ഇവനൊരു സൂപ്പർ സ്റ്റാറായാൽ നമ്മൾ രക്ഷപ്പെട്ടില്ലേ സത്യാ... ദൈവം അത് കേട്ടുവെന്ന് തോന്നുന്നു; സത്യൻ അന്തിക്കാട്

സിനിമയിൽ സത്യൻ അന്തിക്കാടിന് ഏറെ സൗഹൃദമുള്ള കുറച്ച് ആളുകളുണ്ട്. മോഹൻലാൽ, ശ്രീനിവാസൻ, പ്രിയ​ദർശൻ തുടങ്ങിയവരെല്ലാം ആ പട്ടികയിൽ ആദ്യമുള്ള പേരുകളാണ്. മോഹൻലാലിനൊപ്പമുള്ള സത്യൻ അന്തിക്കാടിന്റെ ഏറ്റവും പുതിയ സിനിമ ഹൃദയപൂർവം തിയേറ്ററുകൾ നിറഞ്ഞോടുമ്പോൾ പഴയ ഓർമകൾ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് സത്യൻ അന്തിക്കാട്. സിനിമയെ സ്നേഹിക്കുന്നവർ മുഴുവൻ ഹൃദയപൂർവ്വം മോഹൻലാലിനെ നെഞ്ചോട് ചേർക്കുന്നതിന് പിന്നിലെ കാരണവും അദ്ദേഹം കുറിച്ചു.

ഹൃദയപൂർവ്വം കൂടെ കൂടിയ ഒരാൾ എന്ന തലക്കെട്ടിലായിരുന്നു കുറിപ്പ്. മദ്രാസിലെ വുഡ്‌ലാന്റ്സ് ഹോട്ടലിൽ ഞാനും ശ്രീനിവാസനും താമസിക്കുന്ന മുറിയിലെ കട്ടിലിൽ മോഹൻലാൽ കിടന്നുറങ്ങുകയാണ്. ഗാഢമായ പകലുറക്കം. തലേദിവസം രാത്രി മുഴുവൻ ഏതോ പടത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. അത് കഴിഞ്ഞ് പ്രിയദർശനോടൊപ്പം വന്നതാണ്. എൺപതുകളുടെ തുടക്കകാലം.

Sathyan Anthikad
Photo Credit: Sathyan Anthikad / Mohanlal

വില്ലനായും തറവാട്ടിലെ തെറിച്ച വിത്തായും കുട്ടിക്കളി മാറാത്ത കാമുകനായുമൊക്കെ ലാൽ പകർന്നാടുന്ന കാലം. അപ്പുണ്ണിയും പൂച്ചയ്ക്കൊരു മൂക്കുത്തിയുമൊക്കെ കഴിഞ്ഞിരിക്കുന്നു. ശാന്തമായി ഉറങ്ങുന്ന മോഹൻലാലിനെ നോക്കി ചെറിയൊരു ചിരിയോടെ പ്രിയൻ പറഞ്ഞു... ഇവനൊരു സൂപ്പർ സ്റ്റാറായാൽ നമ്മൾ രക്ഷപ്പെട്ടില്ലേ സത്യാ... ദൈവം അത് കേട്ടുവെന്ന് തോന്നുന്നു. കണ്ണടച്ച് തുറക്കും മുമ്പാണ് ലാൽ ആ പദവിയിലേക്കെത്തിയത്.

എന്റേയും പ്രിയന്റേയും ആ കാലത്തെ നല്ല സിനിമകളൊക്കെയും ലാലിനോടൊപ്പമായിരുന്നു. ഈയിടെ ഹൃദയപൂർവ്വത്തിന്റെ ലൊക്കേഷനിലെത്തിയ പ്രിയനോട് നാൽപതുകൊല്ലം മുമ്പ് നടന്ന ആ സംഭാഷണം ഞാൻ ഓർമ്മിപ്പിച്ചു. പ്രിയനും അതു മറന്നിട്ടില്ല. ഞങ്ങൾ അത് പറഞ്ഞ് ചിരിക്കുന്നതുകണ്ട് ലാൽ പറഞ്ഞു... ഞാനിപ്പോഴും നിങ്ങളോടൊപ്പമില്ലേ?. അതൊരു നിയോഗമാണ്. ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്... മറ്റാരോ എഴുതിവെച്ച തിരക്കഥ പോലെയാണ് നമ്മുടെ ജീവിതമെന്ന്.

