ശ്രീനി ഇനിയില്ല! ആ സത്യം ഉള്‍ക്കൊള്ളാന്‍ എനിക്കിപ്പോഴും കഴിയുന്നില്ലെന്ന് സത്യന്‍ അന്തിക്കാട്‌

ശ്രീനിയെന്ന ഒറ്റ നക്ഷത്രം. ശ്രീനിവാസന്റെ അടുത്ത സുഹൃത്തായ സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ശ്രീനിയെ പരിചയപ്പെട്ടതും, ഒന്നിച്ച് സിനിമകൾ ചെയ്തതിനെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം എഴുതിയത്. ഒരു ട്രെയിൻയാത്രയാണ് പെട്ടെന്ന് ഓർമ്മയിൽ വരുന്നത്. തൃശ്ശൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഞാൻ. വെഞ്ചാമരംപോലെ നരച്ച മുടിയുള്ള പ്രൗഢയായ ഒരു സ്ത്രീ അടുത്തുവന്ന് പരിചയപ്പെട്ടു. ഒരു പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലായി റിട്ടയർ ചെയ്ത അധ്യാപികയാണ്. സംസാരത്തിനിടയിൽ അവർ ചോദിച്ചു: ''മലയാളത്തിലെ ഏറ്റവും നല്ല തിരക്കഥാകൃത്ത് ആരാണ്?'' സ്വാഭാവികമായും ഞാൻ എം.ടി.യുടെ പേര് പറഞ്ഞു.

പത്മരാജനും ലോഹിതദാസും തൊട്ടടുത്തുവരുമെന്നും. ഒരു ചെറിയ ചിരിയോടെ അവർ പറഞ്ഞു: ''ശരിയായിരിക്കാം. പക്ഷേ, മലയാളിയുടെ മനസ്സ് ഏറ്റവും കൂടുതൽ തൊട്ടറിഞ്ഞ എഴുത്തുകാരൻ ശ്രീനിവാസനാണ്. ചിരിപ്പിക്കുന്ന നടനായതുകൊണ്ട് എഴുത്തുകാരൻ എന്നനിലയിൽ അദ്ദേഹത്തിന്റെ മികവ് പലരും കാണാതെ പോകുന്നു.''എന്നിട്ട് ചിന്താവിഷ്ടയായ ശ്യാമളയിലെയും വടക്കുനോക്കിയന്ത്രത്തിലെയും സന്ദേശത്തിലെയും വരവേല്പിലെയും കഥാപാത്രങ്ങളുടെ ശക്തിയെപ്പറ്റി അവർ പറഞ്ഞു. നാടോടിക്കാറ്റിലെ ദാസനും വിജയനും കടന്നുവന്ന ജീവിതസാഹചര്യങ്ങളെപ്പറ്റി പറഞ്ഞു. വളച്ചുകെട്ടില്ലാത്ത സംഭാഷണങ്ങളെപ്പറ്റി പറഞ്ഞു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അധ്യാപികയുടെ നിരീക്ഷണമാണ്. എനിക്ക് അദ്‌ഭുതം തോന്നിയില്ല. അവർ പറഞ്ഞതൊക്കെ സത്യമാണെന്ന് എനിക്കും അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ശ്രീനിവാസനെ എന്നും ചേർത്തുനിർത്താൻ ഞാൻ ശ്രമിച്ചിട്ടുള്ളത്.

Sathyan Anthikkad post
Photo Credit: Sathyan Anthikkad / Facebook

ശ്രീനിവാസൻ ഒരേസമയം എന്റെ സുഹൃത്തും ഗുരുനാഥനുമായിരുന്നു. ശ്രീനിവാസനിൽനിന്ന് പഠിച്ച പാഠങ്ങൾ സ്വയം തിരക്കഥയെഴുതുമ്പോഴും മറ്റുള്ളവരുടെ തിരക്കഥകൾ സിനിമയാക്കുമ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. ആത്മാർഥതയില്ലാതെ ഒരു വാചകംപോലും ശ്രീനി എഴുതിയിട്ടില്ല. എഴുതാമെന്ന് സമ്മതിച്ച തിരക്കഥകളിൽനിന്നുപോലും തനിക്ക് പറ്റുന്നില്ലെന്ന്‌ തോന്നിയാൽ ഓടി രക്ഷപ്പെടാറുണ്ട്. അതെന്റെ അനുഭവംകൂടിയാണ്.
'കുടുംബപുരാണം' എന്ന സിനിമയുടെ ആദ്യത്തെ തിരക്കഥാകൃത്ത് ശ്രീനിവാസനായിരുന്നു. അന്ന് അഭിനയിക്കാനും എഴുതാനും വളരെയേറെ തിരക്കുകളൊന്നുമില്ലാത്ത കാലമാണ്. 'സംസാരം അത് മിൻസാരം' എന്ന തമിഴ് സിനിമയുടെ കഥയിൽനിന്നാണ് തിരക്കഥ രൂപപ്പെടുത്തേണ്ടത്. ശ്രീനിവാസൻ ആ സിനിമ കണ്ടിട്ടില്ല. ആശയം പറഞ്ഞപ്പോൾ ഇഷ്ടമായി എന്റെ കൂടെ വന്നതാണ്. കോഴിക്കോട്ട്‌ അളകാപുരി ഹോട്ടലിലെ കോട്ടേജിലിരുന്ന് ഞങ്ങളതിന്റെ ചർച്ചകൾ ആരംഭിച്ചു. ശ്രീനി കൂടെയുണ്ടാകുമ്പോൾ സ്‌ക്രിപ്റ്റിനെപ്പറ്റി എനിക്ക് പേടിയില്ല. പ്രൊഡ്യൂസറെ വിളിച്ച് ഷൂട്ടിങ് പ്ലാൻ ചെയ്തു.

