'സത്യേട്ടന്റെ സിനിമയാണെങ്കിൽ സുകുമാരി ചേച്ചിയുടെ അമ്മയായിട്ട് വരെ അഭിനയിക്കും, ബാലൻസുള്ളത് ശ്രീനിവാസൻ മാത്രം'
ഒരിടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട്-മോഹൻലാൽ സിനിമ നാളെ തിയേറ്ററുകളിൽ എത്താൻ പോവുകയാണ്. ഹൃദയപൂർവം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ സംഗീത് പ്രതാപ്, മാളവിക മോഹൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സത്യൻ അന്തിക്കാട്-മോഹൻലാൽ കോമ്പോ എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പരസ്യവാചകം. സത്യൻ അന്തിക്കാട് സിനിമകളോട് ഒരു പ്രത്യേക അടുപ്പം വളരെ വർഷങ്ങളായി മലയാളികൾക്കുണ്ട്.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് പ്രിയപ്പെട്ട അഭിനേതാക്കളെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും സംവിധായകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടിയാണ് ഉർവശിയെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഉർവശി അഭിനയത്തിൽ നിന്നും മാറി നിന്ന കാലത്താണ് അച്ചുവിന്റെ അമ്മയുടെ കഥ ആലോചിക്കുന്നത്.

ഉർവശിയുടെ കല്യാണവും പ്രസവവും കഴിഞ്ഞ സമയത്ത് അവരെ വെച്ച് ഒരു കഥ ഞങ്ങൾ ആലോചിച്ചിരുന്നു. ശ്രീനിവാസനൊപ്പമിരുന്നാണ് കഥയ്ക്ക് പ്ലാനിട്ടത്. പിന്നീട് ആ സിനിമ നരേന്ദ്രൻ മകൻ ജയകാന്തൻ വകയായി മാറി. ആ സിനിമയിൽ ഒരു വലിയ ലേഡി ക്യാരക്ടർ ഉണ്ടായിരുന്നു. അതിലേക്ക് ഉർവശിയെ ക്ഷണിച്ചപ്പോൾ മോള് ചെറുതാണ് സത്യേട്ടാ... ഞാൻ വരുന്നില്ലെന്ന് പറഞ്ഞു. അച്ചുവിന്റെ അമ്മയുടെ കഥ തിരക്കഥയായി രൂപപ്പെട്ട് കഴിഞ്ഞപ്പോൾ എന്റെ മനസിലേക്ക് ആദ്യം വന്ന കാസ്റ്റ് ഉർവശിയും മീര ജാസ്മിനുമാണ്.
നമ്മൾ ചിന്തിക്കാതെ കഥപാത്രങ്ങൾക്ക് അഭിനേതാക്കളുടെ മുഖം അറിയാതെ മനസിൽ വന്നാൽ അത് പെർഫെക്ട് കാസ്റ്റിങ്ങായിരിക്കും. ഉർവശിയും അഭിനയിക്കുമോയെന്ന് പോലും അറിയില്ലാത്ത സമയമാണ് അത്. മീരയ്ക്ക് ഡേറ്റുണ്ടോയെന്നും അറിയില്ല. രണ്ടും കൽപ്പിച്ചാണ് ഉർവശിയെ വിളിച്ചത്. അഭിനയിക്കാമെന്ന തോന്നൽ ഉർവശിക്ക് ആ സമയത്ത് വന്നു.
നായികയായി അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ഉർവശി സിനിമയിൽ നിന്നും വിട്ടുനിന്നത്. കഥ പറയും മുമ്പ് തന്നെ ഞാൻ പറഞ്ഞു മീരയുടെ അമ്മ റോളാണെന്ന്. അന്ന് ഉർവശി പറഞ്ഞ വാചകം എന്നെ അത്ഭുതപ്പെടുത്തി. സത്യേട്ടന്റെ സിനിമയാണെങ്കിൽ ഞാൻ സുകുമാരി ചേച്ചിയുടെ വരെ അമ്മയായിട്ട് അഭിനയിക്കും എന്നായിരുന്നു അത്. അതൊരു കോൺഫിഡൻസും സംവിധായകന്റെ മേലുള്ള വിശ്വാസവുമാണ്.
ആ സിനിമയ്ക്ക് നാഷണൽ അവാർഡും ഉർവശിക്ക് കിട്ടി. അത്ഭുതകരമായ ആക്ടറസാണ് സത്യൻ അന്തിക്കാട് പറഞ്ഞു. പ്രിയ സുഹൃത്ത് ശ്രീനിവാസനെ കുറിച്ചും സംവിധായകൻ സംസാരിച്ചു. ഇന്നസെന്റില്ലാതെ എന്റെ ഒരു ദിവസം ആരംഭിക്കാറില്ലായിരുന്നു. എല്ലാ ദിവസവും ഇന്നസെന്റിന്റെ കോൾ വരും. ശ്രീനിവാസനെ ഇപ്പോഴും ഞാൻ വിളിക്കുകയും നേരിട്ട് പോയി കാണുകയും ചെയ്യാറുണ്ട്.
അവർ എനിക്ക് അഭിനേതാക്കൾ മാത്രമായിരുന്നില്ല എന്റെ കുടുംബാംഗങ്ങളാണ്. ഇന്നസെന്റിന്റെ മിസ്സിങ് ഭയങ്കരമാണ്. അതുപോലെ ശ്രീനിവാസനെ കുറിച്ചും ഞാൻ ഇടയ്ക്ക് ആലോചിക്കും. ആകെ ബാലൻസുള്ളത് ശ്രീനിവാസനാണ്.

