'ആറ് മണിക്ക് ശേഷം എല്ലാം ക്ലോസ് ചെയ്യും... ആന ഇറങ്ങുന്ന സ്ഥലമാണ്, 350 ഏക്കറിന് നടുവിലായിരുന്നു വീട്'; സർജാനോ!
ജൂൺ, ബിഗ് ബ്രദർ, ഫോർ ഇയേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ നടനാണ് സർജാനോ ഖാലിദ്. പ്രിയ വാര്യർക്കൊപ്പമാണ് സർജാനോ ഫോർ ഇയേഴ്സിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും താരം നേടിയത്. ഇതുവരെ സർജാനോ അഭിനയിച്ചതിൽ ജൂണും ഫോർ ഇയേഴ്സുമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമ. ഇനി എന്നിവർ, കപ്ലിങ്, ഇരവ് തുടങ്ങിയ സിനിമകൾ സർജാനോയുടേതായി തിയേറ്ററുകളിൽ എത്താനുണ്ട്.
അതിൽ എന്നിവർ എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. വളരെ അധികം പ്രതീക്ഷയും എന്നിവർ എന്ന സിനിമയെ കുറിച്ച് സർജാനോയ്ക്കുണ്ട്. നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ ഒരുക്കിയ എന്നിവർ രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ സിനിമ കൂടിയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു.

മികച്ച സംവിധായകനുള്ള പുരസ്കാരം സിദ്ധാര്‍ത്ഥ് ശിവ എന്നിവരിലൂടെ നേടിയിരുന്നു. ജീവിതത്തിലെ നിര്‍ണായകമായൊരു സമയത്ത് വലിയൊരു പരീക്ഷണ ഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ കഥ ലളിതമായി ആവിഷ്‍കരിച്ചതിനുള്ള സംവിധാന മികവിനാണ് സിദ്ധാര്‍ത്ഥ് ശിവയ്ക്ക് അവാര്‍ഡ് നൽകിയത് എന്നാണ് ജൂറി അവാർഡ് നിര്‍ണ്ണയ ശേഷം പറഞ്ഞത്.
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സിദ്ധാർഥ് ശിവ 2012 മുതലാണ് സംവിധാന രംഗത്തും സജീവമായത്. 101 ചോദ്യങ്ങൾ, സഹീര്‍, എയ്ൻ, ചതുരം, കൊച്ചവ്വ പൗലോ അയ്യപ്പ കോയ്‍ലോ, സഖാവ്, വർത്തമാനം, എന്നിവർ എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
101 ചോദ്യങ്ങൾക്കും എയ്നും ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സർജാനോ അടക്കമുള്ളവർ ഭാഗമായിട്ടുള്ള എന്നിവർ കാണാൻ ആരാധകരും കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഹൈൻവുഡ്സിന്റെ സെലിബ്രിറ്റി ഹോം ടൂർ സെഷനിൽ അതിഥിയായി എത്തിയത് സർജാനോ ഖാലിദും കുടുംബവുമായിരുന്നു.
വീട്ടുവിശേഷം പങ്കുവെക്കുന്നതിനിടെ എന്നിവർ ഷൂട്ടിങ് അനുഭവങ്ങളും സർജാനോ പങ്കുവെച്ചു. കൊച്ചിയിലെ ഒരു ഫ്ലാറ്റിലാണ് സർജാനോയും ഉപ്പയും ഉമ്മയും അനിയത്തിയും താമസിക്കുന്നത്. കൊച്ച് ഫ്ലാറ്റ് വളരെ മനോഹരമായാണ് സർജാനോയും കുടുംബവും അറേഞ്ച് ചെയ്തിരുന്നു.

എന്നിവർ സിനിമയുടെ റിലീസിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ഫിലിം ഫെസ്റ്റുവലുകളിൽ പ്രദർശിപ്പിച്ചപ്പോൾ അടക്കം താൻ നാല് തവണ എന്നിവർ കണ്ടുവെന്നുമാണ് സർജാനോയുടെ പിതാവ് ഖാലിദ് ബക്കർ പറഞ്ഞത്.
സർജാനോയുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ കണ്ടതും എന്നിവരിലും ജൂണിലുമാണെന്നും താരത്തിന്റെ പിതാവ് പറയുന്നു. അട്ടപ്പാടിയിലെ ഉൾപ്രദേശത്തായിരുന്നു എന്നിവരുടെ ഷൂട്ടിങ് ലൊക്കേഷൻ.
റേഞ്ച് പോലും ഇല്ലാത്ത സ്ഥലത്ത് ഫോൺ പോലും ഉപയോഗിക്കാതെയാണ് ദിവസങ്ങളോളം കഴിഞ്ഞതെന്നും സർജാനോ കൂട്ടിച്ചേർത്തു. ആറ് മണിക്ക് ശേഷം എല്ലാം ക്ലോസ് ചെയ്യുമെന്നും പിന്നെ പുറത്തേക്ക് ഇറങ്ങാൻ പോലും സാധിക്കില്ലായിരുന്നുവെന്നും ആന ഇറങ്ങുന്ന സ്ഥലത്തൊക്കെയായിരുന്നു ഷൂട്ടിങെന്നും താരം കൂട്ടിച്ചേർത്തു. 350 ഏക്കറിന് നടുവിലുള്ള ഒരു വീട്ടിൽ താമസിച്ച് അവിടെയാണ് എന്നിവരുടെ ഭൂരിഭാഗം ഷൂട്ട് ചെയ്തതെന്നും സർജാനോ പറയുന്നു.


Click it and Unblock the Notifications