കല്യാണത്തിന് ടിക്കറ്റ് അയക്കാം എന്ന് വരെ പറഞ്ഞു, പോയ ശേഷം നയൻതാരയുടെ മെസേജ്: സത്യൻ അന്തിക്കാട്
തെന്നിന്ത്യൻ താര റാണിയായ നയൻതാര രണ്ട് പതിറ്റാണ്ടിലേറെയായി മുൻനിരയിൽ തുടരുന്നു. കെെ നിറയെ അവസരങ്ങളും വലിയ ആരാധക വൃന്ദവും ഇന്ന് നയൻതാരയ്ക്കുണ്ട്. 2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്തേക്ക് വരുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ വലിയ വിജയമായിരുന്നു. ജയറാം, ഷീല, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം പ്രധാന വേഷങ്ങൾ ചെയ്തത്. നയൻതാരയെ മനസിനക്കരെയിൽ നായികയാക്കിയതിനെക്കുറിച്ചും നടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ സത്യൻ അന്തിക്കാട്. കേരള കൗമുദിയുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ ഓർമകൾ പങ്കുവെച്ചത്.
നയൻതാരയിൽ ഞാൻ ആദ്യം തന്നെ കണ്ട പ്രത്യേകത അവരുടെ മുഖത്തെ ആത്മവിശ്വാസമാണ്. അവരുടെ ഒരു ഫോട്ടായാണ് ഞാൻ ആദ്യം കാണുന്നത്. എനിക്കന്ന് നായികയെ കിട്ടിയിട്ടില്ല. പക്ഷെ പടം തുടങ്ങി. ഷീലയാണല്ലോ പ്രധാന വേഷം. നായികയായി വളരെ പ്രസിദ്ധയായി നടി വേണ്ടെന്ന് തോന്നി. പുതുമുഖമുണ്ടായാൽ നല്ലത്. പലരെയും ട്രെെ ചെയ്തിട്ട് കിട്ടുന്നില്ല.

വനിതയുടെ ശലഭ സുന്ദരി എന്ന പരസ്യത്തിലാണ് നയൻതാരയുടെ ഫോട്ടോ ആദ്യം കണ്ടത്. അവരെ കാണാൻ വിളിച്ചു. കുറച്ച് ഷോട്ടുകൾ ചുമ്മാ എടുത്തു. ഒരു നാല് ദിവസത്തിന് ശേഷമാണ് ഈ കുട്ടി തന്നെ ചെയ്താൽ മതിയെന്ന് തീരുമാനിക്കുന്നത്. വരുന്നില്ല, ബന്ധുക്കളിൽ ചിലർക്ക് താൽപര്യമില്ല എന്ന് നയൻതാര എന്നോട് പറഞ്ഞു.
ഡയാനയ്ക്ക് ഇഷ്ടമാണോ അഭിനയിക്കാൻ എന്ന് ഞാൻ ചോദിച്ചു. അതെയെന്ന് പറഞ്ഞു. അച്ഛനും അമ്മയ്ക്കും എതിർപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും പറഞ്ഞു. വാ എന്ന് ഞാൻ. നിർബന്ധപൂർവം വരുത്തിയതാണ്, സത്യൻ അന്തിക്കാട് പറഞ്ഞതിങ്ങനെ. ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി നയൻതാര മാറിയെന്നും സത്യൻ അന്തിക്കാട് പറയുന്നുണ്ട്. അതൊക്കെ അവരുടെ കഴിവ് കൊണ്ട് തന്നെയാണ്.

ഇപ്പോഴും കോൺടാക്ടുണ്ട്. ഇടയ്ക്ക് വിളിക്കും. ഞാനൊരിക്കലും കൂടുതൽ സ്വാതന്ത്ര്യം മിസ് യൂസ് ചെയ്യാത്ത ആളാണ്. കല്യാണത്തിന് എന്നെ വിളിച്ചപ്പോൾ ടിക്കറ്റ് അയച്ച് തരാം എന്ന് പറഞ്ഞു. ടിക്കറ്റൊന്നും അയക്കേണ്ട, ഞാൻ വന്നോളാം എന്ന് ഞാൻ പറഞ്ഞു. ആകെ 200 പേരെ കല്യാണത്തിനുണ്ടായിരുന്നുള്ളൂ.
കേരളത്തിൽ നിന്നും എന്നെയും സംവിധായകൻ സിദ്ദിഖിനെയും ദിലീപിനെയുമാണ് വിളിച്ചിരുന്നത്. സിദ്ദിഖ് കല്യാണത്തിന് വന്നില്ല. വേറെ അധികമാരെയും വിളിച്ചിരുന്നില്ല. ആ സ്നേഹം എപ്പോഴും കാണിക്കാറുണ്ട്. അനൂപിന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമ കണ്ട് അവനൊന്ന് ഫോൺ കൊടുക്കണം, സംസാരിക്കണം എന്ന് പറഞ്ഞു. ഒരിക്കൽ ഒരു സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ തൊട്ടടുത്ത് നയൻതാര വേറെ പടത്തിന് വന്നിട്ടുണ്ട്. ഞാൻ ഇവിടെയുണ്ടെന്ന് അറിഞ്ഞ് ഓടി എന്റെയടുത്തേക്ക് വന്നു.
അന്ന് വന്ന് പോയിട്ട് എനിക്കൊരു വലിയ മെസേജ് അയച്ചു. താങ്കളാണ് എനിക്ക് ഇങ്ങനെയാെരു വലിയ ലോകത്തിന്റെ ഡോർ തുറന്ന് തന്നത്. എനിക്ക് ബഹുമാനമുള്ളയാളാണ്. നിങ്ങളാഗ്രഹിച്ചത് പോലെ എനിക്കഭിനയിക്കാൻ പറ്റിയോ എന്നറിയില്ല. ഞാനതിന് ട്രെെ ചെയ്ത് കൊണ്ടിരിക്കുകയാണ്. നല്ല മര്യാദയുള്ളയാളാണ് നയൻതാരയെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഹൃദയപൂർവം ആണ് സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമ. മോഹൻലാൽ മാളവിക മോഹനൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്.


Click it and Unblock the Notifications