രണ്ടാഴ്ച കൂടുമ്പോൾ ഞാൻ പോയി കാണും. ഒരു ഫുൾഡെ ഒപ്പമിരിക്കും. അത് എന്റെ വലിയൊരു ആനന്ദമാണ്. ശ്രീനിവാസനും അതൊരു സന്തോഷമാണ്. സത്യേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ രാവിലെ ഒമ്പത് മണിയാകുമ്പോഴും ശ്രീനി കുളിച്ച് റെഡിയായിരിക്കുമെന്ന് വിമല എപ്പോഴും എന്നോട് പറയും. ഞാൻ ചെന്ന് കഴിയുമ്പോൾ നിങ്ങൾ എന്താ ഇത്ര ലേറ്റായതെന്ന് ശ്രീനി ചോദിക്കും.
ശ്രീനിവാസന്റെ ഹെൽത്ത് കുറച്ച് കൂടി ഇംപ്രൂവായി കഴിഞ്ഞാൽ നല്ല സബ്ജെക്ടുകൾ ചെയ്യിപ്പിക്കാൻ കഴിയും. ഇപ്പോഴും നല്ല ബ്രൈറ്റാണ് ബുദ്ധി. നല്ല ഓർമയാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. താൻ എഴുതിയ പാട്ടുകളെ കുറിച്ചും സത്യൻ അന്തിക്കാട് സംസാരിച്ചു. 130 ഓളം പാട്ടുകൾ ഞാൻ എഴുതിയിട്ടുണ്ട്. പലർക്കും അത് ഞാൻ എഴുതിയ പാട്ടുകളാണെന്ന് അറിയില്ല.
റേഡിയോയിൽ ഈ പാട്ടുകൾ വരുമ്പോഴാണ് ഇത് ഞാൻ എഴുതിയതാണല്ലോയെന്ന് എനിക്ക് തന്നെ ഓർമ വരുന്നത്. ഒരു നിമിഷം തരൂ, ഓ മൃദുലേ തുടങ്ങിയ ഗാനങ്ങളെ കുറിച്ചാണ് ആളുകൾ കൂടുതലും പറയാറ്. ഞാൻ വേറെയും നിരവധി പാട്ടുകൾ എഴുതിയിട്ടുണ്ട്. അവയിൽ പലതും ഹിറ്റുമാണ്.
നീ മായല്ലേ... എൻ മഴവില്ലേ എന്ന ഗാനം ഞാൻ എഴുതിയതാണ്. പിള്ളേർ അത് റീൽസിൽ ഉപയോഗിച്ചശേഷമാണ് ഞാൻ അത് ഓർത്തത്. വിശ്വം കാക്കുന്ന നാഥാ എന്ന ഗാനമാണ് അവസാനം എഴുതിയത്. അതിന് മുമ്പ് തൂവൽകൊട്ടാരം സിനിമയ്ക്ക് വേണ്ടിയും ഒരു ഗാനം എഴുതിയിട്ടുണ്ട്. പാട്ട് ഒരു സിറ്റുവേഷനെ ഹൈലൈറ്റ് ചെയ്യുക എന്നതിന് വേണ്ടിയുള്ളതാണെന്നും സത്യൻ അന്തിക്കാട് പറയുന്നു. സംവിധാനത്തിൽ മാത്രമല്ല ഗാനരചനയിലും സത്യൻ അന്തിക്കാട് പുലിയാണെന്നത് പല പ്രേക്ഷകർക്കും അറിയാത്ത ഒന്നാണ്.


Click it and Unblock the Notifications











