'ആ നായക നടന്റെ കമന്റ് ഇഷ്ടപ്പെട്ടില്ല; ശരണ്യയെക്കുറിച്ച് ചോദിച്ചാൽ എത്ര ലൊക്കേഷനിൽ പ്രശ്നമുണ്ടാക്കി എന്നറിയാം'
നടി ശരണ്യയുടെ മരണം മലയാളികളെ ഏറെ വിഷമിപ്പിച്ചതാണ്. ട്യൂമർ ബാധിച്ച് ഏറെക്കാലം ചികിത്സയിലായിരുന്നു ശരണ്യ. 2021 ൽ തന്റെ 35ാം വയസിലാണ് ശരണ്യ ലോകത്തോട് വിട പറയുന്നത്. സീരിയലുകളിൽ സജീവമായിരിക്കെയാണ് ശരണ്യക്ക് അസുഖം പിടിപെടുന്നത്. പിന്നീട് ഏറെക്കാലം ചികിത്സ നടന്നു. പ്രതിസന്ധി ഘട്ടത്തിൽ ശരണ്യക്ക് താങ്ങായത് അമ്മ ഗീതയാണ്. ശരണ്യയുടെ മരണം ഗീതയെ മാനസികമായി തകർത്തിരുന്നു. സിനിമാ, സീരിയൽ രംഗത്ത് നിന്നും അടുത്തിടെ വന്ന കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശരണ്യയുടെ അമ്മ ഗീത.
തന്റെ മകൾക്ക് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്ന് ഗീത പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ചെറിയ തമാശകളോട് പോലും ഉടനടി പ്രതികരിക്കുന്ന പ്രകൃതമായിരുന്നു ശരണ്യക്കെന്ന് വ്യക്തമാക്കി. ഇതിന് ചില ഉദാഹരണങ്ങളും ശരണ്യയുടെ അമ്മ ചൂണ്ടിക്കാട്ടി.

അവകാശികൾ എന്ന സീരിയലിലേക്ക് വിളിച്ചു. അതിൽ മെയിൻ ലീഡ് ചെയ്യുന്ന ഒരു ആർട്ടിസ്റ്റ് ഒരു സീൻ അഭിനയിക്കവെ ശരണ്യ ജീൻസ് ധരിച്ചതിനെക്കുറിച്ച് ഒരു കമന്റ് പറഞ്ഞു. ഞാനവിടെ ഇല്ല. ബഹളം കേട്ടാണ് ഞാൻ വന്നത്. കമന്റ് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, അഭിനയിക്കില്ല എന്ന് ശരണ്യ പറഞ്ഞു. ഞാനും ഇടപെട്ട് പ്രശ്നമായി. ആ പറഞ്ഞ നടന്റെ മുഖം കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു. നെഗറ്റീവുമല്ല പോസിറ്റീവുമല്ലാത്ത കമന്റാണ് പറഞ്ഞത്. സീരിയലിന്റെ പ്രൊഡ്യൂസർ അതാണ് പെണ്ണ് എന്ന് ഒരു ആർട്ടിസ്റ്റിനോട് അന്ന് പറഞ്ഞെന്നും ശരണ്യയുടെ അമ്മ ഓർത്തു.
സിനിമകളിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും ഇവർ പങ്കുവെച്ചു. ചോട്ടാ മുംബെെയിലേക്ക് മണിയൻ പിള്ള രാജു സർ ആണ് വിളിച്ചത്. അമ്മേ, ഇത്രയും ഡേറ്റുണ്ട്, മോഹൻലാലിന്റെ അനിയത്തിയായിട്ടാണെന്ന് പറഞ്ഞു. അഡ്ജസ്റ്റ്മെന്റ് എന്നോ മറ്റോ അവർ പറഞ്ഞെന്നും ശരണ്യ എന്നോട് പറഞ്ഞു. മോളേ, ആ സിനിമ നമുക്ക് വേണ്ടെന്ന് ഞാൻ. അമ്മ വന്നിട്ട് വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. കുറച്ച് കഴിഞ്ഞ് അദ്ദേഹം വിളിച്ചു. സാറെ, അഡ്ജസ്റ്റ്മെന്റ് എന്നൊക്കെ പറഞ്ഞല്ലോ ഞങ്ങൾക്ക് ആ സിനിമ വേണ്ടെന്ന് ഞാൻ പറഞ്ഞു.

എന്നാൽ മണിയൻ പിള്ള രാജു പറഞ്ഞത് ആ അർത്ഥത്തിൽ അല്ലായിരുന്നെന്നും അമ്മ ചൂണ്ടിക്കാട്ടി. ഞാൻ പറഞ്ഞത് അങ്ങനെയൊരു അഡ്ജസ്റ്റമെന്റല്ല കേട്ടോ, സത്യം!, സീരിയൽ അഭിനയിക്കുന്നതിനാൽ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് കിട്ടുമോ എന്നാണ് ചോദിച്ചതെന്ന് മണിയൻ പിള്ള രാജു സർ പറഞ്ഞു. അങ്ങനെയാണെങ്കിൽ ഓക്കെ, നമുക്ക് പ്രശ്നമില്ല. അവരെന്ത് കരുതിയാലും നമ്മളോട് പറഞ്ഞത് അങ്ങനെയാണല്ലോ എന്നും ശരണ്യയുടെ അമ്മ ചൂണ്ടിക്കാട്ടി.
ശരണ്യക്ക് സെറ്റുകളിൽ ബഹുമാനം ലഭിച്ചിട്ടുണ്ട്. നല്ല ആർട്ടിസ്റ്റായാണ് അവളെ കണ്ടത്. ഞങ്ങൾ ആ നിമിഷം പ്രതികരിക്കുന്നവരാണ്. പിന്നത്തേക്ക് വെക്കില്ല. സിനിമാ രംഗം നല്ലതാണ്. പക്ഷെ ചില പുഴുക്കുത്തുകളുണ്ടെന്നും ഗീത അഭിപ്രായപ്പെട്ടു. മോശമായ അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായിട്ടില്ല. ശരണ്യയെക്കുറിച്ച് ചോദിച്ചാൽ എത്ര ലൊക്കേഷനിൽ പ്രശ്നമുണ്ടാക്കി എന്നറിയാം. വെറുതെ തമാശ പറഞ്ഞാൽ പോലും ശരണ്യ പ്രതികരിക്കുമായിരുന്നെന്നും ഗീത ഓർത്തു.


Click it and Unblock the Notifications











