ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി സന്തോഷ ദിവസത്തെ കുറിച്ച് പറഞ്ഞ് അപ്പാനി ശരത്! ഒപ്പം സ്‌നേഹ സന്ദേശവും
ആദ്യ സിനിമിലൂടെ തന്നെ കരിയര്‍ മാറി മറിഞ്ഞ താരമാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിലാണ് താരമിപ്പോള്‍ അറിയപ്പെടുന്നത്. പിന്നീട് വില്ലനായും നായകനായിട്ടുമൊക്കെ ഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും അവസരം ലഭിച്ചു.
സിനിമകളില്‍ വിജയങ്ങള്‍ നേടി കൊണ്ടിരിക്കുന്നതിനൊപ്പം കുടുംബ വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. സിനിമയിലെത്തിയതിന് ശേഷമായിരുന്നു വിവാഹം. ഭാര്യയും ഒരു മകളുമായി സന്തോഷത്തോടെ കഴിയുന്ന അപ്പാനി ശരതും ഭാര്യയും തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അതേ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ശരത് കുമാര്‍ എന്ന അപ്പാനി ശരത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായി മാറിയത് അതിവേഗമാണ്. അങ്കമാലി ഡയറിസീന്റെ വിജയത്തിന് പിന്നാലെയായിരുന്നു താരത്തിന്റെ വിവാഹവും. 2017 ഏപ്രില്‍ 24 ന് തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു രേഷ്മയെ ശരത് ജീവിതസഖിയാക്കിയത്. ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹം. ഇന്ന് ദാമ്പത്യ ജീവിതത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് താരം.

'നമ്മള്‍ ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എനിക്കേറ്റവും പ്രിയപ്പെട്ടവളായി മാറിയതിന് നന്ദി രേഷ്മ... എന്റെ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകളില്‍ നീയെന്നെ പൊന്ന് പോലെ നോക്കി. ഇത്രയും നല്ലൊരു ജീവിത പങ്കാളിയെ എനിക്ക് സമ്മാനിച്ചതിന് ദൈവത്തോട് നന്ദി'. എന്നുമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ അപ്പാനി ശരത് പറയുന്നത്. ഭാര്യയെ ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള ഫോട്ടോയും താരം കൊടുത്തിരുന്നു.

ശരത് കുമാര്‍-രേഷ്മ ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത്. 2018 ലെ പ്രളയ സമയത്തായിരുന്നു അപ്പാനി ശരതിന് മകള്‍ പിറക്കുന്നത്. പൂര്‍ണ ഗര്‍ഭിണിയായ താരപത്നിയും കുടുംബവും അന്ന് പ്രളയത്തില്‍ കുടുങ്ങി പോയിരുന്നു. ചെന്നൈയില്‍ ഷൂട്ടിംഗിന് പോയ ശരത്തിന് വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നത് വലിയ വാര്‍ത്തയായിരുന്നു. എങ്ങനെയെങ്കിലും സഹായിക്കണമെന്ന് ആവശ്യപ്പെട്ട താരത്തിന്റെ വീഡിയോ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.

പിന്നീട് മകള്‍ ഉണ്ടായതും അവള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുമെല്ലാം താരം തന്നെ പുറത്ത് വിടാറുണ്ട്. അവന്തിക ശരത് എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. അങ്കമാലി ഡയറിസീലെ ഹിറ്റ് പാട്ട് ഓര്‍മ്മിച്ച് കൊണ്ടാണ് മകളെ തെയ്യാമ എന്നാണ് വീട്ടില്‍ വിളിക്കുന്നത്. മകളുടെ പിറന്നാള്‍ അതിവിപുലമായി താരകുടുംബം ആഘോഷിച്ചിരുന്നു. വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് പുറമേ മൈക്കില്‍ പാട്ട് പാടുന്ന റോക്ക് സ്റ്റാര്‍ തെയ്യാമയുടെ ഫോട്ടോസും അപ്പാനി ശരത് പങ്കുവെച്ചിട്ടുണ്ട്.

നാടകത്തിലൂടെയാണ് ശരത് കരിയര്‍ ആരംഭിക്കുന്നത്. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തില്‍ വില്ലന്‍ റോളിലായിരുന്നു ശരത് അഭിനയിച്ചത്. പിന്നീട് പോക്കിരി സൈമണ്‍, വെളിപാടിന്റെ പുസ്തകം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സണ്ടക്കോഴി 2 എന്നിങ്ങനെ മലയാളത്തിലും തമിഴിലുമടക്കം പന്ത്രണ്ടോളം സിനിമകളിലും ഓട്ടോ ശങ്കര്‍ എന്ന വെബ് സീരിയലിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











