'ഷാൾ ധരിച്ചില്ലെങ്കിൽ ദിവ്യ കുട്ടി ഷാൾ എവിടെയെന്ന് ചോദിച്ചിരുന്നയാളാണ് വിനീത്, ഇവൻ പണ്ട് ഷോവനിസ്റ്റായിരുന്നു'
വർഷങ്ങൾക്കുശേഷം സിനിമയുടെ റിലീസിനുശേഷം അഭിനയത്തിനാണ് വിനീത് ശ്രീനിവാസൻ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഒരു ജാതി ജാതകം എന്ന സിനിമയാണ് വിനീതിന്റേതായി റിലീസിന് എത്തുന്ന ഏറ്റവും പുതിയ സിനിമ. റൊമാന്റിക് കോമഡി എന്റർടെയ്നറായ സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. വിവാഹിതനാകാൻ ആഗ്രഹിച്ച്, മോഹിച്ച് നടക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നത്. ബാബു ആന്റണി, ഗായകൻ വിധു പ്രതാപ് എന്നിവരെയും രസികൻ വേഷപ്പകർച്ചകളിൽ ട്രെയിലറിൽ കാണാം.
ചിത്രത്തിൽ എട്ട് നായികമാരാണുള്ളത്. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിനീതിന്റെ അമ്മാവനാണ് എം.മോഹനൻ. ബന്ധുവായ രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിനീതും എം. മോഹനനും രാകേഷും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖമാണിപ്പോൾ ശ്രദ്ധനേടുന്നത്.

വിനീതിന്റെ പ്രണയകാലത്തെ കുറിച്ച് രാകേഷ് പറഞ്ഞ കാര്യങ്ങൾ വൈറലാണ്. പ്രണയിച്ചിരുന്ന കാലത്ത് വിനീത് ഒരു ഷോവനിസ്റ്റായിരുന്നുവെന്നും അത് താൻ കണ്ടിട്ടുള്ളതാണെന്നും രാകേഷ് പറഞ്ഞു. നോർമൽ സിനിമയും പോൺ സിനിമയുമൊക്കെ കണ്ടിട്ട് പെൺകുട്ടികൾ അങ്ങനെ ആയിരിക്കണം... ഭാര്യ ഇങ്ങനെയായിരിക്കണം എന്നൊക്കെ ഒരുപാട് കണ്ടീഷൻസുള്ള കുറച്ച് സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു.
ശാരീരികമായ അളവുകോലുകൾ വെച്ചാണ് അവർ പറയുന്നത്. അല്ലാതെ ക്വാളിറ്റിയൊന്നും അവർ നോക്കാറില്ല. ഇതിന് പുറമെ ഫാമിലി വെക്കുന്ന കണ്ടീഷൻസ് വേറെയുമുണ്ടാകും. കെട്ടാൻ പോകുന്ന പെണ്ണിന് അനിയത്തിമാരുണ്ടാകരുതെന്ന നിർബന്ധം ചില ആണുങ്ങളുടെ വീട്ടുകാർക്ക് ഉണ്ടായിരുന്നു. അല്ലെങ്കിൽ കെട്ടി കഴിഞ്ഞാൽ അനിയത്തിമാരുടെ ഉത്തരവാദിത്വം കൂടി നോക്കേണ്ടി വരുമല്ലോ.
ഇങ്ങനെയുള്ള ചിന്താഗതിയുള്ള ഒരുപാട് പുരുഷന്മാരെ ഞാൻ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള കഥകളിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. വിനീത് പണ്ടൊരു പ്രണയഭിക്ഷുകനായിരുന്നു. വിനീത് ഇപ്പോൾ അടിപൊളിയാണ്. ചെറുപ്പത്തിൽ ഇവൻ ഷോവനിസ്റ്റായിരുന്നു. വിനീതും ദിവ്യയും പ്രണയത്തിലായിരുന്ന സമയത്ത് ദിവ്യ ഷാൾ ധരിച്ച് വന്നില്ലെങ്കിൽ ദിവ്യ കുട്ടി ഷാൾ എവിടെയെന്നൊക്കെ ചോദിച്ചിരുന്നയാളാണ്.
പിന്നീട് കല്യാണം കഴിഞ്ഞപ്പോൾ ഇവൻ ഭയങ്കര പ്രോഗ്രസീവായി. ഇപ്പോൾ അടിപൊളിയാണ്. വിനീതിന്റെ പ്രണയം തുടങ്ങുന്നത് ഏഴാം ക്ലാസിലാണ്. ഇവൻ പ്രണയഭിക്ഷുകനായിരുന്നു. ആ പെൺകുട്ടിയുടെ പേര് വരെ എനിക്ക് ഓർമയുണ്ടെന്നുമാണ് രാകേഷ് പറഞ്ഞത്. കോളജ് പഠന കാലത്താണ് ദിവ്യ വിനീതിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം 2012ലാണ് ഇരുവരും വിവാഹിതരായത്. 2004 മാർച്ചിൽ ഫോൺ വഴിയാണ് വിനീത് ദിവ്യയെ പ്രപ്പോസ് ചെയ്തത്. അന്ന് എനിക്ക് 19 വയസായിരുന്നു. ഒരു പ്രണയം എളുപ്പമാകുന്ന കാലം. പക്ഷെ ഇന്ന് കഴിഞ്ഞുപോയ വര്‍ഷങ്ങളിലെ ചിലതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മൂല്യവത്തായി കാണുന്നത് എന്നാണ് മുമ്പൊരിക്കൽ പ്രണയകാലം ഓർത്തെടുത്ത് വിനീത് സോഷ്യൽമീഡിയയിൽ കുറിച്ചത്.
അച്ഛന്‍ ശ്രീനിവാസനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന്റെ അനുഭവവും മുമ്പ് വിനീത് വെളിപ്പെടുത്തിയിട്ടുണ്ട്. അച്ഛനെ ഫോണ്‍ വിളിച്ചാണ് പ്രണയത്തെ പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്സലിന് ശേഷമാണ് പറയാന്‍ തീരുമാനിച്ചത്. നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോണ്‍ വിളിച്ചത്. അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പേ വീട്ടില്‍ വന്ന പെണ്‍കുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിച്ചു.
അച്ഛനെങ്ങനെ മനസിലായിയെന്ന് ചോദിച്ചു. പ്രണയത്തില്‍ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു എന്നാണ് വിനീത് പറഞ്ഞത്. വിനീതും ദിവ്യയും ഇന്ന് രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളയാൾ കൂടിയാണ് വിനീത്.


Click it and Unblock the Notifications