43 വർഷം മുമ്പ് എന്റെ ആദ്യ സിനിമയായ കുറുക്കന്റെ കല്യാണത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. സുകുമാരനാണ് നായകൻ. ജഗതി ശ്രീകുമാറും ബഹദൂറുമൊക്കെ സജീവമായി കൂടെയുണ്ട്. ഒരു പെൺകുട്ടി മുന്നിൽ വന്നുപെട്ടാൽ മുട്ടു വിറയ്ക്കുന്ന ശിവസുബ്രഹ്മണ്യ ഹരിരാമചന്ദ്രൻ എന്ന പാവത്താനായാണ് സുകുമാരൻ അഭിനയിക്കുന്നത്. മനസുകൊണ്ട് ആരാധിക്കുന്ന നായികയോട് ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം ആ കഥാപാത്രത്തിനില്ല.

അയാളെ അതിന് പ്രേരിപ്പിക്കാനും ധൈര്യം കൊടുക്കാനും മറ്റൊരു ചെറുപ്പക്കാരൻ വേണം. അത് ആരാകാം?. തിരക്കഥാകൃത്ത് ഡോ. ബാലകൃഷ്ണനും നിർമ്മാതാവ് റഷീദും ആത്മസുഹൃത്ത് ഭാസി മാങ്കുഴിയും ഞാനും തല പുക‍ഞ്ഞ് ആലോചിച്ചു. പെട്ടെന്നാണ് മോഹൻലാൽ എന്ന യുവനടൻ മനസിലേക്ക് കയറിവന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ്.

Sathyan Anthikad
Photo Credit: Sathyan Anthikad / Mohanlal

ഒരൊറ്റ സീനിൽ അഭിനയിക്കാൻ വിളിച്ചാൽ വരുമോ? അതും ഒരു സംവിധായകന്റെ ആദ്യത്തെ സിനിമയിൽ. സീൻ ഒന്നേ ഉള്ളുവെങ്കിലും അതൊരു പ്രധാനപ്പെട്ട രംഗമാണ്. മോഹൻലാൽ‍ സമ്മതിച്ചു. ബഹദൂറിന്റെ മകളുടെ ഭർത്താവാണ് കഥാപാത്രം. അത് വ്യക്തമാക്കുന്ന ഒരു ചെറിയ സീൻ ആദ്യം തന്നെ ഷൂട്ട് ചെയ്തു. സത്യ സ്റ്റുഡിയോയിലായിരുന്നു ആ സിനിമയുടെ സെറ്റ്. ആ സെറ്റിലെ ജോലികൾ തീർത്ത് ഒരു തമിഴ് പടത്തിന് വേണ്ടി വിട്ടുകൊടുക്കേണ്ടിയിരുന്നു. പ്രധാന സീൻ അടുത്ത ഷെഡ്യൂളിൽ എടുക്കാമെന്ന് പറഞ്ഞ് ലാലിനെ അയച്ചു. അതിൽ ലാലും സുകുമാരനും മാത്രം മതി.

പക്ഷെ ആ ഷെഡ്യൂൾ തുടങ്ങും മുമ്പ് ഡോ. ബാലകൃഷ്ണൻ തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തി. എഴുതി വന്നപ്പോൾ അങ്ങനെയൊരു സീനിന്റെ ആവശ്യമില്ല. അങ്ങനെ കുറുക്കന്റെ കല്യാണത്തിൽ ഒരു കുഞ്ഞ് സീനിൽ മാത്രം മോഹൻലാലിന് പ്രത്യക്ഷപ്പെടേണ്ടി വന്നു. എന്റെ ആദ്യ സിനിമയിൽ തന്നെ മോഹൻലാലിന്റെ കൈയൊപ്പ് വേണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടാകാം.

പിന്നീട് ബാലഗോപാലനായും ഗൂർഖയായും ഹൗസ് ഓണർ ഗോപാലകൃഷ്ണ പണിക്കരായും ഗൾഫ് മോട്ടോഴ്സിന്റെ ഉടമസ്ഥനായും ഗഫൂർ കാ ദോസ്ത് ദാസനായുമൊക്കെ എന്റെ സിനിമയിൽ നിറഞ്ഞ് നിൽക്കേണ്ട ആളല്ലേ. ആദ്യ യാത്രയിൽ തന്നെ കൂടെ കൂടിയ ആ കൂട്ടുകാരൻ ഈ ഓണക്കാലത്തും ഹൃദയപൂർവ്വം എന്നോടൊപ്പം തന്നെയുണ്ട്. അപ്പുണ്ണിയാണ് മോഹൻലാൽ പ്രധാനവേഷം ചെയ്ത എന്റെ ആദ്യത്തെ ചിത്രം. ഷൂട്ടിങ്ങും ഫസ്റ്റ് എഡിറ്റിങ്ങും കഴിഞ്ഞ് ഒരു മാസത്തിനുശേഷം മദ്രാസിലെ ഡബ്ബിങ് തിയേറ്ററിലെ വലിയ സ്‌ക്രീനിൽ കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി.

