷം ലഭിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ല എന്ന മനോഭാവത്തോടെ വന്ന ശരണ്യ മോഹൻ, ആ റോൾ ചെയ്യാൻ അവസരം ലഭിച്ചതിൽ അത്ഭുതപ്പെട്ടു. അതിന് ശേഷം ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയും ചെയ്തു. നായികയുടെ അനിയത്തിയായിട്ടാണ് വേഷമെങ്കിലും, നായകൻ ധനുഷിനൊപ്പം ഒരു നൃത്തരംഗവും നടിക്ക് ചിത്രത്തിൽ ഉണ്ടായിരുന്നു.

'യാരടി നീ മോഹിനി'യുടെ ഒറിജിനൽ ആയ തെലുങ്ക് ചിത്രത്തിൽ ഈ ഗാനരംഗം ഇല്ലാതിരുന്നിട്ടും, തമിഴ് ചിത്രത്തിൽ ഈ ഗാനം വേണമെന്ന് സംവിധായകൻ സെൽവരാഘവൻ ആവശ്യപ്പെട്ട് വാങ്ങി. ഈ പാട്ട് യഥാർത്ഥത്തിൽ വിയറ്റ്നാം വീട് എന്ന ക്ലാസിക് ചിത്രത്തിൽ ശിവാജി ഗണേശനും പദ്മിനിയും ചേർന്ന് അവതരിപ്പിച്ചതാണ് അറിഞ്ഞപ്പോൾ ശരണ്യ മോഹൻ ഞെട്ടിപ്പോയി.
പിന്നീട് നടി തന്നെ ശിവാജി ഗണേശനും പദ്മിനിയും അവതരിപ്പിച്ച ഒറിജിനൽ നൃത്തം കണ്ട് അവരെപ്പോലെ തന്നെ നൃത്തം ചെയ്ത് പഠിച്ചു. രണ്ടു രാത്രികളിലായിട്ടാണ് ധനുഷും ശരണ്യ മോഹനും അഭിനയിച്ച ഈ ഗാനരംഗം ചിത്രീകരിച്ചത്. യാരടി നീ മോഹിനിയിൽ തന്റെ കഥാപാത്രം എങ്ങനെയായിരിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് നടി തന്റെ പുതിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ ശരണ്യ മോഹന്റെ പ്രകടനത്തിന് തമിഴ് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് തമിഴ് സിനിമയിൽ നിന്ന് ഒരുപാട് അവസരങ്ങൾ നടിയെ തേടി എത്തുകയും ചെയ്തു. എന്നാൽ, കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ഡോ. അരവിന്ദ് കൃഷ്ണനെ വിവാഹം ചെയ്ത ശരണ്യ അഭിനയത്തോട് വിട പറഞ്ഞു.


Click it and Unblock the Notifications