ബാലചന്ദ്രമേനോനും തിലകനുമടക്കമുള്ള നടീനടന്മാരുടെ ഡെയ്‌റ്റൊക്കെ വാങ്ങി. ഷൂട്ടിങ്ങിനുള്ള സമയമാകാറായിട്ടും തിരക്കഥയെഴുത്ത് പുരോഗമിക്കുന്നില്ല. പത്തുപതിനഞ്ച് സീനുകൾക്കപ്പുറത്തേക്ക് കഥ വികസിക്കുന്നതേയില്ല. തമിഴ് സിനിമയുടെ കാസറ്റ് എന്റെ കൈയിലുണ്ട്. നമുക്കതൊന്ന് കണ്ടുനോക്കിയാലോ എന്ന് ഞാൻ ചോദിച്ചു. സിനിമ കണ്ടാൽ അത് വെറുമൊരു റീമേയ്‌ക്ക് ആയിപ്പോകുമോ എന്ന പേടിയുള്ളതുകൊണ്ടാണ് ശ്രീനിയത് കാണാതിരുന്നത്. പക്ഷേ, മറ്റുവഴികളൊന്നും തെളിയാത്തതുകൊണ്ട് പടം കാണാൻതന്നെ തീരുമാനിച്ചു. ഒരു സുഹൃത്തിന്റെ വീട്ടിൽപോയിരുന്ന് 'സംസാരം അത് മിൻസാരം' പൂർണമായി കണ്ടു. തിരിച്ചെത്തുമ്പോൾ രാത്രിയായി. ശ്രീനി ഒന്നും മിണ്ടുന്നില്ല. അറിയാവുന്ന കഥയായതുകൊണ്ട് ഞാനതിനെപ്പറ്റി വേവലാതിപ്പെട്ടുമില്ല. പിറ്റേന്ന് രാവിലെ ഞാനുണരുമ്പോൾ കാണുന്നത് ശ്രീനിവാസൻ കുളിച്ച് വേഷംമാറി പെട്ടി പാക്ക്‌ചെയ്യുന്നതാണ്.''എന്തുപറ്റി?'' എന്ന ചോദ്യത്തിന് മറുപടി പറയാതെ റിസപ്ഷനിൽ വിളിച്ച് തലശ്ശേരിക്ക് പോകാനൊരു കാർ വേണമെന്ന് പറയുന്നു. വീട്ടിലാർക്കെങ്കിലും എന്തെങ്കിലും പറ്റിക്കാണുമെന്ന് ഞാൻ സംശയിച്ചു.

