ഫ്ലാസ്കിൽ മദ്യം, താരപദവി പോയപ്പോൾ സാവിത്രി സെറ്റിൽ നേരിട്ടത്; മറക്കാനാകാത്ത വീഴ്ചയെക്കുറിച്ച് കുട്ടി പത്മിനി
അഭിനേതാക്കളുടെ താരപദവി മുൾക്കിരീടം പോലെയാണെന്ന് പറയുന്നത് വെറുതെയല്ല. താരമൂല്യത്തിൽ ഇടിവ് വന്നെന്ന് കണ്ടാൽ ചവിട്ടി താഴ്ത്താൻ ചിലപ്പോൾ ചുറ്റുമുള്ളവർ പോലുമുണ്ടാകും. അത്രയധികം സമ്മർദ്ദം നേരിടുന്നവരാണ് സൂപ്പർതാരങ്ങൾ. ഒരു വെള്ളിയാഴ്ച കൊണ്ട് മാറി മറിഞ്ഞ ജീവിതം താഴ്ചയിലേക്ക് പോകാൻ മറ്റൊരു വെള്ളിയാഴ്ച മതി എന്ന് സിനിമാക്കാർ പറയാറുണ്ട്. ഇതിന് ഉദാഹരണങ്ങൾ നിരവധിയാണ്. നായിക നടിമാർക്ക് സിനിമാ ലോകത്ത് ഏറ്റവും വലിയ പാഠമാണ് അന്തരിച്ച പ്രഗൽഭ നടി സാവിത്രിയുടെ ജീവിതം.
തെന്നിന്ത്യൻ സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത നായിക നടിയായിരുന്നു ഒരു കാലത്ത് സാവിത്രി. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സാവിത്രിക്ക് ശ്രദ്ധേയ വേഷങ്ങൾ തുടരെ ലഭിച്ചു. സ്വാഭാവിക അഭിനയം കൊണ്ട് കയ്യടി നേടിയ സാവിത്രിക്ക് ബഹുമാന്യ സ്ഥാനം സിനിമാ ലോകം നൽകി. പേരും പ്രശ്സതിയും നേടിയ സാവിത്രി ആന്ധ്രയിൽ ബംഗ്ലാവുകൾ പണിതു.

ആഡംബര ജീവിതമാണ് സാവിത്രി നയിച്ചത്. എന്നാൽ സാവിത്രിയുടെ ജീവിതത്തിൽ പിന്നീട് പല പ്രതിസന്ധിഘട്ടങ്ങളുമുണ്ടായി. ഭർത്താവ് നടൻ ജെമിനി ഗണേശനുമായി അകന്നതോടെ സാവിത്രി മാനസികമായി തകർന്നു. ഇതോടെ മദ്യത്തിൽ അഭയം തേടി. കടുത്ത മദ്യപാനിയായി മാറിയ സാവിത്രിയുടെ കരിയർ നശിച്ചു. അവസാന കാലം കഷ്ടതകൾ നിറഞ്ഞതായിരുന്നു.
താരപദവി പോയതോടെ സാവിത്രിയോട് സിനിമാ ലോകവും മുഖം തിരിക്കാൻ തുടങ്ങി. ഒരിക്കൽ നടി കുട്ടി പത്മിനി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 'സാവിത്രിയമ്മ പ്രശ്സതയായിരുന്നപ്പോൾ ലഭിച്ച മര്യാദ എനിക്കറിയാം. അതേ സാവിത്രിയമ്മ അഭിനയിച്ചാലേ കുടുംബം നടത്താനാകൂ എന്ന നിലയിൽ എത്തിയപ്പോൾ ഒരു തെലുങ്ക് പടത്തിൽ അഭിനയിച്ചപ്പോഴുള്ള സ്ഥിതിയും എനിക്കറിയാം. ആ സിനിമയിൽ സാവിത്രിയമ്മയുടെ മകളായാണ് ഞാൻ അഭിനയിച്ചത്'
'രണ്ടാമതൊരു ടേക്ക് ചോദിക്കാൻ പോലും അവർ മടിച്ചു. ബഹുമാനം കൊടുത്തില്ലെന്ന് പറയാനാകില്ല. എന്നാലും പഴയ ബഹുമാനം ഇല്ലായിരുന്നു' കുട്ടി പത്മിനി പറഞ്ഞതിങ്ങനെ. സാവിത്രിയെക്കുറിച്ച് ഒന്നിലേറെ തവണ കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. താര റാണിയായിരുന്ന കാലത്ത് ഒരുപാട് ആഭരണങ്ങൾ സാവിത്രിക്കുണ്ടായിരുന്നു. പല തരത്തിലുള്ള ആഭരണങ്ങൾ അവർ പണികഴിപ്പിച്ചു. അക്കാലത്തെ നടിമാർ ഒരുപാട് സമ്പാദിച്ചെങ്കിലും പുറത്തേക്ക് കാണിക്കുമായിരുന്നില്ല. എന്നാൽ സാവിത്രി അതാെന്നും കാര്യമാക്കിയില്ല.

ഇൻകം ടാക്സ് വെട്ടിപ്പെന്ന് പറഞ്ഞ് ഒരുപാട് പണം അവർക്ക് നഷ്ടമായി. മകളുടെ കല്യാണത്തിന്റെ സമയത്ത് അവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് വന്നു. കുറച്ച് ആഭരണങ്ങളേ കൊടുക്കാൻ കഴിഞ്ഞുള്ളൂ. സാവിത്രിയമ്മയുടെ കഴുത്തിൽ ഒരു നെക്ലേസ് പോലും ഉണ്ടായിരുന്നില്ലെന്നും കുട്ടി പത്മിനി ഓർത്തു.
അക്ക ഫ്ലാസ്കിൽ മദ്യം മിക്സ് ചെയ്ത് കൊണ്ട് വരുമായിരുന്നു. സ്പോട്ടിൽ വെച്ച് കുടിക്കും. വളരെ നന്നായി അഭിനയിച്ചു. പക്ഷെ ഓരോ ഷോട്ടിനും പിടിച്ച് കൊണ്ട് വരണം. അതെല്ലാം കണ്ടപ്പോൾ വളരെ വിഷമം തോന്നിയെന്നും ഒരിക്കൽ കുട്ടി പത്മിനി പറയുകയുണ്ടായി. ജീവിതം അവർ വെറുത്ത് പോയിരുന്നു. പിന്നീടവർ കോമയിലായി. ആർക്കും രക്ഷപ്പെടുത്താൻ അവസ്ഥയിലായിരുന്നു സാവിത്രിയെന്നും കുട്ടി പത്മിനി പറഞ്ഞു. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ് മഹാനടി. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായെത്തിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഈ സിനിമയിലൂടെ സാവിത്രിക്ക് ലഭിച്ചു. എന്നാൽ സിനിമയിൽ ജെമിനി ഗണേശനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് നടന്റെ ബന്ധുക്കൾ അന്ന് രംഗത്ത് വന്നു. ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായിരുന്നു സാവിത്രി.


Click it and Unblock the Notifications











