കീർത്തിക്ക് പരാജയങ്ങളുടെ ഘോഷയാത്ര, നായികയാക്കിയത് അബദ്ധമായോയെന്ന ആശങ്കയിൽ 'സർക്കാരുവാരി പേട്ട' ടീം!
അഭിനയിക്കാൻ അറിയാവുന്ന സ്ക്രീൻ പ്രെസൻസുള്ള നടിയാണ് കീർത്തി സുരേഷ്. മരക്കാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും കീർത്തി സുരേഷായിരുന്നു. മലയാളത്തിലൂടെയാണ് കീർത്തി സുരേഷ് സിനിമയിലേക്ക് എത്തിത്. ഇന്ന് തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമൂല്യമുള്ള നടിയായി കീർത്തി വളർന്ന് കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയായ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിൻറേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളായി 1992 ഒക്ടോബർ 17ന് ജനിച്ച കീർത്തി 2000-ൽ ബാലതാരമായിട്ടാണ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങിയത്.
പിന്നീട് പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് ചലച്ചിത്രരംഗത്ത് കീർത്തി സജീവമാകുകയായിരുന്നു. 2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കീർത്തിയുടെ അരങ്ങേറ്റം. പിന്നീട് റിങ് മാസ്റ്റർ, ഡർബോനി എന്നീ മലയാളം ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. പക്ഷേ മലയാളസിനിമകളിൽ വേണ്ടത്ര തിളങ്ങാനായില്ല. ഇതോടെ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കൂടുവിട്ട് കൂടുമാറ്റം നടത്തി കീർത്തി.

ഇത് എന്ന മായം, രജനി മുരുഗൻ, തൊടരി, റെമോ, ഭൈരവാ, പാമ്പുസട്ടൈ, നടിഗർ തിലകം, താനാ സേർന്ത കൂട്ടം, സീമ രാജ, സാമി സ്ക്വയർ, സണ്ടക്കോഴി 2, സർക്കാർ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ കീർത്തിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. നേനു സൈലജ, നേനു ലോക്കൽ, ആഗ്നേയാത്തവാസി, മഹാനടി തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. മൻമധുടു 2, മരക്കാർ അറബിക്കടലിൻറെ സിംഹം, മൈതാൻ, മിസ് ഇന്ത്യ, അണ്ണാത്ത, രഗ്ദേ, ഗുഡ്ലക്ക് സഖി എന്നീ സിനിമകളാണ് കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയത്. ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ബോളിവുഡിൽ നടൻ അജയ് ദേവ്‍ഗണിൻറെ നായികയായാണ് താരത്തിൻറെ ബോളിവുഡ് അരങ്ങേറ്റം. ബധായി ഹോ സംവിധായകൻ അമിത് ശർമ്മയാണ് മൈതാനം എന്നുപേരിട്ടിരിക്കുന്ന ഈ സിനിമയുടെ സംവിധായകൻ.

മഹാനടിക്ക് ശേഷം കീർത്തിയുടെ സിനിമാ ജീവിതത്തിൽ വിജയങ്ങളൊന്നും സംഭവിച്ചിട്ടില്ല. തുടരെ തുടരെ പരാജയങ്ങളായിരുന്നു. മഹാനടിയിലെ അഭിനയത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ കൈ നിറയെ സിനിമകളും കീർത്തിക്ക് ലഭിച്ചു. എന്നാൽ ഒന്നിൽ പോലും മികച്ച അഭിനയം കാഴ്ചവെക്കാനോ സിനിമ വിജയമാക്കാനോ കീർത്തിക്ക് കഴിഞ്ഞില്ല. ഇപ്പോൾ കീർത്തിയുടെ തുടരെ തുടരെയുള്ള പരാജയം കീർത്തിയുടെ അണിയറയിൽ ഒരുങ്ങുന്ന സർക്കാരുവാരി പേട്ടയുടെ അണിയറപ്രവർത്തകരേയും ആശങ്കയിലാക്കിയിരിക്കുകയാണ്. കീർത്തിയെ നായികയാക്കിയത് അബദ്ധമായോ സിനിമയുടെ റിലീസിനേയും കലക്ഷനേയുമെല്ലാം നടിയുടെ പരാജയം ബാധിക്കുമോ എന്നെല്ലാമുള്ള ആശങ്ക സർക്കാരു വാരി പേട്ടയുടെ അണിയറപ്രവർത്തകർക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഹേഷ് ബാബുവാണ് ചിത്രത്തിൽ നായകൻ. കീർതച്തി സുരേഷ് ആദ്യമായി അഭിനയിച്ച മ്യൂസിക്ക് വീഡിയോ ഗാന്ധാരി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

ഇനി റിലീസിനെത്താനുള്ള കീർത്തിയുടെ മലയാള ചിത്രം വാശിയാണ്. ടൊവിനോയാണ് ചിത്രത്തിൽ നായകൻ. വാശി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ്. വിഷ്‍ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വക്കീൽ ആയിട്ടാണ് ചിത്രത്തിൽ ടൊവിനൊ തോമസും കീർത്തി സുരേഷും അഭിനയിക്കുക എന്നാണ് വ്യക്തമാകുന്നത്. വിനായക് ശശികുമാർ ചിത്രത്തിന്റെ ഗാനത്തിന് വരികൾ എഴുതുമ്പോൾ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാർ നിർമിക്കുന്ന സിനിമയിൽ മകൾ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. അനു മോഹനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.


Click it and Unblock the Notifications