ബന്ധുക്കള്‍ക്ക് താല്‍പര്യമില്ല, അഭിനയിക്കില്ലെന്ന് നയന്‍താര പറഞ്ഞു; ഡയാന കുര്യന്‍ നയന്‍താരയായ കഥയിങ്ങനെ
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരില്‍ തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് നയന്‍താര. മോഡലിങ്ങില്‍ നിന്നും നയന്‍താരയെ സിനിമയിലേക്ക് എത്തിച്ചത് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഓഡിഷന്‍ കഴിഞ്ഞ് പോയതിന് ശേഷം അഭിനയിക്കാന്‍ വരില്ലെന്ന് നയന്‍താര വിളിച്ച് പറഞ്ഞു.
ബന്ധുക്കളില്‍ ചിലര്‍ക്ക് അഭിനയിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് നയന്‍താര ആ ഓഫര്‍ വേണ്ടെന്ന് വെച്ചത്. പിന്നീട് നടന്ന സംഭവങ്ങളെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയത്.

പരസ്യത്തിലൂടെ കണ്ട പെണ്‍കുട്ടിയാണ് പിന്നീട് നടി നയന്‍താരയായത്..
മനസിനക്കരെ എന്ന സിനിമ 'പ്രസക്തി നഷ്ടപ്പെട്ട് പോവുന്ന അമ്മമാരെ കുറിച്ച് ചെയ്യാനാണ് ഞാനും രഞ്ജന്‍ പ്രമോദും ആലോചിച്ചത്. ആ കഥയിലേക്ക് ഷീല ചേച്ചി വന്നു. ചേച്ചി അന്ന് സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന കാലമാണ്. ഷൂട്ട് തുടങ്ങി. ഒരു നായികയെ വേണം. ആരെയെങ്കിലും കിട്ടുമെന്ന് കരുതി. പല കുട്ടികളെ കണ്ടെങ്കിലും പക്ഷേ ഒന്നും ഉറപ്പിക്കാനായില്ല. ആയിടയ്ക്കാണ് വനിതയിലൊരു ജ്വല്ലറിയുടെ പരസ്യം കണ്ടത്. നല്ല ഭംഗിയുള്ള പെണ്‍കുട്ടി.

വനിതയുടെ കവര്‍ ഗേളായി വന്ന ഡയാന കുര്യനാണെന്ന് അറിഞ്ഞു. നമ്പര്‍ എടുത്ത് വിളിച്ചു. 'സത്യന്‍ അന്തിക്കാട് ആണെന്ന് പറഞ്ഞപ്പോള്‍ ആര്? എന്ന ചോദ്യമാണ് തിരിച്ച് മറുപടിയായി കിട്ടിയത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചപ്പോള്‍ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് പറഞ്ഞ് കോള്‍ കട്ട് ചെയ്തു. അഞ്ച് മിനുറ്റിന് ശേഷം തിരിച്ച് വിളിച്ചു.

പിറ്റേന്ന് അച്ഛനും അമ്മയുമായി ഒരു പച്ച മാരുതി കാറില്‍ ഡയാന കുര്യനെത്തുന്നു. ബോള്‍ഡായ പെണ്‍കുട്ടി, ധൈര്യമുള്ള മുഖം. അഭിനയിച്ച് പരിചയമൊന്നുമില്ല. അഴകപ്പന്‍ വീഡിയോ ഷൂട്ട് ചെയ്തു. എല്ലാവര്‍ക്കും ഇഷ്ടമായതോടെ നായികയായി ഉറപ്പിച്ചു. പിറ്റേന്ന് വിവരം പറയാന്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പുലര്‍ച്ചെ മൂന്ന് മണിയായപ്പോള്‍ ഇങ്ങോട്ട് കോള്‍ വന്നു. സര്‍, ഡയാനയാണ്. ഇപ്പോഴാണ് കോള്‍ കണ്ടതെന്നും. 'നിങ്ങളാണ് നായിക, നാളെ തന്നെ പോരൂ' എന്ന് ഞാനും പറഞ്ഞു.

അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് നയന്‍താര വിളിച്ച് പറഞ്ഞു
പക്ഷേ അതിന് ലഭിച്ച മറുപടി കേട്ട് ഞാനൊന്ന് ഞെട്ടി. 'സോറി സര്‍, ഞാന്‍ അഭിനയിക്കുന്നില്ല. ചില ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലെന്ന്'. ഇത് കേട്ടതോടെ ഞാന്‍ പറഞ്ഞു. 'ഡയാന രണ്ട് തെറ്റാണ് ചെയ്തത്. ഒന്ന് വെളുപ്പിന് മൂന്ന് മണിയ്ക്ക് വിളിച്ച് എഴുന്നേല്‍പ്പിച്ചു. പിന്നെ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു. രണ്ടും തെറ്റാണ്. ഡയാനയ്ക്കും അച്ഛനും അമ്മയ്്ക്കും ഇഷ്ടമാണെങ്കില്‍ നാളെ വരാന്‍ പറഞ്ഞ് വെച്ചു. പിറ്റേന്ന് ഡയാന എത്തി. കുറച്ച് ദിവസം ഷൂട്ടിങ് കണ്ട് ഇഷ്ടപ്പെട്ടു. പിന്നെ അഭിനയിക്കാന്‍ തുടങ്ങിയെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

നയന്‍താരയുടെ പേര് മാറ്റാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞതിങ്ങനെ..
ഒരു ദിവസം കാറില്‍ ലൊക്കേഷനിലേക്ക് പോവുകയാണ്. ഇതിനിടെ ഒരു സിനിമയുടെ പോസ്റ്റര്‍ കണ്ടു. അതിന്റെ പേര് ഡയാന. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാനുള്ള സിനിമ. ഡയാന എന്ന പേര് മാറ്റിയാലോ എന്ന് ഞാന്‍ ചോദിച്ചു. മൂന്ന് പേര് എഴുതി കൊടുത്തു. അതില്‍ നിന്ന് നയന്‍താര എന്ന പേര് തിരഞ്ഞെടുത്തു. നക്ഷത്രം പോലെ കണ്ണുള്ളവള്‍ എന്നാണ് അതിന്റെ അര്‍ഥം..


Click it and Unblock the Notifications