ആ നടിയിൽ ഭർത്താവ് മയങ്ങുമെന്ന് സാവിത്രി ഭയന്നു; സെറ്റിൽ വെച്ച് കണ്ട കാഴ്ച, വലിയ വഴക്കായി; അന്ന് നടന്നത്
സിനിമാ ലോകത്ത് എപ്പോഴും പറഞ്ഞ് കേൾക്കുന്ന ജീവിത കഥയാണ് അന്തരിച്ച നടി സാവിത്രിയുടേത്. പേരിലും പ്രശസ്തിയിലും സ്വയം മറക്കുന്ന താരങ്ങൾക്ക് സാവിത്രിയുടെ ജീവിതം എന്നും വലിയ പാഠമാണ്. പകരം വെക്കാനില്ലാത്ത താര റാണിയായിരുന്ന സാവിത്രി രാജകീയ ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ നടിയുടെ അവസാന നാളുകൾ കഷ്ടതകൾ നിറഞ്ഞതായിരുന്നു. സാമ്പത്തികമായി തകർന്ന സാവിത്രിയുടെ താരമൂല്യവും നഷ്ടപ്പെട്ടു. നടൻ ജെമിനി ഗണേശനായിരുന്നു സാവിത്രിയുടെ ഭർത്താവ്. നടന്റെ രണ്ടാം ഭാര്യയായിരുന്നു സാവിത്രി. ഇരുവർക്കും രണ്ട് മക്കളും ജനിച്ചു.
വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ വന്നതോടെ സാവിത്രി നിരാശയിലായി. മദ്യത്തെ ആശ്രയിച്ച നടിയുടെ ജീവിതത്തിന്റെ താളം തെറ്റാൻ തുടങ്ങി. സാവിത്രിയുടെ ജീവിതം അടുത്ത് നിന്ന് കണ്ടയാളാണ് നടി കുട്ടി പത്മിനി. കുട്ടി പത്മിനിയുടെ കുട്ടിക്കാലത്ത് സാവിത്രി താര റാണിയായിരുന്നു. സാവിത്രിയെക്കുറിച്ച് കുട്ടി പത്മിനി മുമ്പൊരിക്കൽ പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ നല്ല മനസിനുടമയായിരുന്നു സാവിത്രിയെന്ന് കുട്ടി പത്മിനി അന്ന് പറയുകയുണ്ടായി.
ജെമിനി അങ്കിളുടെ ആദ്യ ഭാര്യയിലെ മകൾ രേവതി കല്യാണത്തിന് വെെരത്തിന്റെ നെക്ലേസ് വേണമെന്ന് പറഞ്ഞു. ജെമിനി അങ്കിൾ അന്ന് സാമ്പത്തികമായ കുറച്ച് ബുദ്ധിമുട്ടിലാണ്. കടം വാങ്ങുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. പെട്ടെന്ന് വെെരത്തിന്റെ നെക്ലേസ് വേണമെന്ന് മകൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഷോക്കായി. നിങ്ങളെന്തിനാണ് വിഷമിക്കുന്നത്, അതും എന്റെ പെൺകുട്ടിയല്ലേ എന്ന് പറഞ്ഞ് കഴുത്തിലുള്ള വെെര നെക്ലേസ് അഴിച്ച് കൊടുത്തു. അങ്ങനെയുള്ള നല്ല ഗുണങ്ങൾ സാവിത്രിയക്കയ്ക്കുണ്ടായിരുന്നു.
ജെമിനി ഗണേശന്റെ ആദ്യ ഭാര്യയാണ് തനിക്ക് ജീവിതം നൽകിയത്. അവർക്ക് വേണ്ടി ഇതെങ്കിലും ചെയ്യണം എന്ന് സാവിത്രിയക്ക കരുതി. ജെമിനി അങ്കിൾ മറ്റ് നായികമാർക്കൊപ്പം അഭിനയിക്കുമ്പോൾ സാവിത്രിയക്കയ്ക്ക് വല്ലാതെ അസൂയയുമ പൊസസീവ്നെസും തോന്നുമായിരുന്നു. ഓഹോ എന്തൻ ബേബി എന്നൊരു ഗാന രംഗം കശ്മീരിലാണ് ഷൂട്ട് ചെയ്യുന്നത്. സാവിത്രിയക്കയും ഷൂട്ടിന് പോയിരുന്നു. കാരണം അവർക്ക് പേടി തോന്നി. ജെമിനി അങ്കിളിനൊപ്പം അഭിനയിക്കുന്ന വെെജയന്തി വളരെ ഭംഗിയുള്ള നടിയാണ്.

