'ആദ്യ ഭാര്യയും മക്കളും എന്നോടൊപ്പമുള്ളതിൽ രാധികയ്ക്ക് പരാതിയില്ല, സത്യത്തിൽ അവൾ എന്നെ ഒരുപാട് സഹായിച്ചു'
മൂന്ന് പതിറ്റാണ്ടിലേറെയായി നടനായും രാഷ്ട്രീയപ്രവർത്തകനായും നിർമാതാവുമെല്ലാമായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമാണ് ആർ. ശരത്കുമാർ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി ഇതിനോടകം 145ൽ അധികം സിനിമകളിൽ നടൻ അഭിനയിച്ച് കഴിഞ്ഞു. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശരത്കുമാർ കോളജ് പഠന കാലത്ത് ബോഡി ബിൽഡറുമായിരുന്നു. സിനിമയിൽ നിന്നും ഒന്നും അദ്ദേഹത്തിന് എളുപ്പത്തിൽ ലഭിച്ചിട്ടില്ല.
കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് തമിഴിലെ കഴിവുറ്റ നായക നടന്മാരുടെ പട്ടികയിൽ ശരത്കുമാർ എത്തിയത്. വില്ലനായിട്ടാണ് തുടക്കം. വർഷങ്ങളെടുത്തു നായക വേഷം ലഭിക്കാൻ. ഇപ്പോൾ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധ പുലർത്തുന്നുണ്ട് താരം. നല്ല സിനിമകളും കഥാപാത്രങ്ങളുമാണ് ശരത്കുമാറിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

മകൾ വരലക്ഷ്മിയും തമിഴ് സിനിമയിൽ അഭിനേത്രിയായി വളരുകയാണ്. അച്ഛനെപ്പോലെ വില്ലൻ വേഷവും വരലക്ഷ്മി അസ്സലായി കൈകാര്യം ചെയ്യും. ഇപ്പോഴിതാ ശരത്കുമാർ കഴിഞ്ഞ ദിവസം ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കുടുംബത്തെ കുറിച്ചും എഴുപതിലും ഫിറ്റ്നസ് നിലനിർത്തുന്നതിനെ കുറിച്ചും നടൻ അഭിമുഖത്തിൽ വാചാലനായി. രണ്ട് തവണ ശരത്കുമാർ വിവാഹിതനായിട്ടുണ്ട്.
ആദ്യ ഭാര്യ ഛായ ദേവിയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷമാണ് രാധിക ശരത്കുമാറിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. രാധികയുടെ മൂന്നാമത്തെ ഭർത്താവാണ് ശരത്കുമാർ. ശരത്കുമാറിന് ഛായയിൽ പിറന്ന മക്കളാണ് നടി വരലക്ഷ്മിയും സഹോദരി പൂജയും. രാധികയ്ക്ക് ശരത്കുമാറിൽ രാഹുൽ എന്നൊരു മകനുണ്ട്. രണ്ടാം ഭർത്താവ് റിച്ചാർഡ് ഹാർഡിയിൽ രാധികയ്ക്ക് റീന ഹാർഡി എന്നൊരു മകളുമുണ്ട്. ഈ മകളും രാധികയുടെ സംരക്ഷണയിലാണ്.
അടുത്തിടെയായിരുന്നു വരലക്ഷിയുടെ വിവാഹം. ബിസിനസുകാരനായ നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയെ വിവാഹം ചെയ്തത്. വിവാഹമോചിതനും ഒരു പെൺകുട്ടിയുടെ അച്ഛനുമാണ് നിക്കോളായ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് നിക്കോളായും വരലക്ഷ്മിയും വിവാഹിതരായത്. കുടുംബത്തിന്റെ പൂർണ പിന്തുണ വരലക്ഷ്മിക്കുണ്ടായിരുന്നു. രണ്ട് ഭാര്യമാർക്കും മക്കൾക്കുമൊപ്പം വരലക്ഷ്മിയുടെ വിവാഹം ശരത്കുമാർ അടിച്ചുപൊളിക്കുന്ന വീഡിയോ വൈറലായിരുന്നു. രണ്ട് ഭാര്യമാർക്കും മക്കൾക്കുമൊപ്പം ഒരുമിച്ചാണ് ശരത്കുമാറിന്റെ താമസവും യാത്രകളുമെല്ലാം.
