രാഞ്ജിയെ പോലെ കണ്ടവർ; താരമൂല്യം പോയപ്പോഴുള്ള പെരുമാറ്റം; പ്രൊഡക്ഷൻ ബോയ്സ് പോലും അവഗണിച്ചു; നടൻ
സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് സാവിത്രി. ഒരു കാലത്ത് തെലുങ്ക്, തമിഴ് സിനിമാ ലോകത്തെ താര റാണിയായിരുന്ന സാവിത്രിയുടെ ജീവിതം നാടകീയമായാണ് പലപ്പോഴും മുന്നോട്ട് പോയത്. നടിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പിൽക്കാലത്ത് പല സിനിമാ താരങ്ങൾക്കും പാഠമായിട്ടുണ്ട്. വിവാഹ ബന്ധം തകർന്നത് സാവിത്രിയെ മാനസികമായി ഏറെ ബാധിച്ചു. പിന്നീട് മദ്യത്തിൽ അഭിയം തേടി. കടുത്ത മദ്യപാനിയായി മാറി. ഇത് സാവിത്രിയുടെ കരിയർ തകർത്തു.
ഒരുകാലത്ത് രാഞ്ജിയെ പോലെ കണ്ട സാവിത്രിയെ വീഴ്ച വന്നപ്പോൾ സിനിമാ ലോകം തഴഞ്ഞു. അർഹമായ പരിഗണന പോലും പലപ്പോഴും സാവിത്രിക്ക് സെറ്റുകളിൽ ലഭിച്ചില്ല. സ്വത്തുക്കൾ നഷ്ടപ്പെട്ട നടി മോശം സാഹചര്യത്തിലാണ് ജീവിച്ചതും. ഇതേക്കുറിച്ച് മുമ്പൊരിക്കൽ നടൻ ഗുമ്മഡി നാഗേശ്വര റാവു സംസാരിച്ചിട്ടുണ്ട്.

അവസാന കാലത്ത് സാവിത്രി ഗാരേജിലായിരുന്നു കഴിഞ്ഞതെന്ന് ഇദ്ദേഹം പറഞ്ഞു. സാവിത്രിയുടെ ജീവിതം എല്ലാവർക്കും പാഠമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. സാവിത്രിക്ക് കാഴ്ചയിൽ മാറ്റങ്ങൾ വന്നപ്പോൾ അവസരം കുറഞ്ഞു. ചില സിനിമകളിൽ അമ്മ വേഷം ചെയ്തിട്ടുണ്ട്. താരമൂല്യം ഇല്ലാതായപ്പോൾ പ്രൊഡക്ഷൻ ബോയ്സ് പോലും സാവിത്രിയെ പരിഗണിച്ചില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
ഒരുമിച്ചുള്ള സിനിമയിൽ സാവിത്രി ഒരു പാവപ്പെട്ട സ്ത്രീയുടെ വേഷമാണ് ചെയ്തത്. ഉച്ചയ്ക്ക് യൂണിറ്റിലെ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി. പൊതുവെ ആർട്ടിസ്റ്റുകൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം വരും. വരാത്തവർക്ക് പ്രൊഡക്ഷൻസ് സ്റ്റാഫ് ഭക്ഷണം ഏർപ്പാടാക്കും, എന്നാൽ അന്ന് അന്ന് സാവിത്രിക്ക് ഭക്ഷണം എത്തിയില്ല. പ്രൊഡക്ഷൻ സ്റ്റാഫ് നൽകിയതുമില്ല.

സാവിത്രി ഒറ്റയ്ക്ക് ഇരിക്കവെ ഞാൻ ഭക്ഷണം കഴിക്കാൻ വിളിച്ചു. വേണ്ടെന്ന് സാവിത്രി പറഞ്ഞു. വന്നില്ലെങ്കിൽ ഞാനും കഴിക്കില്ലെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു. അന്ന് സാവിത്രിയുടെ കണ്ണുകൾ ഈറനണിഞ്ഞെന്നും ഗുമ്മഡി നാഗേവശ്വര റാവു ഓർത്തു.അന്തരിച്ച നടൻ ജെമിനി ഗണേശനായിരുന്നു സാവിത്രിയുടെ ഭർത്താവ്. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്നു സാവിത്രി.
വിവാഹ ശേഷം ജെമിനി ഗണേശൻ വീണ്ടും മറ്റ് ബന്ധങ്ങളിലേക്ക് കടന്നതോടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായത്. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ മഹാനടി. ചിത്രത്തിലെ പ്രകടനത്തിന് നടി കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഈ സിനിമയ്ക്ക് ശേഷമാണ് സാവിത്രിയുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ പേർ അറിയുന്നത്.
സിനിമയ്ക്കെതിരെ ജെമിനി ഗണേശന്റെ കുടുംബം രംഗത്ത് വന്നിരുന്നു. അച്ഛനെ സിനിമ അപകീർത്തിപ്പെടുത്തിയെന്ന് നടന്റെ ആദ്യ ഭാര്യയിലെ മകൾ ആരോപിച്ചു. സാവിത്രിയെ മദ്യപാന ശീലം പഠിപ്പിച്ചത് ജെമിനി ഗണേശനാണെന്ന് സിനിമയിൽ കാണിക്കുന്നുണ്ട്. ഇത് തെറ്റാണെന്നും ഇവർ വാദിച്ചു. രണ്ട് മക്കളാണ് സാവിത്രിക്കും ജെമിനി ഗണേശനുമുള്ളത്. മകൾ വിജയ ചാമുണ്ഡേശ്വരിയുടെ സമ്മതത്തോടെയാണ് ബയോപിക് എടുത്തത്.


Click it and Unblock the Notifications