തിരക്കിട്ട് കാറിൽ കയറുന്നതിന് മുൻപ്‌ ശ്രീനി പറഞ്ഞു:''ഈ കഥയിൽനിന്ന് ഞാൻ രക്ഷപ്പെടുകയാണ്. ജീവൻ വേണമെങ്കിൽ നിങ്ങളും രക്ഷപ്പെട്ടോ. ഇതിൽനിന്നൊരു സിനിമയുണ്ടാക്കാൻ പറ്റില്ല.''മറുപടിക്ക് കാത്തുനില്ക്കാതെ ശ്രീനി പോയി. ഞാൻ നടുക്കടലിലായി! ആ തമിഴ് സിനിമയുടെ കഥയിൽ നല്ലൊരു ആശയമുണ്ടെന്ന് എനിക്കപ്പോഴും തോന്നുന്നുണ്ടായിരുന്നു. പ്രൊഡ്യൂസറെ വിളിച്ച് ഷൂട്ടിങ് ഡെയ്‌റ്റൊക്കെ മാറ്റി ഞാൻ ലോഹിതദാസിനെ സമീപിച്ചു. നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു.കഥ കേട്ടപ്പോൾ ലോഹി പറഞ്ഞു: ''എനിക്കും ആ സിനിമ കാണണ്ട. സത്യൻ പറഞ്ഞ കഥയിൽനിന്ന് നമുക്കൊരു തിരക്കഥയുണ്ടാക്കാം. അതിനുള്ള മരുന്ന് ആ കഥയിലുണ്ട്.''ലോഹിതദാസ് അത് മനോഹരമായി എഴുതി. ശ്രീനിവാസനും അതിൽ നല്ലൊരു വേഷമുണ്ടായിരുന്നു. അഭിനയിക്കാൻ വന്നപ്പോൾ തിരക്കഥ ഞാൻ ശ്രീനിയുടെ കൈയിൽ കൊടുത്തു.''ലോഹി എഴുതിയപ്പോൾ ഇത് നന്നായി. എനിക്കത് പറ്റുന്നുണ്ടായിരുന്നില്ല. തർക്കിക്കാൻ നിന്നാൽ നിങ്ങളെന്നെ അവിടെ പിടിച്ചുനിർത്തും. അതുകൊണ്ടാണ് ഞാനന്ന് ആ കൊലച്ചതി ചെയ്തത്'' എന്നുപറഞ്ഞ് ശ്രീനി ചിരിച്ചു. തിരക്കഥയെഴുത്ത് ഒരു ജോലിയായി ശ്രീനി കണ്ടിട്ടില്ല. അനുഭവങ്ങളും അറിവുകളുമാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.

''നമുക്ക് കടക്കാർ ആരുമില്ലാത്ത എവിടേക്കെങ്കിലും പോകാം മോനേ'' എന്ന് 'സന്മനസ്സുള്ളവർക്ക് സമാധാന'ത്തിലെ അമ്മ പറയുമ്പോൾ നമ്മളറിയുന്നില്ല യഥാർഥ ജീവിതത്തിൽ ശ്രീനിയുടെ അമ്മ ശ്രീനിയോട് പറഞ്ഞ വാക്കുകളാണ് അതെന്ന്. ടി.പി. ബാലഗോപാലൻ എം.എ. എന്ന സിനിമ മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. അത് എഴുതാൻ വന്നപ്പോൾ ശ്രീനി എന്നോട് ആദ്യം പറഞ്ഞത്, ''ഞാനൊരു എഴുത്തുകാരനൊന്നുമല്ല. നിങ്ങളാഗ്രഹിക്കുന്നതുപോലെ എനിക്കെഴുതാൻ കഴിയുമെന്നും തോന്നുന്നില്ല. ഒന്ന് ശ്രമിച്ചുനോക്കാം'' എന്നാണ്.
ആ ശ്രമം സിനിമാജീവിതത്തിൽ എനിക്കൊരു വഴിത്തിരിവായി എന്നത് ചരിത്രം. ബാലഗോപാലൻ തൊട്ടാണ് സിനിമയിൽ എന്റെ ദിശ ഏതാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഒരുപോലെ ചിന്തിക്കുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന രണ്ടുപേരുടെ കൂടിച്ചേരലായിരുന്നു അത്. ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതസാഹചര്യങ്ങൾ ഏകദേശം ഒരുപോലെയായിരുന്നു. ഇടത്തരക്കാരുടെ പ്രശ്നങ്ങൾ നർമത്തിന്റെ കണ്ണിലൂടെയാണ് രണ്ടുപേരും കണ്ടിരുന്നത്.