വളരെ സ്ലിം ആണ്. നന്നായി ഡാൻസ് ചെയ്യും. ജെമിനി അങ്കിൾ അവരെ പ്രശംസിക്കാറുണ്ടായിരുന്നു. സാവിത്രിയക്കയ്ക്ക് ഉള്ളിൽ ദേഷ്യം തോന്നും. ഷൂട്ടിനിടെ വെെജയന്തിയുടെ കാൽ ജെമിനി അങ്കിളിന്റെ മേൽ വെച്ചു. റൂമിൽ വന്ന് സാവിത്രിയക്ക വലിയ വഴക്കുണ്ടാക്കി. ജെമിനി അങ്കിൾ മദ്യപിച്ചാലും നിയന്ത്രണം വെച്ചിരുന്നു. സാവിത്രിയക്കയും ജെമിനി അങ്കിളും മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. റഷ്യയിൽ വെച്ചാണ് സാവിത്രിയക്ക ആദ്യമായി മദ്യപിച്ചതെന്ന് കേട്ടിട്ടുണ്ട്. ഒരു സ്ത്രീ കുടിക്കുന്നുണ്ടെങ്കിൽ അതിന് ഭർത്താവ് മാത്രമാണ് കാരണം എന്ന് ഞാൻ പറയില്ല. സാവിത്രിയക്കയുടെ കൂടെ അഭിനയിക്കണമെന്ന് എല്ലാ നടൻമാരും ആഗ്രഹിച്ചിരുന്നു.
എല്ലാവർക്കും അവരെ ഇഷ്ടമായിരുന്നു. നടികർതിലകം പട്ടം സാവിത്രിയക്ക് ലഭിച്ചപ്പോൾ പല നടിമാർക്കും അത് ഇഷ്‌ടപ്പെട്ടില്ല. തന്റെ വീടിനടുത്തുള്ള സ്ഥലം സാവിത്രിയക്ക വാങ്ങി. ഒരേ പോലെത്തെ മൂന്ന് വീടുകൾ വെച്ചു. മകൾ ചാമുണ്ഡേശ്വരിയുടെ പേരിൽ രജിസ്റ്റർ ചെയ്തു. കൊടെെക്കനാലിലെ വീട് മകൻ സതീഷിന്റെ പേരിലുമാക്കി. ഇതിനിടെ ജെമിനി അങ്കിളുമായി ചെറിയ പ്രശ്നങ്ങൾ വന്ന് തുടങ്ങി. അതിന് കാരണമായി പലരും പലതും പറയുന്നുണ്ട്. ജെമിനി അങ്കിളിന് മറ്റേതെങ്കിലും സ്ത്രീകളുമായി ബന്ധമുണ്ടായതായിരിക്കാം കാരണമെന്ന് എനിക്ക് തോന്നുന്നു.
സാവിത്രിയക്കയ്ക്ക് അന്ന് ഒരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ട്. ലേഡീസ് ക്ലബ് ആ കാലത്ത് വളരെ പോപ്പുലറാണ്. അക്ക ചെറിയ ഗ്രാമത്തിൽ നിന്ന് വന്നതിനാൽ ലേഡീസ് ക്ലബും ആഡംബര ജീവിതവുമെല്ലാം വളരെ ഇഷ്ടമായി. സ്ത്രീ സുഹൃത്തുക്കൾ പറഞ്ഞത് കേട്ട് സാവിത്രിയക്ക ഒരു സിനിമ സംവിധാനം ചെയ്തു. ജെമിനി അങ്കിൾ എതിർത്തു. സിനിമയെടുക്കുന്ന് നമ്മുടെ കുടുംബത്തിൽ നന്നായി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അപ്പോഴേക്കും അവർക്കിടയിൽ പ്രശ്നങ്ങൾ വന്നിരുന്നു. സാവിത്രിയക്ക അദ്ദേഹം പറഞ്ഞത് കേട്ടില്ല. മദ്യപാനവും തുടങ്ങി. ഒരു ദിവസം ജെമിനി അങ്കിൾ എന്റെ വീട്ടിൽ വന്നു. ടെൻഷനിലായിരുന്നു.
സാവിത്രി ഞാൻ പറഞ്ഞതൊന്നും കേൾക്കുന്നില്ല, സിനിമയെടുക്കുകയാണെന്ന് എന്റെ അമ്മയോട് പറഞ്ഞു. അമ്മ സാവിത്രിയോട് സംസാരിച്ചു. എന്നാൽ സാവിത്രിയക്ക ആര് പറഞ്ഞാലും കേൾക്കുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല. നാല് ദിവസം സാവിത്രിയക്ക സംവിധാനം ചെയ്തു. ഒരു സിനിമയും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഇതിനിടെ അവരുടെ അമ്മ മരിച്ചു. ജെമിനി അങ്കിൾ അടുത്തില്ല. ഇതാണ് അവസരമെന്ന് മനസിലാക്കി സാവിത്രിയക്കയുടെ പെരിയമ്മയും പെരിയപ്പയും അവരുടെ കൂടെ കൂടി. ജെമിനി അങ്കിളിൽ നിന്നും സാവിത്രിയക്കയെ അകറ്റി. ഇതിനിടെ ആദായനികുതി പരിശോധനകൾ സാവിത്രിക്ക് കുരുക്കായെന്നും കുട്ടി പത്മിനി പറയുന്നു.

