കട്ട് പോലും പറയേണ്ട, ശ്രീദേവി വിട്ട് പോയത് പോലും സരിത പറഞ്ഞു; എന്തൊരു ആർട്ടിസ്റ്റാണ് അവർ; സുരേഷ് ചക്രവർത്തി
സിനിമാ ലോകത്ത് എന്നും ബഹുമാന്യ സ്ഥാനം നടി സരിതയ്ക്ക് ലഭിച്ചിട്ടുണ്ട്. 80 കളിലും 90 കളിലും അവിസ്മരണീയ കഥാപാത്രങ്ങളിലൂടെ സരിത കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി. നിരവധി നായിക നടിമാർക്ക് സരിത ഡബ്ബ് ചെയ്തിട്ടുമുണ്ട്. നഗ്മയുൾപ്പെടെയുള്ള നടിമാർക്ക് സരിത ഡബ്ബ് ചെയ്തു. ഇപ്പോഴിതാ സരിതയ്ക്കൊപ്പം ഡബ്ബ് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും തമിഴ് നടനുമായ സുരേഷ് ചക്രവർത്തി. ക്ഷണ ക്ഷണ എന്ന സിനിമയിൽ ഡബ് ചെയ്ത അനുഭവമാണ് ഇദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്.
സിനിമയിൽ നായിക ശ്രീദേവി തന്നെ ശബ്ദം നൽകാനും വെങ്കിടേശിന് ഞാൻ ശബ്ദം നൽകാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ശ്രീദേവിക്ക് ഡേറ്റില്ല. എനിക്കൊരു ഷോയുണ്ടായിരുന്നു. ശ്രീദേവി ഡബ്ബിംഗ് വരാതായതോടെ ആ ഷോയ്ക്ക് പോയി വന്നിട്ട് ഡബ്ബ് ചെയ്യാമെന്ന് ഞാൻ നിർമാതാവിനോട് പറഞ്ഞു. അയ്യോ, അത് പറ്റില്ല സംവിധായകൻ രാം ഗോപാൽ വർമ നിങ്ങൾ തന്നെ ഡബ്ബ് ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ശ്രീദേവി വരാതായതോടെ അവരുടെ ഡബ്ബിംഗിന് മറ്റ് പലരെയും നോക്കി.

സരിതയെ നിർദ്ദേശിച്ചു. സരിത വരും. ഉച്ച വരെ ഡബ് ചെയ്ത് ഭക്ഷണം കഴിക്കാൻ പോകും, അത് കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷമേ വരൂ എന്ന് അറിഞ്ഞു. എനിക്ക് ആശങ്കയായി. പിറ്റേന്ന് ഫ്ലെെറ്റുണ്ട്. സരിത വന്നു. എനിക്ക് ഭയമായി. മോണിറ്ററിൽ സീൻ കാണിക്കാൻ പറഞ്ഞു. സോഫയിൽ ഇരുന്നു. ഡയലോഗ് പേപ്പർ കൈയിലുണ്ട്. ഹെഡ് ഫോണിൽ തെലുങ്ക് കേൾക്കുന്നുണ്ട്.
ടേക്ക് എന്ന് പറഞ്ഞു. മോണിറ്റർ നോക്കുന്നില്ലേയെന്ന് അടുത്തുള്ളയാൾ എന്നോട് ചോദിച്ചു. കൃത്യം ഒരു മണിക്ക് അവർ പോകുമെന്ന ഭയമായിരുന്നു എനിക്ക്. മോണിറ്ററിൽ സരിത നോക്കുന്നേയില്ല. അവർ ഡബ്ബ് ചെയ്യാൻ തുടങ്ങി. കട്ട് എന്നൊന്നും പറയേണ്ട ആവശ്യമേയില്ല. ശ്രീദേവി മിസ് ചെയ്ത ശബ്ദം പോലും കൃത്യമായി നൽകി. ഭംഗിയായി ഡയലോഗ് പറഞ്ഞു.

മോണിറ്ററിൽ നോക്കാതെ തന്നെ ഡയലോഗ് കൃത്യമായി സീനുമായി ചേർന്ന് പോകുന്നു. എന്തൊരു ആർട്ടിസ്റ്റാണ്. സരിതയെ പോലെ ഒരു രാക്ഷസി കലാകാരിയെ ഞാൻ കണ്ടിട്ടേയില്ല. ബാലചന്ദർ സർ അവർക്കൊപ്പം എത്ര സിനിമ ചെയ്തു. ഒരു മണിക്ക് സരിത തിരിച്ച് പോകുമ്പോൾ ഞാൻ അടുത്ത് പോയി, കാലിൽ വീഴാം, ഭക്ഷണം കഴിച്ചിട്ട് വരാതിരിക്കരുതെന്ന് പറഞ്ഞു. അയ്യോ ഞാൻ വരുമെന്ന് അവർ. മൂന്ന് മണിക്ക് വന്നു. ആകെ രണ്ടര മണിക്കൂർ കൊണ്ട് തീർത്തു. അത് പോലെ ആർട്ടിസ്റ്റുകൾ വേറെയുമുണ്ടെന്ന് പറയും. പക്ഷെ ഞാൻ കണ്ട മികവുറ്റ ആർട്ടിസ്റ്റ് സരിതയാണെന്നും സുരേഷ് ചക്രവർത്തി പറഞ്ഞു.


Click it and Unblock the Notifications