വരലക്ഷ്മിയുടെ വിവാഹശേഷം കുടുംബത്തോടെ എല്ലാവരും വിദേശത്ത് അവധി ആഘോഷിക്കാൻ പോയതും വൈറലായിരുന്നു. എനിക്ക് 70 വയസായി. എന്നിരുന്നാലും ഞാൻ ഇപ്പോഴും ചെറുപ്പമായിരിക്കുന്ന ഒരേയൊരു കാരണം എൻ്റെ ജീനുകളാണ്. അതിന് എനിക്ക് എന്റെ മാതാപിതാക്കളോട് തന്നെയാണ് എന്നും നന്ദി പറയാനുള്ളത്. ശാരീരിക ആരോഗ്യം വളരെ പ്രധാനമാണെന്ന് അച്ഛൻ ചെറുപ്പം മുതലേ എന്നോട് പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടാണ് ഞാൻ ഇപ്പോഴും അത് കാത്ത് സൂക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ആരോഗ്യമുണ്ടെങ്കിൽ എന്തും സാധിച്ച് എടുക്കാൻ കഴിയും ശരത്കുമാർ പറയുന്നു. പിന്നീട് നടൻ കുടുംബത്തെ കുറിച്ച് സംസാരിച്ചു. സൊസൈറ്റി ഒരുപാട് മാറി. മുമ്പ് വിവാഹമോചനം ഒരു കുറ്റം എന്നതുപോലെയാണ് പലരും കണ്ടിരുന്നത്. വിവാഹമോ വിവാഹമോചനമോ വിവാഹമോചനത്തിന് ശേഷം പുനർവിവാഹമോ എന്തുമാകട്ടെ... അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ് പ്രധാനം.
ഞാൻ എൻ്റെ ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തി രണ്ടാമതും വിവാഹം കഴിച്ചു. ഞങ്ങൾ സൗഹാർദ്ദപരമായിട്ടാണ് പിരിഞ്ഞത്. രാധികയെ വിവാഹം കഴിച്ചെങ്കിലും ആദ്യ ഭാര്യയും മക്കളും ഞങ്ങളും എല്ലാം ഒരുമിച്ചാണ്. എൻ്റെ ആദ്യ ഭാര്യ ഞങ്ങളോടൊപ്പമുള്ളതിൽ എൻ്റെ രണ്ടാമത്തെ ഭാര്യക്ക് ഒരു അസ്വസ്ഥതയും അനുഭവപ്പെടുന്നില്ല എന്നതാണ് വസ്തുത. സത്യത്തിൽ രാധിക എന്നെ ഒരുപാട് സഹായിച്ചു. ശരത്കുമാറിന് മക്കളുണ്ടെങ്കിൽ അവർ എൻ്റെയും മകളാണെന്നാണ് രാധിക പറയാറുള്ളത്.
വരലക്ഷ്മിയുടെ വിവാഹത്തിലും ഞങ്ങൾ എല്ലാവരും ഒരുമിച്ച് പങ്കെടുത്തു. രാധിക പൂർണ സഹകരണം നൽകിയിട്ടുണ്ട്. എല്ലാം രാധിക മനസിലാക്കി. അംഗങ്ങളെല്ലാം തമ്മിൽ അണ്ടർസ്റ്റാന്റിങുണ്ട്. ജീവിക്കുന്നത് വരെ നന്നായി ജീവിക്കണം. എല്ലാവരും സന്തോഷമായിരിക്കണം. നല്ലൊരു ഫാമിലിയുടെ ഭാഗമായി എന്നതിൽ നന്ദി പറയുന്നു.
എനിക്ക് വരലക്ഷ്മിയോട് പ്രത്യേക സ്നേഹമുണ്ടെന്നാണ് മറ്റെല്ലാ മക്കളും കരുതിയിരിക്കുന്നത്. അത് സത്യമല്ല. എനിക്ക് എല്ലാ മക്കളും ഒരുപോലെയാണ്. മക്കളാരും സ്റ്റാർ കിഡ്ഡിനെ പോലെ പെരുമാറാറില്ല. സാധാരണ ലൈഫ് നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഓട്ടോയിലും ബസ്സിലും എല്ലാം യാത്ര ചെയ്യുന്നവരാണ് ശരത്കുമാർ പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications











