മോഹൻലാലിനോട് പിണങ്ങി പന്ത്രണ്ട് കൊല്ലം മാറി നിന്നു, കാരണം ആ സംഭവം: സത്യൻ അന്തിക്കാട് പറയുന്നു
മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര-സംവിധായക ജോഡിയാണ് മോഹൻലാലും സത്യൻ അന്തിക്കാടും. 1984ൽ പുറത്തിറങ്ങിയ അപ്പുണ്ണി മുതൽ, 2025 ഓണത്തെക്കാലത്ത് തീയറ്ററുകളിൽ എത്തിയ ഹൃദയപൂർവ്വം വരെ, കഴിഞ്ഞ നാൽപത്തിയൊന്ന് വർഷങ്ങളായി പല ഐക്കോണിക് ചിത്രങ്ങൾക്ക് വേണ്ടിയും ഇരുവരും ഒന്നിച്ചിട്ടുണ്ട്. ഒരു പക്ഷെ, മോഹൻലാൽ ഇന്നും കൂടെ കൂട്ടിയിട്ടുള്ള ഒരേയൊരു സീനിയർ സംവിധായകൻ സത്യൻ അന്തിക്കാടായിരിക്കും. പക്ഷെ, ഇരുവരും തമ്മിലുള്ള സൗഹൃദം അത്ര സുഖകരമല്ലാത്ത ഒരു അവസ്ഥയിലൂടെ കടന്ന് പോയിരുന്നു.
ഒരിക്കൽ മോഹൻലാലിനോട് താൻ പിണങ്ങിയിരുന്നുവെന്ന്, അടുത്തിടെ മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു. ഒരു ചെറിയ പ്രശ്നത്തിൽ തുടങ്ങിയ ആ പിണക്കം പക്ഷെ, ഏതാണ്ട് പന്ത്രണ്ട് കൊല്ലമാണ് നീണ്ടു നിന്നത്. ആ സമയത്ത് താൻ മോഹൻലാലിനൊപ്പം ഒരു സിനിമ പോലും ചെയ്തിരുന്നില്ലെന്നും സീനിയർ സംവിധായകൻ വെളിപ്പെടുത്തി.

"ഞാൻ മോഹൻലാലിനോട് പിണങ്ങിയിരുന്നിട്ടുണ്ട്. കുറെ നാൾ മോഹൻലാലിനെ വച്ച് സിനിമ ചെയ്യാതെ ഇരുന്നിട്ടുണ്ട്. 2006ൽ രസതന്ത്രം എന്ന സിനിമയൊക്കെ ചെയ്യുന്നതിന് മുൻപ്, പന്ത്രണ്ട് കൊല്ലം മോഹൻലാലിനൊപ്പം ഞാൻ വർക്ക് ചെയ്തിട്ടില്ല," സത്യൻ അന്തിക്കാട് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 1994ൽ ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയെങ്കിലും വലിയ പരാജയമായി മാറുകയും, പിന്നീട് ടെലിവിഷനിലൂടെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്ത പിൻഗാമി എന്ന സിനിമയിൽ ഒന്നിച്ച ശേഷമാണ് ഇരുവരും തമ്മിൽ ഈ അകലം വന്നത്.
എന്നാൽ, അതിലെ ഏറ്റവും രസകരമായ കാര്യം, താൻ പിണങ്ങിയ വിവരം പോലും മോഹൻലാലിന് മനസ്സിലായില്ല എന്നതാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. "പക്ഷെ മോഹൻലാൽ ഞാൻ പിണങ്ങിയത് അറിഞ്ഞിരുന്നില്ല. അത് ഞാൻ പിന്നീട് പറയുമ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്. ഇപ്പോൾ, എനിക്ക് മോഹൻലാലിനെ ഞാൻ ആഗ്രഹിച്ച സമയത്ത് കിട്ടാത്തത് കൊണ്ടായിരുന്നു എന്റെ പിണക്കം. സത്യത്തിൽ അത് പിണക്കം മാത്രമായിരുന്നു, ഒരിക്കലും ദേഷ്യമായിരുന്നില്ല. പക്ഷെ ലാൽ അത് പോലും അറിഞ്ഞിട്ടില്ല," സീനിയർ സംവിധായകൻ തുറന്നു പറഞ്ഞു.

"പന്ത്രണ്ട് കൊല്ലം ലാലിനൊപ്പം ഞാൻ വർക്ക് ചെയ്തില്ല. പക്ഷെ പിന്നീട് രസതന്ത്രം എന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ, എനിക്ക് തോന്നിയത് ഇന്നലെ ലാൽ എന്റെ സെറ്റിൽ നിന്ന് പോയതെയുള്ളൂ, എന്നാണ്. കാരണം, വ്യക്തിപരമായി അത്രയും കൂടുതൽ നമ്മളെ കംഫർട്ടബിൾ ആക്കുന്ന ഒരാളാണ് മോഹൻലാൽ. ഞങ്ങൾ തമ്മിലുള്ള സൗഹൃദം എടുത്താൽ, എനിക്ക് സിനിമയ്ക്ക് അകത്തെ ലാലും, പുറത്തെ ലാലും, എന്നൊന്നും ഇല്ല. ഞങ്ങൾ എന്നും ഒന്നിച്ച് ഒരേ വഴിയിലൂടെ യാത്ര ചെയ്യുന്നവരാണ്," അഭിമാനത്തോടെയും സന്തോഷത്തോടെയും സത്യൻ അന്തിക്കാട് പറഞ്ഞു.
മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂർവ്വം, പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് നേടിയത്. സൂപ്പർഹിറ്റായി മാറിയ കുടുംബ ചിത്രം, ബോക്സ് ഓഫീസിൽ 70 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു. വിജയകരമായ തീയറ്റർ പ്രദര്ശനങ്ങൾക്ക് ശേഷം, ഹൃദയപൂർവ്വം സെപ്റ്റംബർ 26ന് പ്രശസ്ത ഓ.ടി.ടി. പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ റിലീസിന് ഒരുങ്ങുകയാണ്.


Click it and Unblock the Notifications











