വിവാഹത്തിന് മുമ്പേ നെപ്പോളിയൻ മരുമകളോട് എല്ലാം പറഞ്ഞു; വലിയ ത്യാഗമാണ് ആ കുട്ടി ചെയ്തത്: ശരത്കുമാർ
നടൻ നെപ്പോളിയന്റെ മകൻ ധനുഷിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ച് നടൻ ശരത്കുമാർ. കഴിഞ്ഞ വർഷമായിരുന്നു ധനുഷിന്റെ വിവാഹം. അക്ഷയ എന്നാണ് ധനുഷിന്റെ ഭാര്യയുടെ പേര്. ജപ്പാനിൽ വെച്ചാണ് ആഘോഷപൂർവം വവാഹം നടന്നത്. ശാരീരിക പരിമിതികളുള്ളയാൾ വിവാഹം ചെയ്തതിൽ പല അഭിപ്രായങ്ങളും വന്നിരുന്നു. മസ്കുലർ ഡിസ്ട്രോഫി എന്ന അവസ്ഥയാണ് ധനുഷിന്. നെപ്പോളിയൻ തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് ശരത്കുമാർ ജെഎഫ്ഡബ്ല്യു ബിഞ്ചിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചത്.
നെപ്പോളിയനൊപ്പം എപ്പോഴും ഞാൻ യാത്ര ചെയ്യുമായിരുന്നു. ഒരു ദിവസം നെപ്പോളിയൻ എന്നോടൊരു കാര്യം പറഞ്ഞു. മകൻ ധനുഷ് 13 വയസാകുമ്പോൾ ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. എന്താണീ പറയുന്നതെന്ന് ഞാൻ ചോദിച്ചു. അവന് മസ്കുലർ ഡിസ്ട്രോഫി ആണ്. മസിലുകൾ ദുർബലമാകും. ഹാർട്ടും മസിൽ ആണ്. അത് ദുർബലമായി ഹൃദയം നിലച്ചാൽ അവൻ മരിക്കുമെന്ന് നെപ്പോളിയൻ മറുപടി നൽകി. എനിക്കത് ഞെട്ടലായി.

ലോകത്തിൽ ഈ അവസ്ഥയ്ക്ക് ചികിത്സയില്ല. ഒരു ദിവസം നെപ്പോളിയൻ എന്നെ വിളിച്ചു. ഞാൻ അമേരിക്കയിലേക്ക് പോകുകയാണ്, അവിടെ ഇങ്ങനെയുള്ള കുട്ടികളുടെ ആയുസ് നീട്ടിക്കിട്ടിയേക്കും, കുറേക്കൂടി നല്ല പരിചരണം ലഭിച്ചേക്കുമെന്ന് പറഞ്ഞു. മകന് വേണ്ടി ഇങ്ങനെയൊരു ത്യാഗം ചെയ്തയാളെ കാണാൻ പറ്റില്ല. അദ്ദേഹം തന്റെ ജീവിതത്തിലെ എല്ലാം ത്യജിച്ചു. ഇവിടെ മന്ത്രിയായിരുന്നു. എല്ലാം വിട്ടു. 13 വയസിൽ ജീവൻ വെടിയുമെന്ന് പറഞ്ഞ ധനുഷിന് ദെെവം ആയുസ് നൽകി. അവനിപ്പോൾ 27 വയസായി.
ധനുഷ് വിവാഹം ചെയ്യുന്നെന്ന് പറഞ്ഞപ്പോൾ ആയിരം പേർ ആയിരം അഭിപ്രായങ്ങൾ പറഞ്ഞു. ഞാൻ പറഞ്ഞത് അത് നെപ്പോളിയനും മകനും ആ പെൺകുട്ടിക്കും ഇടയിലുള്ള കാര്യമാണ്. ആ കുട്ടി മഹത്തരമായ ത്യാഗം ചെയ്തെന്ന് പറയണം. നെപ്പോളിയൻ എന്നോട് പറഞ്ഞിട്ടുണ്ട്. ശരത് ജീ, എല്ലാം പെൺകുട്ടിയോട് പറഞ്ഞതാണ്, ധനുഷിന് എന്തെല്ലാം പറ്റും എന്തെല്ലാം പറ്റില്ല എന്ന്. എല്ലാം തുറന്ന് പറഞ്ഞു. ഞാനുണ്ടാകും എന്നാണ് അവൾ മറുപടി നൽകിയതെന്ന് നെപ്പോളിയൻ തന്നോട് പറഞ്ഞെന്നും ശരത്കുമാർ ഓർത്തു.
ശരത്കുമാറുമായുള്ള സൗഹൃദത്തെക്കുറിച്ച് നെപ്പോളിയനും സംസാരിക്കുന്നുണ്ട്. സിനിമാ രംഗത്തെ എന്റെ അടുത്ത സുഹൃത്തക്കളാരെന്ന് ചോദിച്ചാൽ ആദ്യം പറയുന്ന പേര് ശരത്കുമാറിന്റേതാണ്. കഴിഞ്ഞ വർഷം എന്റെ മകന്റെ വിവാഹം നടന്നു. ശരത്കുമാറും രാധിക മാഡവും മകനും വന്നു. ഞങ്ങളുടെ കുടുംബത്തിലെ ഒരാളായാണ് കാണുന്നതെന്നും നെപ്പോളിയൻ പറഞ്ഞു.


Click it and Unblock the Notifications















