അമ്മയുടെ കണ്ണടയും ആഭരണങ്ങളും വീട്ടിൽ ഫ്രെയിം ചെയ്ത് സൂക്ഷിക്കുന്നു; മറക്കാൻ പറ്റില്ലെന്ന് ശരത്കുമാർ
തെന്നിന്ത്യയിലെ പ്രമുഖ നടനാണ് ശരത് കുമാർ. പഴശ്ശിരാജ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കും ഇദ്ദേഹം സുപരിചിതൻ ആണ്. തമിഴ് സിനിമയിൽ നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശരത് കുമാറിന്റെ ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.
ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനം, നടി രാധികയുമായുണ്ടായ പ്രണയവും വിവാഹവും തുടങ്ങിയവ എല്ലാം വാർത്തകളിൽ നിറയാറുണ്ട്. നടന്റെ ആദ്യ വിവാഹത്തിലെ മകളാണ് വരലക്ഷ്മി ശരത്കുമാർ. തമിഴ്, തെലുങ്ക് സിനിമകളിൽ അറിയപ്പെടുന്ന താരമാണ് വരലക്ഷ്മി.

നായിക വേഷത്തേക്കാൾ കൂടുതൽ വില്ലൻ വേഷങ്ങളിലാണ് വരലക്ഷമിയെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ടുള്ള ശരത് കുമാറിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
ലിറ്റിൽ ടോക്സ് തമിഴ് ചാനലിനാണ് ശരത് കുമാർ തന്റെ വീട് പരിചയപ്പെടുത്തിയത്. വീട്ടിൽ മിക്ക ഇടങ്ങളിലും മരിച്ച് പോയ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ ശരത് കുമാർ വെച്ചിട്ടുണ്ട്.

'ഇതേപറ്റി ചോദിച്ചപ്പോൾ അച്ഛനും അമ്മയും ഇല്ലാതെ നമ്മൾ ഇല്ലല്ലോ. അവരാണല്ലോ വഴികാട്ടി. അവരെ മറക്കാൻ പറ്റില്ലെന്ന് ശരത് കുമാർ വ്യക്തമാക്കി. അമ്മ അവസാന കാലത്ത് താമസിച്ച റൂം ഭംഗിയായി സൂക്ഷിച്ച് വെച്ചിട്ടുണ്ട് ശരത് കുമാർ, അമ്മ ഉപയോഗിച്ച ആഭരണങ്ങളും കണ്ണടയും ചവരിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നു'
'ആ കണ്ണട നോക്കുമ്പോൾ അമ്മ എന്നെ നോക്കുന്നത് പോലെ തോന്നുമെന്ന് ശരത്കുമാർ പറയുന്നു. അമ്മയുടെ ഓർമ്മകൾ ഇല്ലാതാവരുത് അത് ജീവിച്ചിരിക്കണം അതിനാലാണ് ഇവയെല്ലാം സൂക്ഷിച്ചിരിക്കുന്നത്. മനസ്സിന് എന്തെങ്കിലും വിഷമം തോന്നിയാൽ ഞാൻ ഇവിടെ വന്ന് കുറച്ച് നേരം ഇരിക്കും,' ശരത് കുമാർ പറഞ്ഞു.

'മകൾ വരലക്ഷ്മിയുടെ വിവാഹക്കാര്യത്തെ പറ്റി ചോദിച്ചപ്പോഴും ശരത് കുമാർ മറുപടി നൽകി. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. ഞാൻ പോയി അവൾക്ക് പങ്കാളിയെ കണ്ടത്തേണ്ട ആവശ്യം ഇല്ല. അവൾക്ക് അനുയോജ്യനായ ആളെ അവൾ കൊണ്ട് വന്നാൽ ഞാൻ അവരെ വിവാഹം കഴിപ്പിക്കും'
'കല്യാണം എന്നത് സ്വർഗത്തിൽ വെച്ച് നടക്കുന്നതാണ്. ആണിന് ഒരു പെണ്ണും പെണ്ണിന് ഒരു ആണും പിറന്നിരിക്കും. എന്ന് അവരെ കണ്ട് മുട്ടുമെന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ ഇന്ന് കാണാം കാലങ്ങൾ കഴിഞ്ഞും കണ്ടുമുട്ടാം,' ശരത് കുമാർ പറഞ്ഞു.

അഭിമുഖ പരിപാടിയുടെ ആദ്യ ഭാഗത്തിൽ ഭാര്യ രാധികയെക്കുറിച്ചും ശരത്കുമാർ സംസാരിച്ചിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. നല്ല പങ്കാളിയായിരിക്കാൻ പറ്റും എന്ന തോന്നലിൽ നിന്നാണ് വിവാഹം കഴിക്കുന്നത്.
ആ തീരുമാനത്തിൽ മാറ്റമില്ലാതെ വിവാഹം കഴിച്ചെന്നും ശരത്കുമാർ പറഞ്ഞു. തന്റെ ആദ്യ ഭാര്യയുടെ നല്ല സുഹൃത്താണ് രാധിക. കുടുംബം ഒരു പോലെ മുന്നോട്ട് പോവണമെന്ന് രാധികയ്ക്ക് നിർബന്ധമുണ്ട്.

ആദ്യ ഭാര്യയിലെ മക്കളോടും രാധികയ്ക്ക് വേർതിരിവില്ല. വരലക്ഷ്മിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹത്തെ താൻ എതിർത്തപ്പോൾ അതിന് മുൻ കൈ എടുത്തത് രാധിക ആണെന്നും ആദ്യ ഭാര്യയും രാധികയും കൂടിയാണ് തന്നോട് ഇതേ പറ്റി സംസാരിച്ച് സമ്മതിപ്പിച്ചതെന്നും ശരത്കുമാർ പറഞ്ഞു. ഛായ ദേവി എന്നാണ് ശരത്കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്.


Click it and Unblock the Notifications