എത്ര തീവ്രമായ വിഷയമായാലും അതിനെ നർമംകൊണ്ട് പൊതിയാനായിരുന്നു ഞങ്ങൾക്ക് താത്‌പര്യം. വരവേൽപ്പും സന്ദേശവുമൊക്കെ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളാണ്. ശ്രീനിവാസൻ അതിനെ തമാശയുടെ ചരടിൽ കോർത്താണ് തിരക്കഥയാക്കി രൂപപ്പെടുത്തിയത്. ചില രംഗങ്ങൾ മനസ്സിൽ തെളിഞ്ഞാൽ കടലാസിലേക്ക് പകർത്തുംമുൻപ്‌ പരസ്പരം പറഞ്ഞും വിശദീകരിച്ചും ഞങ്ങൾതന്നെ ആർത്തുചിരിക്കും. അങ്ങനെ ആസ്വദിച്ചുണ്ടാക്കുന്ന രംഗങ്ങൾ പത്തിരട്ടി ചിരിയോടെ പ്രേക്ഷകർ ഏറ്റെടുക്കും.
'ഗാന്ധിനഗർ സെക്കൻഡ്‌ സ്ട്രീറ്റിൽ' ഗൂർഖ കള്ളനെ പിടിച്ചുവെന്നുകാണിക്കാൻ ശ്രീനിവാസൻതന്നെ കള്ളനായി വേഷമിട്ടുവരുന്ന രംഗമുണ്ട്. എഴുതുന്നതിന് മുൻപുതന്നെ ആ സീൻ മനസ്സിൽകണ്ട് മദ്രാസിലെ ഹോട്ടലിൽ ഞങ്ങൾ ചിരിച്ചുമറിഞ്ഞു. അതുകണ്ടുകൊണ്ട് സംവിധായകൻ ജി. അരവിന്ദൻ മുറിയിലേക്ക് വന്നു. ''രണ്ടാൾക്കും വട്ടായിപ്പോയോ?'' എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. ശ്രീനി വിശദമായി ആ രംഗം പറഞ്ഞുകൊടുത്തപ്പോൾ പൊതുവേ മൗനിയാണെന്ന് എല്ലാവരും പറയാറുള്ള അരവിന്ദേട്ടൻ ചിരിച്ചുചിരിച്ച് അത് നിർത്താൻ പാടുപെടുന്നത് ഇപ്പോഴും ഓർമ്മയുണ്ട്.'നാടോടിക്കാറ്റാ'ണ് ശ്രീനിവാസൻ ഏറ്റവുംകൂടുതൽ സമയമെടുത്ത് എഴുതിയ തിരക്കഥ. ഏകദേശം ഒരുവർഷത്തോളം ഞങ്ങളാ കഥ ചർച്ചചെയ്ത് കേരളം മുഴുവൻ അലഞ്ഞിട്ടുണ്ട്.

ശ്രീനിയുടെ മറ്റൊരു മുഖവുംകൂടി ഞാൻ കണ്ടിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനുവേണ്ടി തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ താമസിക്കുകയാണ് ഞങ്ങൾ. ഒരുദിവസം ഷൂട്ടിങ് കഴിഞ്ഞ് മുറിയിൽ എത്തിയപ്പോൾ ശ്രീനിവാസൻ ഒരു കത്തും കൈയിൽ പിടിച്ച് ഇരിക്കുകയാണ്.വീട്ടിലെ വിലാസത്തിൽ വരുന്ന കത്തുകളെല്ലാം എടുത്തുകൊണ്ടുവന്ന് സമയം കിട്ടുമ്പോൾ ഓരോന്നായി വായിക്കുകയാണ് പതിവ്. അങ്ങനെ വന്ന ഒരു കത്താണ്''ഇതൊന്ന് വായിച്ചുനോക്കൂ'' എന്നുംപറഞ്ഞ് കത്ത് എന്റെ കൈയിൽത്തന്നു. ശ്രീനിക്ക് നേരിട്ടു പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ ഡൽഹിയിൽനിന്ന് എഴുതിയ കത്താണ്. ഞാനത് വായിച്ചുതുടങ്ങിയപ്പോൾ ശ്രീനി പറഞ്ഞു- ''വേണ്ട ഞാൻ വായിച്ചുകേൾപ്പിക്കാം.''പിന്നെ ശ്രീനിയത് വായിക്കാൻ തുടങ്ങി. നെഞ്ചുലയ്ക്കുന്ന കത്തായിരുന്നു അത്. ഒരാൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളാണ്. വായിച്ചുവായിച്ച് ഒരു ഘട്ടമെത്തിയപ്പോൾ ശ്രീനി ഏങ്ങിയേങ്ങി ക്കരഞ്ഞു. അതുകണ്ട് എന്റെ കണ്ണും നിറഞ്ഞു.
കരയാൻ കഴിയുന്നത് വലിയൊരു അനുഗ്രഹമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. മാലിന്യമില്ലാത്ത മനസ്സിൽനിന്നേ കണ്ണീരിന്റെ ഉറവ ഒഴികിവരൂ. നിർമലമായ മനസ്സാണ് ശ്രീനിയുടെത്. മലയാളികളെ മുഴുവൻ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇടയ്ക്കൊക്കെ കരയിക്കാനും ശ്രീനിക്ക് കഴിഞ്ഞത് അങ്ങനെയൊരു മനസ്സുള്ളതുകൊണ്ടാണ്. ശ്രീനിവാസൻ ഇനിയില്ല. അതൊരു സത്യമാണ്. പക്ഷേ, ആ സത്യം പൂർണമായി ഉൾക്കൊള്ളാൻ എനിക്കിപ്പോഴും കഴിയുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

More from Filmibeat

Read more about: sreenivasan sathyan anthikkad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X