ജെമിനി അങ്കിളുണ്ടായിരുന്നപ്പോൾ അതെല്ലാം നോക്കുമായിരുന്നു. എന്നാൽ അദ്ദേഹം പോയ ശേഷം സാവിത്രിയക്ക വീട്ടിൽ പണവും ആഭരണങ്ങളും സൂക്ഷിക്കാൻ തുടങ്ങി. ഇൻകം ടാക്സ് പ്രശ്നങ്ങൾ അവരെ ബാധിച്ചു. മുന്തിയ ഇനം ആഭരണങ്ങൾ സാവിത്രിയക്കയ്ക്കുണ്ടായിരുന്നു. അതിലെല്ലാം വലിയ അഭിരുചിയുള്ള ആളാണ്. അക്കാലത്ത് സ്വർണത്തിന്റെ പാദസ്വരം അവർ വാങ്ങി. അത് മാത്രം സ്വർണത്തിന്റേത് വാങ്ങരുതെന്ന് എന്റെ അമ്മ അവരോട് പറഞ്ഞതാണ്. നിങ്ങൾ മിണ്ടാതിരിക്കെന്ന് സാവിത്രിയക്ക മറുപടി നൽകി. സ്നേഹത്തോടെ പറയുന്നതാണ്. അപമാനിച്ച് കൊണ്ട് പറഞ്ഞതല്ല. പക്ഷെ സ്വർണത്തിന്റെ കൊലുസ് ഇടരുതെന്ന വിശ്വാസമുണ്ട്. അത് സാവിത്രിയക്ക കാര്യമാക്കിയിരുന്നില്ല.
ബന്ധുവായ ഒരാൾക്കാണ് മകളെ സാവിത്രിയക്ക വിവാഹം ചെയ്ത് നൽകിയത്. ആ സമയമായപ്പോഴേക്കും അവർ വല്ലാതെ സാമ്പത്തിക ഞെരുക്കത്തിലായി. മകൾക്ക് കുറച്ച് സ്വർണമേ അണിയിക്കാനായുള്ളൂ. അക്കയുടെ കഴുത്തിൽ ഒരു നെക്വലേസ് പോലുമില്ല. ഈയടുത്താണ് ആ വീഡിയോ ഞാൻ കണ്ടത്. കണ്ടയുടനെ കണ്ണ് കലങ്ങി. കാരണം മംഗള കർമങ്ങൾക്ക് അവർ എപ്പോഴും ആഭരണങ്ങൾ ധരിക്കാറുണ്ടായിരുന്നു. മദ്യപാനവും സിനിമകളുടെ പരാജയവും കാരണം പിന്നീട് സാവിത്രി സാമ്പത്തികമായ തകർന്നെന്നും കുട്ടി പത്മിനി അന്ന് തുറന്ന് പറഞ്ഞു.
സാവത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മഹാനടി. നടി കീർത്തി സുരേഷാണ് സാവിത്രിയായി മഹാനടിയിലെത്തിയത്. മികച്ച പ്രകടനം കാഴ്ച വെച്ച കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഈ സിനിമയിലൂടെ നേടി. അതേസമയം ഈ സിനിമ വിവാദത്തിലുമായിരുന്നു. മഹാനടിയിൽ ജെമിനി ഗണേശനെ മോശമായി കാണിച്ചെന്ന് ആരോപിച്ച് നടന്റെ ആദ്യ വിവാഹ ബന്ധത്തിലെ മകൾ കമല സെൽവരാജ് അന്ന് രംഗത്തെത്തി.
സാവിത്രിയുടെ മരണ ശേഷം ഇളയ മകനെ വളർത്തിയത് ജെമിനി ഗണേശന്റെ ആദ്യ ഭാര്യയാണ്. സാവിത്രിയുമായി ഇവർക്ക് പ്രശ്നമുണ്ടായിരുന്നില്ല. തന്റെ അച്ഛനെ മോശമായാണ് സിനിമയിൽ കാണിച്ചതെന്ന് കമല സെൽവരാജ് പറഞ്ഞു. എന്നാൽ സാവിത്രിയുടെ ജീവിതം തകർന്നതിൽ പ്രധാന കാരണക്കാരൻ ജെമിനി ഗണേശാണെന്ന് പരക്കെ അഭിപ്രായം വന്നു. ജെമിനി ഗണേശൻ മറ്റൊരു സ്ത്രീയുമായി അടുത്തതോടെയാണ് സാവിത്രി നടനിൽ നിന്നും അകന്നത്.


Click it and Unblock the Notifications