എത്ര മനോഹരമായാണ് ഈ നടൻ കഥാപാത്രമായി മാറുന്നത്. ലാലിന്റെ ഓരോ നോട്ടവും ഓരോ ചലനവും വിസ്മയിപ്പിക്കുന്നതായിരുന്നു. പിന്നീടുള്ള സിനിമകളിൽ മോഹൻലാലിനെ മുൻനിർത്തിയാണ് ഞാൻ കഥകൾ പോലും ആലോചിച്ചത്. മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോൾ നമുക്ക് തോന്നും ലോകത്തിലെ ഏറ്റവും എളുപ്പമുള്ള ജോലി അഭിനയമാണെന്ന്.

അത്രയ്ക്ക് അനായാസമായാണ് ക്യാമറയ്ക്ക് മുന്നിൽ ലാൽ പെരുമാറുക. പലപ്പോഴും ഇയാൾ അഭിനയിക്കുന്നുണ്ടോ എന്ന സംശയം പോലും തോന്നിപ്പോവും. നടനാകാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട ജന്മമാണ് മോഹൻലാലിന്റേത്. ഷൂട്ടിങ് സമയത്ത് പല കാരണങ്ങളാലും പലവിധത്തിലുള്ള ടെൻഷൻ സംവിധായകന് ഉണ്ടാകാറുണ്ട്. ലാൽ കൂടെയുണ്ടെങ്കിൽ നമ്മളത് അറിയുകയേയില്ല. നിമിഷനേരം കൊണ്ട് ടെൻഷനൊക്കെ അദ്ദേഹം മാറ്റിയിരിക്കും. നമ്മളെ കൂളാക്കും.

എന്തും നർമ്മത്തിന്റെ കണ്ണിലൂടെ കാണാൻ ലാലിനൊരു പ്രത്യേക മിടുക്കുണ്ട്. മുളന്തുരുത്തിക്ക് അടുത്ത് ഹൃദയപൂർവം സിനിമയുടെ ഷൂട്ടിങ് നടന്ന ഒരു രാത്രി ശ്രീനിവാസൻ ലൊക്കേഷനിൽ വന്നു. അതൊരു വൈകാരിക നിമിഷമായിരുന്നു. എന്നേയും ശ്രീനിവാസനെയും രണ്ട് കൈകൾ കൊണ്ട് ലാൽ ചേർത്ത് പിടിച്ചു. ഞങ്ങളൊരുമിച്ച് ചെയ്ത സിനിമകൾ ഫ്ലാഷ്ബാക്കിലെന്ന പോലെ മനസിൽ മിന്നിമറിഞ്ഞു. ലാലിന്റെ കണ്ണുകൾ നിറയുന്നത് എനിക്ക് കാണാമായിരുന്നു.

വിജയവും പരാജയവും നിസ്സംഗതയോടെ കാണാനുള്ള കഴിവുണ്ട് മോഹൻലാലിന്. എപ്പോഴും പരാജയങ്ങളെക്കാൾ പേടിക്കേണ്ടത് വിജയത്തെയാണ്. അറിയാതെ അടിതെറ്റിപ്പോവും. പക്ഷെ എത്ര വലിയ വിജയത്തിലും നിലത്ത് കാലുറപ്പിച്ച് നിൽക്കാൻ മോഹൻലാലിന് കഴിയുന്നു. ഓഷോയുടെ പുസ്തകങ്ങൾ വായിച്ചും ലോകം മുഴുവൻ യാത്ര ചെയ്തും ഒരുപാട് ആളുകളെ കണ്ടും അനുഭവങ്ങളിൽ നിന്നും ആർജ്ജിച്ച കരുത്താണത്. വെറുതെയല്ല സിനിമയെ സ്നേഹിക്കുന്നവർ മുഴുവൻ ഹൃദയപൂർവ്വം മോഹൻലാലിനെ നെഞ്ചോട് ചേർക്കുന്നതെന്ന് സത്യൻ അന്തിക്കാട് കുറിച്ചു.

More from Filmibeat

Read more about: sathyan anthikad mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X