തിരക്കഥയുടെ പേരില്‍ ശ്രീനിവാസന്‍ പിണങ്ങി! മോഹന്‍ലാല്‍ ചിത്രത്തിന്റെ പിന്നണിയില്‍ സംഭവിച്ചതിങ്ങനെ..
മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടിലൊന്നായ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടുമൊന്നിച്ചിരിക്കുകയാണ്. ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയ ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തിയത്. ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്.
സന്ദേശം, പട്ടണപ്രവേശം, നാടോടിക്കാറ്റ് തുടങ്ങി ഒട്ടനവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇടക്കാലത്ത് ഇരുവരും തമ്മില്‍ പിണക്കമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാതൃഭൂമി ന്യൂസിലെ 'സത്യത്തില്‍ ശ്രീനി' എന്ന പരിപാടിയിലൂടെയായിരുന്നു നാടോടിക്കാറ്റ് എന്ന ചിത്രത്തിനിടയ്ക്ക് ശ്രീനിവാസന്‍ തന്നോട് പിണങ്ങിയ കഥ സത്യന്‍ അന്തിക്കാട് തുറന്ന് പറഞ്ഞത്.

ശ്രീനിയും സത്യനും
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുക്കിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. മലയാള സിനിമയില്‍ പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ച കൂട്ടുകെട്ട് പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊന്നിക്കുന്നത്. ഇത്തവണ മോഹന്‍ലാലിന് പകരം ഫഹദ് ഫാസിലായിരുന്നു നായകന്‍. തിയറ്ററുകളിലേക്ക് എത്തിയ സിനിമ പഴയ ചരിത്രം തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ്. ഹിറ്റില്‍ നിന്നും സൂപ്പര്‍ ഹിറ്റിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഞാന്‍ പ്രകാശന് തിയറ്ററുകളില്‍ ടിക്കറ്റ് കിട്ടാനില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ..
വഴക്കുകള്‍ ഒരിക്കലും വ്യക്തിപരമായി ഉണ്ടാകുന്നതല്ല. സിനിമയേ കുറിച്ച് ചര്‍ച്ച ചെയ്ത് പല വഴക്കുകളും ഉണ്ടാകാറുണ്ട്. ഒരു പ്രാവിശ്യം നാടോടിക്കാറ്റിന്റെ സിനിമയുടെ ചിത്രീകരണ സമയത്താണ് അതുപോലൊന്ന് ഉണ്ടായത്. തിരക്കഥ പൂര്‍ത്തിയാകുന്നതിന് മുന്‍പ് അന്ന് ഷൂട്ടിംഗ് തുടങ്ങേണ്ടി വന്നിരുന്നു. ക്ലൈമാക്‌സ് കിട്ടുന്നില്ല. ഒരു ദിവസം പ്രിയദര്‍ശനും സെഞ്ച്വറി കൊച്ചുമോനുമൊക്കെ മുറിയില്‍ വന്ന ദിവസം ശ്രീനി എന്നോട് പറഞ്ഞു നിങ്ങളൊന്ന് പുറത്ത് പോയിട്ട് വാ ഞങ്ങളൊന്ന് ആലോചിക്കട്ടെ എന്ന്. ഞാനും ഹാപ്പി ആയി. അന്ന് ഞാന്‍ ലേറ്റായാണ് രാത്രി വന്നത്. ഞാനും ശ്രീനിയും ഒരു മുറിയിലാണ്. ഞാന്‍ വന്നപ്പോള്‍ ശ്രീനി ഭയങ്കര ഹാപ്പി ആയിട്ട് ഇരിക്കുന്നു. നിര്‍മാതാവും ഹാപ്പി. മമ്മൂട്ടിയ്ക്ക് ഒരു ഗസ്റ്റ് റോള്‍ ഉണ്ട് ചിത്രത്തില്‍. ഒരു ഇന്‍സ്‌പെക്ടര്‍ ആയി മമ്മൂട്ടി വരും. അങ്ങനെ കുറേ മാറ്റങ്ങള്‍ ഉണ്ട്. ശ്രീനി എന്റെ അടുത്ത് കഥ പറഞ്ഞതും ഞാന്‍ പറഞ്ഞു ഇത് തീരെ പോരാ എന്ന്.

ശ്രീനിവാസന്‍ പിണങ്ങി
എപ്പോഴും ഒരാള്‍ ഒരു സബ്ജക്ട് വളരെ കാര്യമായി പറയുമ്പോള്‍ എടുത്തടിച്ച് പോരാ എന്ന് പറയുന്നത് ആര്‍ക്കായാലും ദേഷ്യം വരുന്ന കാര്യമാണ്. ശ്രീനിയ്ക്കും സ്വാഭാവികമായും ദേഷ്യം വന്നു. ശ്രീനി അന്ന് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.. നാളെ ഞാന്‍ തന്നെ ഇവിടുന്ന് പോകും. നിങ്ങളുടെ അടുത്ത് തിരക്കഥ എഴുതനായി ഭിക്ഷാംദേഹിയായി ഞാന്‍ വന്നിട്ടില്ല. എന്നെ കൊണ്ട് തിരക്കഥ എഴുതിക്കൂ എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ? എനിക്കിങ്ങനെയേ പറ്റുകയുള്ളു.. എന്നും പറഞ്ഞ് വഴക്കായി ശ്രീനി പിണങ്ങി.

ഹൃദയംഗമമായ മാപ്പ്
എനിക്കൊരു ഫ്ളാറ്റ് ഉണ്ട്. അന്ന് രാത്രി ഞാന്‍ അവിടെ കിടക്കാന്‍ പോയി. ശ്രീനി പിണങ്ങി കരിമ്പടവും പുതച്ച് കിടന്നു. പുള്ളി നാളെ പോകുമെന്നാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞാല്‍ പോകും. പോയ ചരിത്രമുണ്ട്. ഞാനാകെ ടെന്‍ഷനിലാണ്. പിറ്റേന്ന് വീണ്ടും ചര്‍ച്ചയ്ക്ക് വന്ന് സംസാരിച്ചു. ചായയൊക്കെ കുടിച്ചു. പിണക്കത്തിന്റെ ആ കനം മുഴുവന്‍ മാറിയിട്ടില്ല അപ്പോഴും. അന്ന് സംസാരിച്ചു സംസാരിച്ചാണ് കോവൈ വെങ്കടേഷ് എ്‌ന കഥാപാത്രം വരുന്നത്. അതിലൂടെ ഞങ്ങള്‍ക്ക് കുറേക്കൂടി തെളിച്ചം കിട്ടി. അപ്പോള്‍ ശ്രീനി തന്നെ ചോദിച്ചു. മറ്റേത് ഭയങ്കര ബോര്‍ ആയിരുന്നല്ലേ. ഹൃദയംഗമമായ മാപ്പ് എന്ന് പറഞ്ഞു. ഇതുപോലെയുള്ള സന്ദര്‍ഭങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.


Click it and Unblock the Notifications